പ്രചാരണത്തിലും പ്രധാനമന്ത്രി വ്യത്യസ്തൻ

Thursday 30 November 2017 11:59 am IST

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പാർട്ടിക്ക് സംസ്ഥാനത്ത് തിളക്കമാർന്ന വിജയം നേടിയെടുക്കാൻ ഏറെ സഹായകമാകുമെന്നതിൽ യാതൊരു സംശയവുമില്ല. സംസ്ഥാനത്ത് അദ്ദേഹം മൊത്തം 35 പ്രചാരണ റാലികളിലാണ് പങ്കെടുക്കുന്നത്. ഏറെ തിരക്കിട്ട കേന്ദ്ര പരിപാടികൾക്കിടയിലും അദ്ദേഹം ഗുജറാത്തിൽ ബിജെപിയുടെ വിജയത്തിനായി അക്ഷീണം പ്രയത്നിക്കുകയാണ്. ബിജെപിക്കെതിരെ പേരിനെന്ന പോലെ വെല്ലുവിളി ഉയർത്തുന്ന കോൺഗ്രസിനെതിരെ അദ്ദേഹം ഉയർത്തുന്ന ആരോപണങ്ങൾ തന്നെയാണ് റാലികളിൽ അദ്ദേഹത്തിന്റെ മുഖ്യ ആയുധം.

ഗുജറാത്തിലെ രാജ്കോട്ട്, സൂററ്റ്, മോർബി, സോംനാഥ്, ഭുജ്, ഭാവ്‌നഗർ എന്നിവിടങ്ങളിൽ അദ്ദേഹം ഇതിനോടകം പ്രചാരണ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. ഡിസംബർ 12ന് അദ്ദേഹത്തിന്റെ ബാക്കിയുള്ള തെരഞ്ഞെടുപ്പ് റാലികൾ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഗുജറാത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് മുഖം. ഗുജറാത്തിലെ ഏറ്റവും ജനസമ്മതനായ നേതാവാണ് നരേന്ദ്ര മോദി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംവദിക്കുന്ന അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികൾ വിജയത്തിന്റെ ആക്കം കൂട്ടുമെന്നതിനുറപ്പ്.

പ്രചാരണ പരിപാടികളിൽ ജാതി രാഷ്ട്രീയത്തിന്റെ അളവുകൾ പറയാതെ ഗുജറാത്തിന്റെ ആകമാനമുള്ള വികസന പദ്ധതികളെ കുറിച്ചാണ് അദ്ദേഹം കൂടുതൽ ഊന്നിപ്പറയുന്നത്. ജാതി രാഷ്ട്രീയത്തിന് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ യാതൊരു സ്ഥാനവും ഉണ്ടാകില്ല എന്ന് തന്നെയാണ് അദ്ദേഹത്തിനോടൊപ്പമുള്ള മറ്റ് രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായവും.

അതേ സമയം 22 വർഷം ഗുജറാത്ത് ഭരിച്ച ബിജെപി സർക്കാർ ജനവിരുദ്ധ നയങ്ങൾ സ്വീകരിച്ചു എന്ന പൊള്ളത്തരങ്ങളാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന ആരോപണം. ശരിയായ നേതാക്കൾ പോലുമില്ലാത്ത കോൺഗ്രസ് ജാതി രാഷ്ട്രീയത്തിലൂന്നിയാണ് തെരഞ്ഞെടുപ്പിൽ ഇറങ്ങുന്നതെന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കും. പാട്ടീദാർ, മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട സമുദായങ്ങൾ തുടങ്ങിയവർക്ക് വാഗ്ദാനങ്ങൾ നൽകി ബിജെപിയെ പരാജയപ്പെടുത്താമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.

2012ലെ തെരഞ്ഞെടുപ്പിൽ ഗുജറാത്തിനെ നയിച്ചത് നരേന്ദ്ര മോദിയായിരുന്നു. 182 സീറ്റുകളിൽ 115 സീറ്റുകളും നേടി 47.85 വോട്ട് ഷെയറാണ് ബിജെപി സ്വന്തമാക്കിയത്. 2002 മുതൽ ഗുജറാത്തിലെ തെരഞ്ഞെടുപ്പിലെ മുഖ്യമാകർഷണമാണ് മോദി. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും മോദി മാജിക് കൂടുതൽ ഫലപ്രദമാകുമെന്നതിൽ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.