കണ്ണവത്ത് ബോംബ് പൊട്ടിയത് സിപിഎം പ്രവര്‍ത്തകരുടെ കയ്യില്‍ നിന്ന് ചിറ്റാരിപ്പറമ്പില്‍ സിപിഎം സംഘര്‍ഷത്തിന് ശ്രമം

Thursday 30 November 2017 9:43 pm IST

കണ്ണവം: കണ്ണവത്ത് ബോംബ് പൊട്ടി രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു എന്ന വാര്‍ത്ത വ്യാജം. ബോംബ് പൊട്ടിയത് സിപിഎം പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും. ടൗണില്‍ സ്ഥാപിച്ച സിസി ടിവിയില്‍ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസ് സംഘം സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കെസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ബോംബേറ് ആരോപിച്ച് കഴിഞ്ഞ ദിവസം സിപിഎം കണ്ണവത്ത് കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയിട്ടും പോലീസ് കേസെടുക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം കണ്ണവം ടൗണില്‍ സിപിഎം സംഘം കൊടിതോരണങ്ങള്‍ കെട്ടിയിരുന്നു. എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് ഇവിടങ്ങളില്‍ സിപിഎം കൊടിതോരണങ്ങള്‍ കെട്ടുന്നത്. തങ്ങളുടെ കൊടി വ്യാപകമായിസ്ഥാപിക്കുകയും മറ്റുള്ളവരുടെ കൊടി നശിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം ഈ മേഖലകളില്‍ നടപ്പാക്കുന്നത്. പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പൊതുസ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍ പാടില്ലെന്ന് തീരുമാനമെടുക്കുകയും ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തങ്ങളുടെ കൊടിതോരണങ്ങള്‍ വ്യാപകമായി സ്ഥാപിക്കുകയും എതിരാളികളുടേത് നശിപ്പിക്കുകയുമാണ് സിപിഎം ചെയ്യുന്നത്.
കണ്ണവം, ചിറ്റാരിപ്പറമ്പ്, വട്ടോളി, ചുണ്ടയില്‍, എടയാര്‍, വെളുമ്പത്ത്, പൂഴിയോട്, കൈച്ചേരി, പൂവ്വത്തിന്‍ കീഴില്‍ തുടങ്ങി ഇരുപതിലേറെ സ്ഥലങ്ങളില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ചുള്ള ബോര്‍ഡുകളും കൊടിതോരണങ്ങളും പോസ്റ്ററുകളും സിപിഎം സംഘം നശിപ്പിച്ചിട്ടുണ്ട്. വട്ടോളിയിലെ വിവേകാനന്ദ സേവാകേന്ദ്രവും തകര്‍ത്തിരുന്നു. അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടാണ് കണ്ണവം പോലീസ് സ്വീകരിക്കുന്നത്. ഇലക്ട്രിക് പോസ്റ്റുകളില്‍ എഴുതാന്‍പാടില്ലെന്ന് തീരുമാനിക്കുകയും മിക്ക പോസ്റ്റുകളിലും എഴുതുകയും ചെയ്യുകയാണ് സിപിഎം ചെയ്യുന്നത്. കണ്ണവത്ത് റോഡിന് തടസ്സമുണ്ടാകുന്ന രീതിയില്‍ തോരണങ്ങള്‍ കെട്ടിയത് ചിലര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കെഎപി പോലീസിനെ അടക്കം കാവല്‍ നിര്‍ത്തിയാണ് കഴിഞ്ഞ ദിവസം ഇവര്‍ കൊടിതോരണങ്ങള്‍ കെട്ടിയത്. ഇതുകഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ തൊടീക്കളത്തെ ഒരു കുറ്റവാളിയായ സിപിഎം പ്രവര്‍ത്തകനാണ് ബോംബ് റോഡില്‍ എറിഞ്ഞ് പൊട്ടിച്ചത്. ഈ ദൃശ്യം ടൗണിലെ ക്യാമറയില്‍ പതഞ്ഞിട്ടുണ്ട്. മാത്രമല്ല, പോലീസ് നോക്കിനില്‍ക്കെയാണ് സംഭവം നടന്നതും.
സംഭവത്തിന് ശേഷം സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകന്റെ വണ്ടിയുടെ നമ്പര്‍ കൊടുത്തിരുന്നുവെങ്കിലും ഇവര്‍ പറഞ്ഞ കാറിന്റെ നിറം മാറ്റമായിരുന്നു. ഈ നിറത്തില്‍ സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കാറായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ആഴ്ചകളായി ഈ മേഖലയില്‍ സിപിഎം നടത്തുന്ന അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ ഈ മേഖലയില്‍ സംഘര്‍ഷത്തിന് സാധ്യതയേറെയാണ്. പോലീസാകട്ടെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രതിരോധിക്കേണ്ടിവരുമെന്ന് ബിജെപി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.