അവിടെ വില കുറഞ്ഞു ഇവിടെ കയ്ക്കുന്ന വില

Friday 1 December 2017 2:50 am IST

തേനി മാര്‍ക്കറ്റിലെ ഒരു ചില്ലറ വില്‍പ്പന കേന്ദ്രം

തൊടുപുഴ/ പീരുമേട്: തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന പച്ചക്കറികള്‍ക്ക് കേരളത്തില്‍ തോന്നിയ വില. പലതിനും ഈടാക്കുന്നത് ഇരട്ടിയിലധികം. ദിവസവും വിലമാറുന്ന അവസ്ഥ. വില കുറഞ്ഞാലും അതിന്റെ ഗുണം ഉപഭോക്താവിന് നല്‍കാതെയാണ് വില്പന.

തമിഴ്‌നാട്ടിലെ ഒട്ടന്‍ഛത്രം, തേനി എന്നിവിടങ്ങളി നിന്നാണ് പച്ചക്കറിയെത്തുന്നത്. എല്ലാത്തിനും ഒന്ന്, രണ്ട് എന്നിങ്ങനെ ഗുണനിലവാരത്തിരിവുണ്ട്. വിലയിലും രുചിയിലും വലിപ്പത്തിലും വ്യത്യാസവുമുണ്ട്. ഗുണനിലവാരമുള്ള ചെറിയ ഉള്ളി, സവാള, ഇഞ്ചി, വെളുത്തുള്ളി, കാരറ്റ്, കാബേജ്, ഇഞ്ചി, മുരിങ്ങയ്ക്ക എന്നിവയൊന്നും കേരളത്തില്‍ കിട്ടാനില്ല. നല്ലയിനം ചെറിയ ഉള്ളി തേനി മാര്‍ക്കറ്റില്‍ 124നും ഒട്ടന്‍ഛത്രത്ത് 100നും വില്‍ക്കുമ്പോള്‍ തൊടുപുഴയില്‍ ലഭിക്കുന്ന രണ്ടാം ഗ്രേഡ് ഉള്ളിയ്ക്ക് 160-180 ഇടയിലാണ് വില. വലുപ്പം കുറഞ്ഞ സവാള, ഉള്ളിയെന്ന വ്യാജേന ഇടകലര്‍ത്തിയുള്ള വില്‍പ്പനയുമുണ്ട്.

വെള്ളരിയ്ക്ക ഒരു രൂപ, മത്തങ്ങ രണ്ട്, ചുരയ്ക്ക മൂന്ന്, വെണ്ടയ്ക്ക ആറ്, വഴുതന എട്ട,് കോവയ്ക്ക 11, പടവലങ്ങ 12, ഉരുളകിഴങ്ങ് 12, ബീന്‍സ് 14, ബീറ്റ്‌റൂട്ട് 30 എന്നിങ്ങനെയാണ് തേനിയിലെ ഒരു കിലോ മൊത്തവില. ചില്ലറയായി വില്‍ക്കുന്നിടത്ത് 4-20 രൂപ വരെ കൂടും. താരതമ്യേന ഇതിലും വില കുറവാണ് ഒട്ടന്‍ഛത്രത്ത്.

ബീറ്റ്‌റൂട്ട് 12, തക്കാളി 5-25, വെണ്ടയ്ക്ക 8, ബീന്‍സ് 10-28, ഇഞ്ചി 25, ക്യാബേജ് 25-30 എന്നിങ്ങനെ. മഴ കുറഞ്ഞതിനാല്‍ കൃഷി നശിച്ചതാണ് ബീറ്റ്‌റൂട്ട്, കാരറ്റ്, കാബേജ്, ചെറിയ ഉള്ളി എന്നിവയുടെ വില കൂടിയതിന് കാരണം. കഴിഞ്ഞ വര്‍ഷം വിലയില്‍ വന്‍ കുറവ് വന്നത് മൂലം കര്‍ഷകര്‍ മറ്റ് കൃഷിയിലേയ്ക്ക് തിരിഞ്ഞതും തിരിച്ചടിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.