ഹാജരില്ല, ഫീസടയ്ക്കാന്‍ കഴിഞ്ഞില്ല; വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു

Thursday 30 November 2017 2:45 am IST

അമ്പലപ്പുഴ: മതിയായ ഹാജരില്ലാത്തതിനെത്തുടര്‍ന്ന് പരീക്ഷയെഴുതാനാകാതെ എസ്എഫ്‌ഐ നേതാവ് ക്ലാസ് മുറിയില്‍ ആത്മഹത്യക്കു ശ്രമിച്ചു. അമ്പലപ്പുഴ ഗവ. കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ത്ഥിയും കോളേജ് യൂണിയന്‍ മുന്‍ചെയര്‍മാനുമായ കരുനാഗപ്പിള്ളി സ്വദേശി 20 വയസുകാരനാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.

സ്ഥിരമായി ക്ലാസില്‍ വരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ബിഎസ്സ്‌സി രണ്ടാം വര്‍ഷ വിഭാഗത്തിലെ നാലുപേരെയും മൂന്നാം വര്‍ഷ വിഭാഗത്തിലെ രണ്ടുപേരെയും ഉള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ പുറത്താക്കിയിരുന്നു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഡിസംബര്‍ ഒന്നിനും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ 14നും ആരംഭിക്കുമെന്നു കാട്ടി സര്‍വ്വകലാശാലയുടെ അറിയിപ്പ് കോളേജില്‍ ലഭിച്ചിരുന്നു. ഇതിന്റെ ഫീസ് അടയ്‌ക്കേണ്ട ദിവസവും കഴിഞ്ഞു.

എന്നാല്‍ ഫീസടയ്‌ക്കേണ്ട ദിവസം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷ എഴുതാന്‍ കഴിയാതെ ഒരു വര്‍ഷം നഷ്ടപ്പെടുമെന്നു കാട്ടി ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം കോളേജിലെത്തി ഹാജര്‍ ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കോളേജ് അധികൃതര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യക്കു ശ്രമിച്ചത്.

ബുധനാഴ്ച പകല്‍ 11.30ന് ക്ലാസിലെത്തിയ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ചു. സഹപാഠികള്‍ ഇതുകണ്ട് ബഹളം കൂട്ടുകയും ഇയാള്‍ ദേഹത്തേക്ക് തീപ്പെട്ടി കത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം സഹപാഠികള്‍ തടഞ്ഞു. പിന്നീട് അമ്പലപ്പുഴ പോലീസെത്തി ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാഷണല്‍ സര്‍വ്വീസ് സ്‌കീം കലാമത്സരങ്ങള്‍ സ്‌പോര്‍ട്‌സ് കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ കുറവുണ്ട്. ബിഎസ്‌സി മാത്‌സ് വിഭാഗത്തില്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെ ഹാജരില്ലെന്നു കാരണം ചൂണ്ടിക്കാട്ടി പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

സംഭവത്തെതുടര്‍ന്ന് കോളേജിലെത്തിയ അമ്പലപ്പുഴ എസ്‌ഐ എം. പ്രതീഷ്‌കുമാര്‍ കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.