കൃത്രിമ കാല്‍ നിര്‍മ്മാണ വിതരണ ക്യാമ്പ് സമാപിച്ചു

Friday 1 December 2017 8:32 pm IST

കണ്ണൂര്‍: കണ്ണൂര്‍, കാസറഗോഡ്, വയനാട്, കോഴിക്കോട് റവന്യു ജില്ലകളും മാഹിയുമുള്‍പ്പെടുന്ന ലയണ്‍ ഡിസ്ട്രിക്ട് 318 ഇ യുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ നഗരസഭ ടൗണ്‍ ഹാളില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നുവന്ന ലയണ്‍സ് ഡിസ്ട്രിക്ട് ലവല്‍ സൗജന്യ കൃത്രിമ കാല്‍ നിര്‍മ്മാണ വിതരണ ക്യാമ്പിന്റെ സമാപന സമ്മേളനവും കാല്‍ വിതരണവും കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ എം.സുകുമാരന്‍ നിര്‍വ്വഹിച്ചു. ലയണ്‍സ് അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി കെ.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ.ഡെന്നിസ് തോമസ് മുഖ്യാതിഥിയായിരുന്നു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രൊഫ.ഒ.സി.മനോമോഹന്‍, കെ.സുരേഷ്ബാബു, സോണ്‍ ചെയര്‍മാന്‍ എം.അജയ്കുമാര്‍, ഡോ.എ.ജോസഫ്, എം.യോഹന്നാന്‍, കെ.ഗോപി, ക്ലബ് പ്രസിഡണ്ട് കെ.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് പരിധിയില്‍ താമസിക്കുന്ന കാലുകള്‍ നഷ്ടപ്പെട്ട 92 പേര്‍ക്ക് കൃത്രിമക്കാല്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ചെന്നൈയിലെ മുക്തി ദാദാ ഫൗണ്ടേഷന്റെ കൃത്രിമ കാല്‍ നിര്‍മ്മാണവിദഗ്ധരുടെ സഹായത്തോടെയാണ് ഏഴ് ദിവസങ്ങള്‍ക്കകം കാലുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. കൂടാതെ അപേക്ഷ ലഭിച്ച ആളുകള്‍ക്ക് വീല്‍ചെയറും സ്‌ക്രച്ചസും ചടങ്ങില്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ കാല്‍ സ്‌പോണ്‍സര്‍ ചെയ്ത തലശ്ശേരി സിറ്റി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ടിനെ ചടങ്ങില്‍ ഗവര്‍ണര്‍ ആദരിച്ചു. ക്യാമ്പിന്റെ ഒന്നാം ദിവസം ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ കാലിന്റെ അളവെടുക്കുകയും പിന്നീടുള്ള ടൗണ്‍ ഹാളില്‍ വെച്ച് കൃത്രിമക്കാലുകള്‍ നിര്‍മ്മിച്ച് അഞ്ചാം ദിവസം മുതല്‍ കൃത്രിമക്കാലുകള്‍ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഏഴാം ദിവസമാണ് സമാപന സമ്മേളനത്തോടനുബന്ധിച്ച് കാലുകളുടെ വിതരണ പരിപാടി നടന്നത്. നൂറ്റി നാല്‍പ്പതിലേറേ ക്ലബ്ബുകളുള്ള ലയണ്‍ ഡിസ്ട്രിക്ടിന്നു വേണ്ടി കഴിഞ്ഞ വര്‍ഷങ്ങളില്‍ നാലു തവണ ക്യാമ്പ് സംഘടിപ്പിച്ച് പരിചയസമ്പന്നരായ കൂത്തുപറമ്പ ലയണ്‍സ് ക്ലബ്ബാണ് ക്യാമ്പ് ഏറ്റെടുത്ത് നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.