ഓഖി ചുഴറ്റിയടിച്ചു ; വന്‍ നാശം

Saturday 2 December 2017 2:26 am IST

തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വന്‍ നാശനഷ്ടം. അമ്പൂരിമായം കരമാകുളം ഭാഗത്ത് വനത്തില്‍ ഉരുള്‍പൊട്ടി. വലിയതുറ കുഴിവിളാകം സെന്റ്‌മേരീസ് ലൈബ്രറിയുടെ ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ നാലുവള്ളക്കാരെ കാണാതായി. ഇരുനൂറോളം പേര്‍ വള്ളത്തിലുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവര്‍ക്കുവേണ്ടി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്.
നെയ്യാര്‍ അണക്കെട്ട് നിറഞ്ഞു. സമീപത്തെ പത്തോളം വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ഡാമിലേക്ക് നീരൊഴുക്ക് കൂടിയതോടെ സംഭരണ ശേഷിയേക്കാള്‍ കൂടതല്‍ വെള്ളമാണ് അണക്കെട്ടിലുള്ളത്. വനമേഖലയിലും കനത്തമഴ പെയ്യുകയാണ്. തുടര്‍ന്ന് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി വെള്ളം തുറന്നുവിട്ടു. തീദേശങ്ങളില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മലയോര മേഖലയിലേക്ക് യാത്ര പോകുന്നത് തടഞ്ഞ് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. പൊന്‍മുടി അടക്കം മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു.
കന്യാകുമാരി-തിരുവനന്തപുരം തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഓഖി ചുഴലിക്കാറ്റായി രൂപപ്പെടുകയായിരുന്നുവെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നലെ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്. ശക്തമായ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി. തമ്പാനൂര്‍, എസ്എസ് കോവില്‍ റോഡ്, ചെങ്കല്‍ചൂള, പ്രസ്‌ക്ലബ് റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണും നൂറോളം അപകടങ്ങളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി. നെയ്യാറ്റിന്‍കരയില്‍ മരം കടപുഴകി വീണു. വിഴിഞ്ഞത്ത് മഴയില്‍ മരം വീണ് ഒരു സ്ത്രീക്ക് പരിക്കേറ്റു. മരം വീണ് പരിക്കേറ്റ മൂന്നുപേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിരിച്ചറിയാതെ വിഴിഞ്ഞത്ത് നിന്ന് ഗുരുതരമായ പരിക്കുകളോടെ കൊണ്ടുവന്നയാള്‍ സര്‍ജറി ഐസിയുവില്‍ തീവ്രപരിചരണത്തിലാണ്. ശ്രീകണ്‌ഠേശ്വരത്ത് ആട്ടോയില്‍ മരംവീണ് പരിക്കേറ്റ സനലും (30), കൊല്ലം ആര്യങ്കാവ് മരംവീണ് പരിക്കേറ്റ രാജീവും (40) ചികിത്സയിലാണ്.
ശക്തമായ മഴയിലും കാറ്റിലും മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ നിരവധി മരങ്ങള്‍ ഒടിഞ്ഞുവീണു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് പുറകുവശത്ത് മരം വീണ് ഡോക്ടര്‍മാരുടെ നാലു കാറുകള്‍ക്ക് സാരമായ കേടുണ്ടായി. ശ്രീചിത്രയ്ക്ക് സമീപം മരംവീണ് മറ്റൊരു കാറിനും കേടുപറ്റി. മോര്‍ച്ചറിക്കും മെഡിക്കല്‍ കോളേജ് ആശുപത്രിക്കും സമീപമായി വലിയൊരുമരം പിഴുതു വീണു. പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപത്തായി നിരവധി മരങ്ങളും ഒടിഞ്ഞുവീണു. കാഞ്ഞിരംകുളം പൂവാര്‍ റോഡില്‍ രണ്ട് വന്‍മരങ്ങള്‍ വീണ് ഗതാഗതം ഏറെനേരം തടസപ്പെട്ടു. ശാസ്തമംഗലത്ത് പരസ്യബോര്‍ഡ് കാറിനും സ്‌കൂട്ടറിനും പുറത്ത് വീണ് കുട്ടിക്ക് പരിക്കേറ്റു. പട്ടം വൈദ്യുതി ഭവന്‍ വളപ്പില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് രണ്ട് കാറുകള്‍ തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.