അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നത് വമ്പന്മാര്‍ക്ക് വേണ്ടി

Thursday 30 November 2017 7:24 pm IST

തിരുവനന്തപുരം: പിഴ ഈടാക്കി കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നത് വന്‍കിട കെട്ടിട മുതലാളിമാരെ സഹായിക്കാന്‍. പണമുള്ളവന്‍ നടത്തിയ നിയമ ലംഘനം സാധൂകരിക്കാനാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ നീക്കം.

2017 ജൂലൈ 31നോ അതിനു മുമ്പോ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍, പുനര്‍നിര്‍മ്മാണം എന്നിവയും ക്രമവല്‍ക്കരണ പരിധിയില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. വീട്ടു പ്ലാനില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് പിഴ ഈടാക്കി ക്രമവത്കരിക്കുന്നു എന്ന് വരുത്തിതീര്‍ത്താണ് വന്‍കിട കെട്ടിടയുടമകളെ സഹായിക്കുന്നത്.

ദൂരപരിധി പാലിക്കാത്ത ഷോപ്പിങ് കോംപ്ലക്‌സുകളും ഫ്‌ളാറ്റുകളും ഒട്ടനവധിയാണ്. കൃത്യമായ പാര്‍ക്കിങ് സംവിധാനമില്ലാത്തവ, പ്ലാനുകളില്‍ മാറ്റം വരുത്തിയവ, അധികമായി നിലകള്‍ പണിതവ ഇങ്ങനെ ഗുരുതര നിയമലംഘനം നടത്തിയ കെട്ടിടങ്ങള്‍ക്കാണ് നിയമ ഭേദഗതി ഗുണം ചെയ്യുന്നത്. നികുതി നിര്‍ണയ സമയത്ത് തന്നെ വീടുകളിലെ പ്ലാനുകളിലെ മാറ്റം കണ്ടെത്താറുണ്ട്. പുതിയ പ്ലാന്‍ നല്‍കുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. സാധാരണക്കാരനെ മിക്കപ്പോഴു ഇത് ബാധിക്കാറില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നല്‍കുന്ന പ്ലാനിന് വിരുദ്ധമായി നിര്‍മ്മിച്ച നിരവധി കെട്ടിടങ്ങള്‍ക്കാണ് കെട്ടിടനമ്പര്‍ ലഭിക്കാതെ കിടക്കുന്നത്. കൃത്യമായ പാര്‍ക്കിങ് സംവിധാനമില്ലാതെ നിര്‍മ്മിച്ചിരിക്കുന്ന ഫ്‌ളാറ്റുകളും ഷോപ്പിങ് കോംപ്ലക്‌സുകളും ഈ ഭേദഗതിയിലൂടെ പിഴയടച്ച് രക്ഷപ്പെടും. ഒരുകെട്ടിടത്തിന് അനുമതി വാങ്ങി പല കെട്ടിടങ്ങള്‍ നിര്‍മിച്ച കെട്ടടനിര്‍മ്മാതാക്കള്‍ക്കും പിഴ നല്‍കി രക്ഷപ്പെടാം.

തണ്ണീര്‍ത്തട നിയമലംഘനം, പുറമ്പോക്ക് കയ്യേറല്‍ എന്നിവ ക്രമപ്പെടുത്തില്ലെന്നാണ് പറയുന്നതെങ്കിലും കാലക്രമേണ അത്തരം കെട്ടിടങ്ങള്‍ക്കും അനുമതി നല്‍കും. അനധികൃത കെട്ടിടങ്ങള്‍ ക്രവല്‍ക്കരിക്കുന്നതിനുളള അധികാരം ഇനി ജില്ലാ ടൗണ്‍പ്ലാനര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിക്കായിരിക്കും.

നഗരങ്ങളിലാണെങ്കില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിണല്‍ ജോയിന്റ് ഡയറക്ടര്‍ (അര്‍ബന്‍ അഫേയ്‌ഴ്‌സ്), ബന്ധപ്പെട്ട തദ്ദേശസ്വയം‘ഭരണ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കായിരിക്കും. ഇവരാകും പിഴ തീരുമാനിക്കുക. പിഴയുടെ 50 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് നിലവിലെ തീരുമാനം. ഓഡിനന്‍സിന് മന്ത്രി സഭായോഗം അംഗീകാരം നല്‍കി ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.