ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം

Friday 1 December 2017 6:12 pm IST

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നേരിടുന്നതിലും ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

2 ദിവസം മുന്‍പ് തന്നെ ഹൈദരാബാദിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ജാഗ്രത സന്ദേശം അയച്ചിരുന്നു. എന്നാല്‍ അത് ലാഘവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചത്. സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിരുന്നങ്കില്‍ ജനങ്ങള്‍ക്ക് ഇത്ര ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ലെന്നും കുമ്മനം പറഞ്ഞു. പൂന്തുറയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായി കുമ്മനം ഫോണില്‍ സംസാരിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതായി കുമ്മനം അറിയിച്ചു. തദ്ദേശീയരായ ആള്‍ക്കാരെ കൂടി രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കണം. രക്ഷാ പ്രവര്‍ത്തനങ്ങളെ പറ്റി ജനങ്ങള്‍ക്ക് വിവരം നല്‍കാന്‍ കണ്ട്രോള്‍ റൂം തുറക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. പൂന്തുറ സെന്റ് തോമസ് പള്ളിയിലെത്തിയ കുമ്മനം വികാരി ജസ്റ്റിന്‍ ജൂഡുമായി ചര്‍ച്ച നടത്തി.

ദുരിതാശ്വാസ പ്രവര്‍ത്തനം കാര്യക്ഷമം അല്ലെന്ന് ആരോപിച്ചു നാട്ടുകാര്‍ സമരം ചെയ്യുന്ന ചെറിയമുട്ടം, കടലാക്രമണം നാശം വിതച്ച പനത്തുറ എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. ജില്ലാ അധ്യക്ഷന്‍ അഡ്വ. എസ് സുരേഷ്, ഉപാധ്യക്ഷന്‍ പൂന്തുറ ശ്രീകുമാര്‍, നിയോജക മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.