പുണ്യം തേടി പതിനായിരങ്ങള്‍; ഗുരുവായൂര്‍ ഏകാദശി ഭക്തിസാന്ദ്രമായി

Friday 1 December 2017 2:30 am IST

ഗുരുവായൂര്‍: വ്രതം നോറ്റ് വിശുദ്ധമാനസരായ പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ഉണ്ണിക്കണ്ണനെ ഒരു നോക്കു കണ്ട് സായുജ്യമടയാന്‍ ഗുരുവായൂരിലെത്തി. ഏകാദശി ദിനമായ ഇന്നലെ രാവിലെ മുതല്‍ തന്നെ ഇടതടവില്ലാത്ത ഭക്തജനപ്രവാഹം കൊണ്ട് ക്ഷേത്ര സന്നിധി നിറഞ്ഞു തുളുമ്പി.

രാവിലെ ദേവസ്വം വക ഉദയാസ്തമന പൂജയോടെ ഏകാദശി ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ 7 ന് പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള മേളത്തോടെ കാഴ്ചശീവേലി ആരംഭിച്ചു. കാഴ്ചശീവേലിക്ക് വലിയ കേശവന്‍ ഭഗവാന്റെ സ്വര്‍ണ കോലം ഏറ്റി. തുടര്‍ന്ന് തിടമ്പ് അകത്തേക്ക് എഴുന്നള്ളിച്ച് പൂജാ ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ 10 ന് തിടമ്പില്ലാതെ കോലം മാത്രമായി പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് മൂന്നാനകളുമായി എഴുന്നള്ളിപ്പ് നടന്നു. അവിടെ നിറപറ വെച്ച് സ്വീകരിച്ച് പ്രസാദ വിതരണം നടത്തി തിരിച്ചെഴുന്നെള്ളത്ത് നടത്തി.

ഇന്ന് പുലര്‍ച്ചെ കൂത്തമ്പലത്തിന് മുന്നിലെ പ്രത്യേക മണ്ഡപത്തില്‍ അഗ്‌നിഹോത്രികള്‍ക്ക് ദ്വാദശി പണം സമര്‍പ്പിച്ച് പാരണ വീടി ഭക്തര്‍ വ്രതം അവസാനിപ്പിക്കും. ഇന്ന് രാവിലെ 9 ന് നടയടച്ചാല്‍ വൈകീട്ട് 4.30ന് തുറക്കും.

ഏകാദശി പ്രസാദ ഊട്ടിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. 36,000 പേര്‍ക്കാണ് പ്രസാദ ഊട്ട് ഒരുക്കിയിരുന്നത്.

കഴിഞ്ഞ 15 ദിനരാത്രങ്ങളായി ഗുരുപവനപുരിയെ സംഗീതസാന്ദ്രമാക്കിയ ചെമ്പൈ സംഗീതോത്സവം മംഗളം പാടി അവസാനിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഏറ്റവും പ്രിയപ്പെട്ട ‘കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ’ എന്ന കീര്‍ത്തനം നിരവധി കണ്ഠങ്ങള്‍ ഏറ്റുചൊല്ലി. സംഗീതോത്സവത്തില്‍ ചെമ്പൈ ശിഷ്യന്മാരും മറ്റു പ്രശസ്തരും അല്ലാത്തവരും നവാഗതരുമായ മൂവായിരത്തോളം പേര്‍ സംഗീതാര്‍ച്ചന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.