പോലീസുകാര്‍ കൈകോര്‍ത്തു; വിളപ്പില്‍ സ്‌റ്റേഷന്‍ മുഖം മിനുക്കി

Friday 1 December 2017 2:18 am IST

വിളപ്പില്‍: പോലീസുകാര്‍ കൈകോര്‍ത്തപ്പോള്‍ വിളപ്പില്‍ശാല പൊലീസ് സ്‌റ്റേഷന് പുത്തന്‍ മുഖം. സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടത്തിന്റെ മുഖംമിനുക്കിയെടുക്കാന്‍ പൊലീസുകരുടെ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിക്കേണ്ടിവന്നു. ജീവനക്കാരുടെ ആത്മാര്‍ത്ഥതമനസിലാക്കി കെട്ടിട ഉടമയും ഒപ്പം കൂടി.
ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര മാറ്റി ഷീറ്റു മേഞ്ഞു. വിണ്ടുകീറിയ ചുമരുകള്‍ അറ്റകുറ്റപ്പണി നടത്തി വര്‍ണ്ണചായം പൂശി. പൊട്ടിപൊളിഞ്ഞ തറയില്‍ തിളക്കമേറിയ ടൈലുകള്‍ പാകി. വൈദ്യുതീകരണ സംവിധാനവും പുതുക്കി. അറുപതുവര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ദയനീയാവസ്ഥ ഒട്ടേറെ തവണ ‘ജന്മഭൂമി’ വാര്‍ത്തയാക്കിയിരുന്നു.
സുരക്ഷയെക്കുറിച്ച് ആശങ്കകളുയര്‍ന്നപ്പോള്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശമുണ്ടായി. അധികൃതര്‍ കെട്ടിടം അന്വേഷിച്ചെങ്കിലും സൗകര്യപ്രദമായവ ലഭിച്ചില്ല. ഇതിനിടെ നിലവിലെ സ്ഥലം ഒഴിയണമന്ന് ഉടമയും ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങി പുതിയ പൊലീസ് സ്‌റ്റേഷന്‍ പണി തടസ്സപെട്ടതും തിരിച്ചടിയായി.
ഈ സാഹര്യത്തിലാണ് രണ്ട് മാസം മുമ്പ് ജീവനക്കാര്‍ കെട്ടിട ഉടമയുടെ സഹായം തേടിയത്. ജീവനക്കാരുടെ നിസ്സാഹയത മനസിലാക്കിയ ഉടമ ഒഴിപ്പിക്കല്‍ തല്‍ക്കാലം വേണ്ടന്നുവച്ചു. പുതുക്കി പണിയാന്‍ സഹായിക്കാമെന്നേറ്റു. രണ്ടുലക്ഷത്തോളം ചെലവഴിച്ച് മേല്‍ക്കൂര മാറ്റുന്ന പണി ഉടമ ചെയ്തു. അവശേഷിക്കുന്നവ പൂര്‍ത്തിയാക്കാന്‍ പൊലീസുകാര്‍ തന്നെ മാസശമ്പളത്തില്‍ നിന്ന് പണം കണ്ടെത്തി. നാട്ടുകാരില്‍ ചിലരുടെ സഹായവുമുണ്ടായതായി എസ്‌ഐ കണ്ണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.