ഇഎംഎസിന്റെ പുസ്തകം പിന്‍വലിക്കണം: വീരപഴശ്ശി സ്മാരക സമിതി

Friday 1 December 2017 2:30 am IST

പഴശ്ശിരാജ വീരാഹുതി ദിനത്തില്‍ വീരപഴശ്ശി സ്മാരക സമിതിയുടെ നേതൃത്വത്തില്‍ പഴശ്ശികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. പ്രസിഡണ്ട് പള്ളിയറ രാമന്‍, സജി ശങ്കര്‍, പി .സി . മോഹനന്‍, സന്തോഷ് ജി, സി .കെ . ബാലകൃഷ്ണന്‍, അഡ്വ. അശോകന്‍, എന്‍. കെ. രാജു സമീപം.

മാനന്തവാടി: പഴശ്ശി രാജാവിന്റെ നേതൃത്വത്തില്‍ നടന്ന സമരചരിത്രത്തെ അവഹേളിക്കുന്ന അബദ്ധജടിലമായ ചരിത്രം രേഖപ്പെടുത്തിയ ‘കേരളം; മലയാളികളുടെ മാതൃഭൂമി’ എന്ന ഇ.എം.എസിന്റെ പുസ്തകം പിന്‍വലിക്കണമെന്ന് വീരപഴശ്ശി സ്മാരക സമിതി.

പുസ്തകം പിന്‍വലിക്കാന്‍ പ്രസാധകരോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണമെന്നും 212ാമത് പഴശ്ശിരാജ വീരാഹുതി ദിനത്തില്‍ മാനന്തവാടി പഴശ്ശികുടീരത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.

പുസ്തകത്തില്‍ പഴശ്ശിരാജാവിനെ ഇ.എം.എസ് വ്യക്തിപരമായി അധിക്ഷേപിക്കുന്നു. രാജപത്‌നി രാജാവിനെ ഇംഗ്ലീഷുകാര്‍ക്ക് പിടിച്ചുകൊടുത്തു എന്നാണ് ഇഎംഎസ് പറയുന്നത്. വികലവും വികൃതവുമായ രീതിയിലാണ് പുസ്തകത്തില്‍ പഴശ്ശിയെ അവതരിപ്പിക്കുന്നത്. നമ്പൂതിരിപ്പാടിന്റെ വാക്കുകളെ വേദവാക്യമായി കണ്ട ഇടതുചരിത്രകാരന്മാരും ഈ ചതി ആവര്‍ത്തിച്ചു.

പഴശ്ശിയുദ്ധത്തിന്റെ ചരിത്രപശ്ചാത്തലത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് അവര്‍ നടത്തിയത്. 1948ല്‍ പ്രസിദ്ധീകരിച്ച പ്രസ്തുത ഗ്രന്ഥം പുനഃപ്രസിദ്ധീകരിച്ച ഉപദേശക സമിതിയില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രസാധക സമിതിയില്‍ വി എസ് അച്ചുതാനന്ദനുമുണ്ട്. രാജാവിനെ വ്യക്തിഹത്യ നടത്താന്‍ കൂട്ടുനിന്ന ഇവര്‍ പഴശ്ശിയുടെ പിന്‍മുറക്കാരോടും ദേശസ്‌നേഹികളോടും കുടുംബാംഗങ്ങളോടും മാപ്പുപറയണം.

നിലംപതിച്ച ശത്രുവിനോട് കാണിക്കാറുള്ളതില്‍ നിന്ന് വ്യത്യസ്തമായി അയാളെ പരിഗണിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി എന്ന് 1805 ഡിസംബര്‍ 31ന് സബ്കളക്ടര്‍ ടി എച്ച് ബാബര്‍ ഈസ്റ്റിന്ത്യാ കമ്പനിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കമ്പനിക്കെതിരെ ഒന്‍പത് വര്‍ഷത്തിലധികം സമരം നയിച്ച ഒരു മനുഷ്യന്റെ ജീവിതം അവസാനിച്ചുവെന്നും പറയുന്നു.

എന്നാല്‍ ഇഎംഎസ് ആകട്ടെ പഴശ്ശിസമരങ്ങള്‍ക്ക് ബഹുജന പിന്‍ബലമില്ലെന്നും പട്ടാളത്തെ എതിര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും സ്വന്തം ഭാര്യ തന്നെ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്ക് പിടിച്ചുകൊടുത്തുവെന്നും പുസ്തകത്തില്‍ രേഖപെടുത്തി. പഴശ്ശിയോട് ബ്രിട്ടീഷുകാര്‍ കാണിച്ച ബഹുമാനം പോലും മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ കാണിച്ചിട്ടില്ല.

യോഗത്തില്‍ വീരപഴശ്ശി സ്മാരക സമിതി പ്രസിഡണ്ട് പള്ളിയറ രാമന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രചാര്‍പ്രമുഖ് എം ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സംഘചാലക് എം എം ദാമോദരന്‍, വിഭാഗ് കാര്യവാഹ് എന്‍ കെ ബാലകൃഷ്ണന്‍, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി. സി. മോഹനന്‍, വി കെ സന്തോഷ്‌കുമാര്‍, ടി സുബ്ബറാവു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.