പാറശ്ശാലയില്‍ വ്യാപക കൃഷിനാശം

Saturday 2 December 2017 2:39 am IST

പാറശ്ശാല: പാറശ്ശാലയില്‍ വ്യാപക കൃഷിനാശം. കുലച്ചതും കുലയ്ക്കാറായതുമായ ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്. മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റ് പാറശ്ശാല മേഖയില്‍ കനത്ത നാശം വിതച്ചു. മിക്ക സ്ഥലങ്ങളിലും മരങ്ങള്‍ വൈദ്യുതി കമ്പികള്‍ക്ക് മുകളില്‍ വീണ് വൈദ്യുതിവിതരണവും ഗതാഗതവും മുടങ്ങി.
പാറശ്ശാല ഇഞ്ചിവിള ഗവ. എല്‍പിഎസിന് മുകളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. സബ് ജില്ലാ കലോത്സവ വേദിയുടെ മേല്‍ക്കൂര തകര്‍ന്നു. മിക്ക വീടുകള്‍ക്കും മരങ്ങള്‍ കടപുഴകി വീണും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും നാശംസംഭവിച്ചു. വൈദ്യുതിലൈനുകളും ചിലയിടത്ത് പോസ്റ്റുകളും തകര്‍ന്നു. പളുകലില്‍ പോസറ്റ് തകര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. റബ്ബര്‍ ഉള്‍പ്പെടെയുള്ള വന്‍മരങ്ങളും ഒടിഞ്ഞുവീണു. മഴ ഇടവിട്ട് പെയ്തതിനാല്‍ വൈദ്യുതി പുനഃസ്ഥാപിക്കല്‍ ജോലി ഏറെ വൈകിയും തുടരുകയാണ്. നെടിയാംകോട്, പരശുവയ്ക്കല്‍, ചെങ്കവിള, ഇഞ്ചിവിള, കൊടവിളാകം പുത്തന്‍കട തൊട്ടിപ്പാലം, കരുമാനൂര്‍ എന്നിവിടങ്ങളില്‍ നിരവധി റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. പാറശ്ശാല താലൂക്ക് ആശുപത്രിക്കു പുറകുവശത്ത് നാലോളം വീടുകളില്‍ മരം ഒടിഞ്ഞുവീണു. അയിര, ചെങ്കല്‍, വടൂര്‍ക്കോണം, അമ്പിലിക്കോണം, ഇഞ്ചിവിള, പളുകല്‍, എന്നിവിടങ്ങളില്‍ നൂറുകണക്കിന് വാഴകളാണ് ഒടിഞ്ഞുവീണത്. വായ്പയെടുത്ത് കൃഷിചെയ്ത കര്‍ഷകരെ കൃഷിനാശം വലയ്ക്കുമെന്ന് തീര്‍ച്ച. ചില സ്ഥലങ്ങളിലുണ്ടായ ഗതാഗതതടസ്സം നാട്ടുകാര്‍ ചേര്‍ന്ന് നീക്കി. മിക്ക സ്ഥലങ്ങളിലും പാറശ്ശാലയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ നീക്കംചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.