ഓഖി കൊടുങ്കാറ്റ്: മുന്നറിയിപ്പ് അവഗണിച്ച സംസ്ഥാന സര്‍ക്കാര്‍ മറുപടിപറയണം: എം.ടി.രമേശ്

Friday 1 December 2017 9:37 pm IST

കണ്ണൂര്‍: ഓഖി കൊടുങ്കാറ്റ് സംബന്ധിച്ച് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച സംസ്ഥാന സര്‍ക്കാര്‍ മറുപടിപറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. കണ്ണൂരില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനചരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നറിയിപ്പ് ലഭിച്ചിട്ടും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയശേഷമാണ് ഇത് സംബന്ധിച്ച് ജാഗ്രതാസന്ദേശം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. തീരദേശ സംരക്ഷണസേനയെ ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചില്ല. ഭരിക്കാന്‍ കൊള്ളാത്ത സര്‍ക്കാരാണ് കേരളത്തിലെ സര്‍ക്കാരെന്ന് ഒരിക്കല്‍ ക്കൂടി പുതിയ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണ്. എങ്ങനെ ഭരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനെ കണ്ട് പഠിക്കാന്‍ മുഖ്യമന്ത്രി പിറണായി വിജയന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജീവിച്ചിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററേക്കാള്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ ഓര്‍മ്മകളാണ് സിപിഎമ്മിന് ഇന്ന് ഭീഷണിയായിരിക്കുന്നത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ കണ്ണൂരിലെ ഓരോ കൊലപാതകത്തിനും സിപിഎം ഉത്തരം പറയേണ്ടിവരും. ജയകൃഷ്ണന്‍ മാസ്റ്ററുടെ മരണവാറണ്ടിലൊപ്പിട്ട നേതാവ് പാര്‍ട്ടിക്കകത്ത് ഇന്ന് വിചാരണ നേരിടുകയാണ്. നേതാവ് എപ്പോള്‍ പുറത്തുപോകുമെന്ന് മാത്രമേ ഇനി അറിയേണ്ടിയിരിക്കുന്നുള്ളൂ. ഇതെല്ലാം വിധിനിയോഗമാണ്. എം.വി.രാഘവന്‍ സിപിഎം നേതാവായിരുന്ന കാലത്ത് സംഘപ്രസ്ഥാനങ്ങള്‍ക്കെതിരെ അക്രമം നടത്തി ആഹ്ലാദിക്കുകയായിരുന്നു. സിപിഎമ്മുകാര്‍ നിരന്നുനിന്ന് മൂത്രമൊഴിച്ചാല്‍ ഒലിച്ചുപോകുന്ന ആര്‍എസ്എസുകാര്‍ മാത്രമാണ് കേരളത്തിലുള്ളതെന്ന് പറഞ്ഞ എം.വി.രാഘവന് ഒടുവില്‍ പാര്‍ട്ടിക്ക് പുറത്തുപോയി മൂത്രമൊഴിക്കാന്‍ ആര്‍എസ്എസുകാരന്റെ കാവല്‍ വേണ്ടിവന്നു എന്നത് ചരിത്രമാണ്.
ഇതേഗതിയാണ് സിപിഎമ്മിന്റെ കണ്ണൂരിലെ മറ്റുപലനേതാക്കള്‍ക്കും വരാനിരിക്കുന്നത് എന്നത് ഓര്‍ക്കുന്നത് നല്ലതാണ്. അവസാനത്തെ കളിയാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസിനെതിരെ ഭീകരവാദികളുമായി കൂട്ടുകൂടി മന്നോട്ടുപോകുന്ന സിപിഎമ്മിന് ഈ ബന്ധം അവരുടെ കൊലച്ചോറായി മാറുമെന്ന് ഓര്‍മ്മിക്കണം. യുപി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്ന വിജയം ബിജെപിയോടൊപ്പമാണ് രാജ്യത്തെ ജനമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ്.
പ്രകൃതിപോലും കോണ്‍ഗ്രസ്സിനെതിരാണെന്നാണ് തട്ടിമുട്ടി മുന്നോട്ടുപോയ ജാഥയുടെ പരിസമാപ്തി കാണിക്കുന്നത്. മാറ്റത്തിനു വേണ്ടി പ്രവര്‍ത്തിച്ച ധീര ബലിദാനികളുടെ ആഗ്രഹം കേരളത്തില്‍ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും സിപിഎം മാടമ്പിത്തത്തിന് സമീപഭാവിയില്‍ അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.