കാത്തിരിപ്പിനൊടുവില്‍ ഇര്‍ഫാന് ഇന്ത്യന്‍ പൗരത്വം

Thursday 30 November 2017 2:45 am IST

ഇര്‍ഫാന്‍ മുഹമ്മദിന് പൗരത്വ സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ അമിത് മീണ കൈമാറുന്നു

മലപ്പുറം: അമേരിക്കയിലെ വെര്‍ജീനിയയില്‍ ജനിച്ച ഇര്‍ഫാന്‍ മുഹമ്മദ് ഇനി പൂര്‍ണമായും ഇന്ത്യന്‍ പൗരന്‍. പതിനേഴുകാരനായ ഇര്‍ഫാന് ഈ മണ്ണ് അന്യമായിരുന്നില്ല. പഠിച്ചതും വളര്‍ന്നതുമൊക്കെ ഇവിടെ. പക്ഷേ രേഖകളില്‍ മാത്രം അമേരിക്കന്‍ പൗരന്‍.

കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ഇര്‍ഫാന് പൗരത്വരേഖകള്‍ കൈമാറിയത്. മലപ്പുറം കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അമിത് മീണ ഇര്‍ഫാന് സര്‍ട്ടിഫിക്കറ്റ് നല്‍കി.
പട്ടാമ്പി വല്ലപ്പുഴ സ്വദേശി കൊടക്കാടന്‍ ഷാഹുല്‍ ഹമീദിന്റേയും കൊണ്ടോട്ടി സ്വദേശി എന്‍. ഷഹാനയുടേയും മകനാണ് ഇര്‍ഫാന്‍. അമേരിക്കയിലെ വെര്‍ജീനിയയിലായിരുന്നു ജനനം. ഷാഹുലും ഷഹാനയും അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ രംഗത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട് ഷഹാന നാട്ടിലേക്ക് മടങ്ങി. ഒപ്പം ഇര്‍ഫാനും അനുജന്‍ റോഷനും നാട്ടിലെത്തി. ഷഹാന ഇപ്പോള്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുന്നു.

രണ്ട് വര്‍ഷം മുമ്പ് നല്‍കിയ പൗരത്വത്തിനുവേണ്ടിയുള്ള അപേക്ഷ ആദ്യ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. മതിയായ രേഖകളോടെ വീണ്ടും അപേക്ഷ നല്‍കി. പിന്നെ അധികനാള്‍ കാത്തിരിക്കേണ്ടിവന്നില്ല, ഇന്ത്യന്‍ പൗരത്വം യാഥാര്‍ഥ്യമാകാന്‍. റോഷനും ഇന്ത്യന്‍ പൗരത്വം കിട്ടാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. ഇര്‍ഫാന് പൗരത്വം കിട്ടിയതോടെ ആത്മവിശ്വാസമായെന്ന് ഷഹാന പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.