മുലായം സിങിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

Thursday 30 November 2017 8:09 am IST

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍സേവകന്റെ ഭാര്യ രംഗത്ത്. 1990ലെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട രമേശ് കുമാര്‍ പാണ്ഡേയുടെ ഭാര്യ ഗായത്രി ദേവിയാണ് അയോധ്യയിലെ അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അന്ന് മുഖ്യമന്ത്രി ആയിരുന്ന താനാണെന്ന് മുലായം തന്നെ സമ്മതിച്ചതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദി അദ്ദേഹം തന്നെയാണെന്നും അര്‍ഹമായ ശിക്ഷ മുലായത്തിന് നല്‍കണമെന്നുമാണ് ഗായത്രി ദേവിയുടെ ആവശ്യം. കര്‍സേവകരെ വെടിവെക്കാന്‍ ഉത്തരവിട്ടത് താനാണെന്ന് മുലായം നിരവധി തവണ പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ജന്മദിനമായ നവംബര്‍ 22ന് മുലായം സിങ് നടത്തിയ പ്രസ്താവനയാണ് തന്നെ ഏറെ ചൊടിപ്പിച്ചതെന്നും ഗായത്രിദേവി പറയുന്നു. കൊലക്കുറ്റത്തിനും ഗൂഢാലോചനയ്ക്കും മുലായം സിങിനെതിരെ കേസെടുക്കണമെന്നാണ് ഗായത്രിദേവിയുടെ ആവശ്യം.

അയോധ്യവെടിവെയ്പ്പില്‍ 28 കര്‍സേവകരാണ് കൊല്ലപ്പെട്ടതെന്ന് മുലായം സിങ് വെളിപ്പെടുത്തിയിരുന്നു. അതുവരെ 16 കര്‍സേവര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഔദ്യോഗിക കണക്കുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.