ചിരിപ്പിക്കാന്‍ ഇനി ആമിനത്താത്ത ഇല്ല

Friday 1 December 2017 2:50 am IST

കൊച്ചി: മലയാളികള്‍ക്ക് എന്നും ചിരിക്കാന്‍ അബിയുടെ ആമിനത്താത്ത എന്ന കഥാപാത്രം മാത്രം മതി. അബിയെ ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നതും ആമിനത്താത്ത തന്നെ. തന്റെ വല്യുമ്മയെത്തന്നെയാണ് അബി ആമിനത്താത്തയായി അവതരിപ്പിച്ചത്. അവരുടെ ചെറുചലനങ്ങള്‍ പോലും മന:പാഠമായിരുന്നതു കൊണ്ടാകാം ആമിനത്താത്ത എല്ലാവരുടേയും മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത്. ചിരിയുടെ ലോകത്ത് നിന്ന് അബി വിടപറഞ്ഞെങ്കിലും ആമിനത്താത്തയും രസികന്‍ തമാശകളും എന്നും ഇവിടെ നിറഞ്ഞുനില്‍ക്കും.

കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന സിനിമയിലൂടെയാണ് അബി താത്തയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. അത് ക്ലിക്കായതോടെ, മിമിക്രി വേദികളിലും ആമിനത്താത്ത നിറഞ്ഞു നിന്നു. അടുപ്പക്കാരായവര്‍ ആമിനത്താത്തയെന്നുപോലും അബിയെ വിളിക്കാറുണ്ട്.
കൊച്ചിന്‍ കലാഭവനിലൂടെയാണ് അബി മിമിക്രി രംഗത്ത് എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, ശങ്കരാടി തുടങ്ങിയവരായിരുന്നു അബിയുടെ അനുകരണത്തില്‍ എപ്പോഴും നിറഞ്ഞത്. ഒപ്പം രാഷ്ട്രീയ നേതാക്കളും. സ്റ്റേജ് മിമിക്രിയിലെ സൂപ്പര്‍സ്റ്റാര്‍ തന്നെയായിരുന്നു അബി. അമിതാഭ് ബച്ചനെ മികവോടെ അവതരിപ്പിച്ച മറ്റൊരു മിമിക്രി താരമില്ലെന്ന് പറയാം.

കൊച്ചിന്‍ ഓസ്‌കാര്‍ എന്ന ഗ്രൂപ്പിലും സ്വന്തം ട്രൂപ്പായ കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ട്രൂപ്പിലും അനുകരണ കലയുടെ വ്യത്യസ്ത ഭാവങ്ങള്‍ പകര്‍ന്നു. ദിലീപ്, കലാഭവന്‍ മണി, നാദിര്‍ഷ, ഹരിശ്രീ അശോകന്‍, ഷിയാസ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു മിമിക്രിയിലെ പ്രവര്‍ത്തനം. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ മൂന്നൂറോളം മിമിക്രി ഓഡിയോ കാസറ്റുകളിലും അബി താരമായി.

നിരവധി ടിവി ചാനലുകളിലും അബി ഷോ അവതരിപ്പിച്ചിട്ടുണ്ട്. 1992ല്‍ മമ്മൂട്ടി അഭിനയിച്ച നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ ജഗദീഷിനൊപ്പം മുഴുനീള കോമഡി വേഷത്തിലായിരുന്നു അബിയുടെ സിനിമാ പ്രവേശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.