ബോട്ട് സര്‍വീസ് നിര്‍ത്തി കടല്‍ ഉള്‍വലിഞ്ഞു; 200 ബോട്ടുകള്‍ കുടുങ്ങി

Thursday 30 November 2017 1:02 am IST

മട്ടാഞ്ചേരി/പള്ളുരുത്തി: ചുഴലിക്കാറ്റ് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ ഫോര്‍ട്ടുകൊച്ചിയില്‍ കടല്‍ ഉള്‍വലിഞ്ഞു. അരകിലോമീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത് തീരദേശവാസികളെ ഭീതിയിലാക്കി. സുനാമിയുടേതിന് സമാനമായ പ്രതിഭാസമായതാണ് ആളുകളെ ആശങ്കയിലാക്കിയത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട് സര്‍വീസ് നിര്‍ത്തി.

ഇതിനിടെ കൊച്ചിയില്‍ നിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ഇരുന്നൂറോളം ബോട്ടുകള്‍ കടലില്‍ കുടുങ്ങി. കൊച്ചി ഹാര്‍ബറില്‍ നിന്ന് കടലില്‍ പോയ ഗില്‍നെറ്റ് വിഭാഗത്തില്‍ പെട്ട ബോട്ടുകളെ കുറിച്ചാണ് തീരദേശത്ത് ആശങ്ക വര്‍ധിച്ചിരിക്കുന്നത്. ആഴക്കടലില്‍ മത്സ്യ ബന്ധനം നടത്തുന്ന ഗില്‍നെറ്റ് ബോട്ടുകള്‍ 20 ദിവസം വരെ കടലില്‍ കഴിയാറുണ്ട്. ഈ സമയം ഹാര്‍ബറുമായോ വീട്ടുകാരുമായോ ഇവര്‍ ബന്ധപ്പെടാറില്ല.അതു കൊണ്ട് കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചിരിക്കുവാനും സാധ്യതയില്ല. ബോട്ടുകള്‍ തീരത്തെത്താതിരുന്നത് മൂലം തൊഴിലാളികളുടെ ബന്ധുക്കള്‍ ആശങ്കയിലാണ്. തൊഴിലാളികള്‍ ഏറെയും തമിഴ്‌നാട്ടുകാരായതിനാല്‍ ഇവരുടെ ബന്ധുക്കള്‍ കൊച്ചിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

200 ബോട്ടുകളിലായി രണ്ടായിരത്തോളം തൊഴിലാളികളാണുള്ളത്. ഇവര്‍ മത്സ്യബന്ധനം നടത്തുന്നത് തെക്ക് ഭാഗത്താണ്. ചുഴലിക്കാറ്റിന്റെ കെടുതികള്‍ കൂടുതല്‍ ഉണ്ടായതും തെക്ക് ഭാഗത്തായതിനാല്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അതേ സമയം കാലാവസ്ഥയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തീരക്കടലില്‍ മത്സ്യ ബന്ധനം നടത്തിയിരുന്ന 300- ബോട്ടുകള്‍ ഹാര്‍ബറില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ചുഴലിക്കാറ്റിനെക്കുറിച്ച് ഫിഷറീസ് വകുപ്പിന് അറിവുണ്ടായിട്ടും തൊഴിലാളികള്‍ക്ക് ഇതു സംബന്ധിച്ച് ഒരു മുന്നറിയിപ്പും നല്‍കിയില്ലെന്ന് ഹാര്‍ബര്‍ തൊഴിലാളികള്‍ പറഞ്ഞു.

കാലാവസ്ഥ അപകടകരമായ വിധത്തില്‍ മോശമായിട്ടും ഫിഷറീസ് വകുപ്പ് യാതൊരു അന്വേഷണവും നടത്തുന്നില്ലെന്ന് ബോട്ട് ഓണേഴ്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരക്കലും ലോങ്ങ് ലൈന്‍ ഗില്‍നെറ്റ് ആന്റ് ബയേഴ്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി എം.എ മജീദും പറഞ്ഞു.

കടലില്‍ പെട്ടുപോയ ബോട്ടുകളിലെ കുടുംബാംഗങ്ങള്‍ ആശങ്കയിലാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരായി ഇടപെടണമെന്നും ബോട്ട് ബയേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് എം.എം നൗഷാദ്, സെക്രട്ടറി എം മജിദ് എന്നിവര്‍ പറഞ്ഞു

ഫോര്‍ട്ടു കൊച്ചി കടപ്പുറത്തേക്കുള്ള പ്രവേശനവും പോലീസ് ഇന്നലെ നിഷേധിച്ചു. ഇന്നലെ ഉച്ചയോടെ പോലീസും സുരക്ഷാ വിഭാഗങ്ങളും ചേര്‍ന്ന് കടപ്പുറത്ത് എത്തിയവരെ നീക്കം ചെയ്തു.

തുടര്‍ന്ന് കടപ്പുറത്തും പരിസരത്തും ജാഗ്രതാസന്ദേശം നല്‍കി. വെള്ളിയാഴ്ചയും കടപ്പുറത്ത് പ്രവേശനം അനുവദിക്കില്ലെന്ന് ഫോര്‍ട്ടുകൊച്ചി എസ്‌ഐ രാജ്കുമാര്‍ പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയില്‍ മരങ്ങള്‍ ഏറെയുള്ളതിനാല്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്‌നി ശമനസേന, റവന്യുവിഭാഗം, കോസ്റ്റല്‍ പോലീസ,് ഫിഷറീസ് തുടങ്ങിയവരെ ചുമതലപ്പെടുത്തി.
ഇന്നലെ ഉച്ചയോടെ നാവിക സേന ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി. കടല്‍തീരത്ത്‌നിന്ന് വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും നീക്കം ചെയ്തു. കണ്ണമാലി, ചെല്ലാനം, ഫോര്‍ട്ടുകൊച്ചി, ഞാറയ്ക്കല്‍ തീരദേശമേഖലകളില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചി തുറമുഖത്ത് പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.