കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

Friday 1 December 2017 2:30 am IST

കൊച്ചി: ഇരുപത്തിയൊന്നാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഇന്ന് തുടക്കമാകും. വൈകിട്ട് 4.30 ന് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ ഉദ്ഘാടനം ചെയ്യും. രഘുവീര്‍ ചൗധരി മുഖ്യാതിഥിയാകും. ഡോ.കെ.കെ.രാഘവന്‍ അദ്ധ്യക്ഷനാകും. ഇ.എന്‍.നന്ദകുമാര്‍ ആമുഖ പ്രഭാഷണം നടത്തും.

എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍, പ്രൊഫ. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, മുകേഷ്, എ.എം. ആരിഫ്, സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ ഒന്നിന് വൈകിട്ട് 4ന് പ്രധാന വേദിയില്‍ സൗമ്യ സതീഷും സംഘവും അവതരിപ്പിക്കുന്ന സ്വാഗത നടനത്തോടെയാണ് പരിപാടികള്‍ തുടങ്ങുക.

300ല്‍ പരം പ്രസാധകര്‍, 200ലധികം എഴുത്തുകാര്‍, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, വിദ്യാഭാസ വിചക്ഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 10 ലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളയിലുണ്ടാകും. പെന്‍ഗിന്‍ ബുക്ക്സ്, മാക്മില്ലന്‍, ജയ്കോ, വെസ്റ്റ് ലാന്റ്, പുസ്തക് മഹല്‍, എന്‍ബിടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍, ചൗക്കമ്പ ഗീത പ്രസ്, ഗ്രോളിയര്‍, കേന്ദ്ര സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ പവലിയനുകള്‍, മാധ്യമ സ്റ്റാളുകള്‍ തുടങ്ങിയവയുടെ സാന്നിധ്യമുണ്ടാകും.

ഡിസംബര്‍ 6 മുതല്‍ 10 വരെ കൊച്ചി സാഹിത്യോത്സവം (കൊച്ചി ലിറ്റ് ഫെസ്റ്) നടക്കും. ഒരേ സമയം 4 വേദികളിലാണ് പരിപാടികള്‍. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ രണ്ടു വേദികളുണ്ടാകും. ബിടിഎച്ച്, സെന്റ് തെരേസാസ് കോളേജ് എന്നിവയാണ് മറ്റു വേദികള്‍. 10 ദിവസമായി നടക്കുന്ന പരിപാടികളില്‍ ഭാരതത്തിലെ വിവിധ ഭാഷാസാഹിത്യകാരന്മാര്‍, പ്രശസ്ത കലാകാരന്‍മാര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍ വിവിധ പരിപാടികളിലായി പങ്കെടുക്കും.

കേന്ദ്രമന്ത്രിമാരായ സത്യപാല്‍ സിങ്, മുക്താര്‍ അബ്ബാസ് നഖ്വി, എംപിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, ജ്ഞാനപീഠ ജേതാക്കളായ രഘുവീര്‍ ചൗധരി, ഡോ. സത്യവ്രത ശാസ്ത്രി, ലളിതാ കുമാരി (വോള്‍ഗ), കലരംഗത്തെ പ്രമുഖരായ ഭാരതി ശിവജി, ഡോ. ജയശ്രീ രാജഗോപാലന്‍, കലാമണ്ഡലം ഗോപി, അടൂര്‍ ഗോപാലകൃഷ്ണന്‍, എം.കെ. സാനു, സ്മിതാരാജന്‍, ശ്യാമള സുരേന്ദ്രന്‍, എസ്. രമേശന്‍ നായര്‍, കെ.എല്‍. മോഹനവര്‍മ്മ, ഒ.വി. ഉഷ, ഡോ. സച്ചിദാനന്ദ ജോഷി, ഡോ. ബല്‍ദേവ് ഭായ് ശര്‍മ്മ, ഡോ. രജനീഷ് കുമാര്‍ ശുക്ല, ഡോ. കൊച്ചു കോശി, ആനന്ദ് നീലകണ്ഠന്‍, പ്രഭാവര്‍മ്മ, പ്രൊഫ. എം. ലീലാവതി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. കെ.ജി. പൗലോസ്, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, സുനില്‍. പി. ഇളയിടം, ഫാ. പോള്‍ തേലക്കാട്ടില്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

ധരണി സ്‌കൂള്‍ ഓഫ് ആര്‍ട്സ്, കല്യാണ കൃഷ്ണ ഫൗണ്ടേഷന്‍, ഭരത കലാമന്ദിരം തുടങ്ങിയവയുടെ കലാ പരിപാടികളം അരങ്ങേറും. ഡിസംബര്‍ 10ന് പുസ്‌കോത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.