ന്യൂനമര്‍ദം ശക്തിപ്പെടുന്നു; തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ

Thursday 30 November 2017 10:33 am IST

 

തിരുവനന്തപുരം:ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്. ഇതിന്റെ ഫലമായി തെക്കന്‍ കേരളത്തിന്റെ പലഭാഗത്തും കനത്ത മഴ തുടങ്ങി.

ശക്തമായതും ഇടിയോടുകൂടിയ മഴയും നാളെ വരെ സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പലയിടത്തും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പലയിടത്തും ഇടിയോടുകൂടിയ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്.
മഴെയതുടര്‍ന്ന് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

കാറ്റിലും മഴയത്തും പലയിടത്തും മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടു. നെയ്യാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ 4 ഷട്ടറുകള്‍ 6 അടി ഉയര്‍ത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.  ഡാമിന് സമീപം താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.