കാറ്റ്, മഴ : വീടുകള്‍ തകര്‍ന്നു

Saturday 2 December 2017 2:41 am IST

തിരുവനന്തപുരം: കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ വീണ് ജില്ലയില്‍ വ്യാപകനാശം. നിരവധി വീടുകള്‍ തകര്‍ന്നു. പൂവാറില്‍ തീരത്തോട് ചേര്‍ന്നു താമസിക്കുന്നവര്‍ക്ക് മഴ കൂടുതല്‍ നഷ്ടം വിതച്ചു. വീടുകളിലെ ഷീറ്റുകളും മേല്‍കൂരകളും ഇളകിവീണു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മരങ്ങള്‍വീണ് നാശമുണ്ടായി. രാവിലെ പൂവാര്‍ കാഞ്ഞിരംകുളം റോഡില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഭൂരിഭാഗം പേരുടെയും വീട് തകര്‍ന്നു.
പോത്തന്‍കോട്: പോത്തന്‍കോട് കല്ലുവിള അജിതാഭവനില്‍ കമലമ്മയുടെ വീടിനു മുകളിലൂടെ വ്യാഴാഴ്ച പുലര്‍ച്ച സമീപത്തെ തെങ്ങ് കടപുഴകി വീണു. കമലമ്മയും പേരക്കുട്ടിയുമാണ് വീട്ടില്‍ ഉണ്ടായത്. ഇവര്‍ കിടന്നിരുന്ന മുറിയുടെ ഭിത്തി തകര്‍ന്നു. അപകടത്തിനു തൊട്ടുമുമ്പ് ഇവര്‍ എഴുന്നേറ്റതിനാല്‍ ജീവാപായം ഉണ്ടായില്ല. അഗ്നിശമനസേന തെങ്ങ് മുറിച്ചു മാറ്റി.
മലയിന്‍കീഴ്: വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മലയിന്‍കീഴ് കുരുവിന്‍മുകളില്‍ പുല്ലുവിളാകത്ത് മേലെ പുത്തന്‍വീട്ടില്‍ രാജേന്ദ്രന്റെ വീടിനു മുകളില്‍ തേക്കിന്റെ കൊമ്പ് ഒടിഞ്ഞുവീണ് വീട്ടുകാര്‍ക്ക് പരിക്കേറ്റു. ഓടുമേഞ്ഞ മേല്‍ക്കൂരയും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന രാജേന്ദ്രന്റെ ഭാര്യ ഇന്ദിരാദേവിക്കും മക്കള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടി.
കാട്ടാക്കട: അഗസ്ത്യ വനമേഖലയില്‍ കോട്ടൂര്‍ ആദിവാസി സെറ്റില്‍ മെന്റുകളില്‍ മഴ വ്യാപകനാശം വിതച്ചു. സെറ്റില്‍മെന്റില്‍പ്പെട്ട ചോനാംപാറ സൂര്യഹൗസില്‍ സുരേഷ്, കുന്നുംപുറത്ത് വീട്ടില്‍ വിനോദ്, വിജി ഭവനില്‍ സുരേന്ദ്രന്‍, ഈച്ചപ്പന്‍ കൊച്ചാപ്പി എന്നിവരുടെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. മാങ്കോട് രഘുവരന്റെ വീടിന് മുകളിലൂടെ മരം വീണു. വീടിനു മുന്നില്‍ നിറുത്തി ഇട്ടിരുന്ന ഓട്ടോയും തകര്‍ന്നു. അയപ്പന്‍ കാണിയുടെ വീടും തകര്‍ന്നിട്ടുണ്ട്. കമലകത്തു മാര്‍ത്താണ്ടന്‍ കാണി, ചോനംപാറ, ബിനോയ്, സുരേഷ് മൂന്നുമുക്ക് മാത്തന്‍ കാണി എന്നിവരുടെ വീടുകളും തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.