രാധാമാധവം

Saturday 2 December 2017 2:30 am IST

ഉരലില്‍ കെട്ടിയിടപ്പെട്ട നിലയില്‍, കടപുഴകിവീണ ഇരട്ട നീര്‍മരുതുകള്‍ക്കിടയില്‍, വെറും മണ്ണില്‍ മലര്‍ന്നടിച്ചു കിടക്കുന്ന വേളയിലാണ് കൃഷ്ണന്‍ ആദ്യമായി രാധയെ കാണുന്നതെന്ന് ഗര്‍ഗഭാഗവതം വെളിപ്പെടുത്തുന്നു. രാധയെപ്പറ്റി കൃഷ്ണനും കൃഷ്ണനെപ്പറ്റി രാധയും ഏറെ കേട്ടിട്ടുണ്ടെങ്കിലും, അവര്‍ തമ്മില്‍ ആ സാഹചര്യത്തിലാണ് കണ്ടുമുട്ടുന്നത്.

രണ്ടുപെണ്‍കുട്ടികള്‍ അകലെനിന്ന് വരുന്നത് കൃഷ്ണന്‍ കിടന്നകിടപ്പില്‍ ശ്രദ്ധിച്ചു. ഒരുവള്‍ മാലിനിയാണ് പ്രഭാമായിയുടെ മകള്‍. അവളുടെ കൂടെയുള്ള സുന്ദരിക്കുട്ടി ആരാണെന്ന് കൃഷ്ണന് പിടികിട്ടിയില്ല. കൃഷ്ണന്‍ അവളെത്തന്നെ നോക്കിക്കിടന്നു. ചുരുണ്ടമുടി ഒതുക്കിക്കെട്ടി, ഇടത്തേ ചെവി മറയ്ക്കത്തക്കവണ്ണം ഒരു സൂര്യകാന്തിപ്പൂ മുടിയില്‍ തിരുകിവച്ച്, വീതിയുള്ള നെറ്റിയില്‍ മഞ്ഞള്‍ വര കുറി ചാര്‍ത്തി, പുരികങ്ങളെ കൂട്ടിയോജിപ്പിക്കും വിധം കരികുറിയണിഞ്ഞ്, വിടര്‍ന്ന കണ്ണുകള്‍ ആകാശംപോലെ വിടര്‍ത്തി, കവിളില്‍ തുടുപ്പണിഞ്ഞ്…
ഓര്‍ക്കാപ്പുറത്താണ് അവര്‍ കൃഷ്ണനെ കണ്ടത്. മാലിനി കൃഷ്ണനെ തിരിച്ചറിഞ്ഞു; അവള്‍ അമ്പരപ്പോടെ തിരക്കി: ഇതെന്താ, കൃഷ്ണാ? എന്തുപറ്റി?

കൃഷ്ണന്‍ അപ്പോഴും മാലിനിയുടെ കൂടെയുള്ള പെണ്‍കിടാവിനെ ശ്രദ്ധിക്കയായിരുന്നു. അതുകണ്ട മാലിനി അവളോടു പറഞ്ഞു: ‘രാധേ, നീ കണ്ടോ? ദാ, നിന്റെ കണ്ണന്‍’
അപ്പോഴാണ് കൃഷ്ണന് പിടികിട്ടിയത്: ഇവള്‍ രാധയാണ്… മനസ്സില്‍ പറഞ്ഞു: ഇവളും ഞാനും സമപ്രായക്കാരല്ലേ? പക്ഷേ, ഇവള്‍ കേറി വളര്‍ന്ന്, വലിയൊരു പെണ്‍കിടാവായ മട്ടുണ്ടല്ലോ…
‘ഇതെന്താ, കണ്ണാ?’ രാധ തിരക്കി.
‘കണ്ടില്ലേ?’ കൃഷ്ണന്‍ തീര്‍ത്തും സാധാരണമട്ടില്‍ പറഞ്ഞു: ‘ഞാന്‍ ഈ മരങ്ങള്‍ വീഴ്ത്തി.’
‘ഇതെന്താ, ഉരലില്‍ കെട്ടിയിട്ടിരിക്കുന്നത്? രാധ അദ്ഭുതം പൂണ്ടു തിരക്കി.
‘അതോ?’ കൃഷ്ണന്‍ സാരമാക്കാനില്ലാ എന്ന മട്ടില്‍ മൊഴിഞ്ഞു: ‘അമ്മ എന്നെ ഉരലില്‍ കെട്ടിയിട്ടു.’
‘ഉരലില്‍ കെട്ടിയിട്ടോ? എന്തിന്?’
‘അതിന് വല്ല കാരണവും വേണോ? ഞാനപ്പോള്‍, ആ ഉരലും വലിച്ചുകൊണ്ട് ഇങ്ങോട്ടുപോന്നു.’
‘അതെന്തിന്?’ രാധ ആരാഞ്ഞു.
‘നിങ്ങള്‍ ഇതിലേ വരുമെന്നു എനിക്കറിയാമായിരുന്നു.’ കൃഷ്ണന്‍ കണ്ണിറുക്കി ചിരിച്ചു.
‘ഓ, പിന്നെ!’ മാലിനിക്ക് വിശ്വാസം വന്നില്ല.
‘ഞാന്‍ ഈ കെട്ടഴിക്കട്ടെ?’ രാധ കൃഷ്ണന്റെ അരികിലിരുന്നു.
‘അമ്മയാണ് എന്നെ ഉരലില്‍ കെട്ടിയിട്ടത്. അമ്മ തന്നെ വന്ന് അഴിക്കട്ടെ. അതുവരെ ഞാനിവിടെ കിടക്കും.’
‘അങ്ങനെ വാശി വേണ്ടാ, കണ്ണാ’- രാധയുടെ ശബ്ദത്തില്‍ അലിവൂറി. കൃഷ്ണന്റെ വാശി അതിലലിഞ്ഞു. അവള്‍ കെട്ടഴിച്ചു; പുറത്തും നെഞ്ചിലുമെല്ലാം പറ്റിപ്പിടിച്ച മണ്‍തരികള്‍ തട്ടിക്കളഞ്ഞു. അപ്പോഴേയ്ക്കും ഗോപികമാര്‍ ഓടിവന്നു. ആര്‍ത്തലച്ചു കരഞ്ഞുകൊണ്ട് യശോദയുമുണ്ടായിരുന്നു. യശോദ കൃഷ്ണനെ വാരിപ്പിടിച്ചു. കൃഷ്ണനപ്പോള്‍ രാധയെ നോക്കി കണ്ണിറുക്കിക്കാട്ടി മെല്ലെചിരിച്ചു.
എല്ലാവരും വീട്ടിലെത്തി.
പിറ്റേന്നാളാണ് രാധ വൃന്ദാവനത്തിലേക്ക് പോയത്. പോവാന്നേരം കൃഷ്ണന്‍ അവളോടു പറഞ്ഞു: ‘താമസിയാതെ ഞങ്ങള്‍ വൃന്ദാവനത്തിലെത്തുന്നുണ്ട്.’
‘ഉവ്വോ?’ അവള്‍ ആകാംക്ഷയോടെ തിരക്കി.
‘കാത്തിരുന്നോളൂ’- കൃഷ്ണനപ്പോഴും അവളെ നോക്കി കണ്ണിറുക്കിക്കാട്ടി ചിരിച്ചു.
കൃഷ്ണന്‍ രാധയ്ക്ക് കൊടുത്ത വാക്ക് സഫലമാക്കാന്‍ കംസന്‍ കാരണമായി.
‘ഞാന്‍ കാത്തിരിക്കുകയായിരുന്നു’- രാധ പറഞ്ഞു.
‘ആരെ?’ ഒന്നുമറിയാത്ത മട്ടില്‍ കൃഷ്ണന്‍ തിരക്കി.
‘കളിയാക്കുകയാണല്ലേ?’ രാധയുടെ മുഖത്ത് പരിഭവം തുടുത്തു:’ എന്നോട് കാത്തിരിക്കാന്‍ പറഞ്ഞില്ലേ?’
ഉവ്വോ? കൃഷ്ണന്‍ മറവി നടിച്ചു.
മറന്നു, അല്ലേ?
ഉവ്വോ? മറന്നോ? കൃഷ്ണന്റെ ചുണ്ടില്‍ ആ കുസൃതിച്ചിരി പൂത്തു. അതു കാണ്‍കെ, രാധയുടെ മുഖം തുടുത്തു. ചെമ്പകപ്പൂവിന്റെ നിറമുള്ള അവളുടെ കവിളില്‍ നാണം കുങ്കുമം വിതറുന്നത് കൃഷ്ണന്‍ കണ്ടില്ലെന്ന മട്ടുനടിച്ചു.
‘ഇന്നലെ രാത്രി ഞാന്‍ കണ്ണനെ സ്വപ്‌നംകണ്ടു’
‘ഉവ്വോ?’
‘എന്തു രസമുള്ള സ്വപ്‌നമായിരുന്നെന്നോ?’
‘അതു കണ്ടവര്‍ക്കല്ലേ അറിയൂ?’
‘കാണാത്തവരെ അറിയിക്കാനാണ് പറയുന്നത്. ഞാന്‍ കാളിന്ദിയില്‍ കുളിച്ചുവരികയായിരുന്നു. സന്ധ്യയാവുന്നേയുള്ളൂ. അപ്പോഴുണ്ട് നന്ദനമ്മാവന്‍ വരുന്നു. കുറേ ഗോക്കളേയും മേച്ച്, ഒക്കത്ത് കണ്ണനുണ്ട്-ഉണ്ണികൃഷ്ണന്‍.’
‘അപ്പോള്‍, ഇതു പഴയ കഥയാണല്ലോ.’
‘അല്ലല്ലാ. സ്വപ്‌നമല്ലേ?’
‘അതുശരി. എന്നിട്ട്?’
‘പറഞ്ഞില്ലേ? നേരം സന്ധ്യമയങ്ങിയിരുന്നു. നന്ദനമ്മാവന്‍ എന്നോടു പറഞ്ഞു: കുഞ്ഞേ, നേരം ഇരുട്ടിത്തുടങ്ങി. ഈ കൃഷ്ണനാണെങ്കിലോ? പേടിത്തൊണ്ടനാണ്. ഇരുട്ട് വീണപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങി. നീ ഇവനേയുംകൊണ്ട് വീട്ടിലേക്ക് പൊയ്‌ക്കോളൂ. ഇവനെക്കാണാതെ, ഇവന്റെ അമ്മ വേവലാതിപ്പെട്ടിരിക്കയാവും. ഞാനീ പശുക്കളെ ഗോശാലയിലാക്കിവരാം.’
‘എന്നിട്ടോ?’ കൃഷ്ണന്‍ കഥയില്‍ മുഴുകി.
‘അമ്മാവന്‍ കണ്ണനെ എന്നെ ഏല്‍പ്പിച്ചു; പശുക്കളേയും തെളിച്ച് പോയി. ഞാന്‍ കണ്ണനേയുംകൊണ്ട് എവിടേയ്ക്കാണ് പോയതെന്നറിയാമോ?’
‘വീട്ടിലേയ്ക്കല്ലേ?’
‘അല്ലാ. കാളിന്ദിയുടെ കരയിലെ വള്ളിക്കുടിലിലേക്ക്. അവിടെ ചെന്നപ്പോള്‍ എന്താണുണ്ടായതെന്നോ? ഉണ്ണിക്കണ്ണന്‍ പെട്ടെന്ന് വളര്‍ന്നുവലുതായി. ഞാനും വളര്‍ന്ന് വലിയൊരു ഗോപികയായി. നമ്മള്‍ രണ്ടുപേരും.’
‘എന്തേ?’ കൃഷ്ണന്‍ തിരക്കി.
‘എനിക്ക് നാണമാവുന്നു.’
‘എന്തിനാ നാണിക്കുന്നത്!’
പെട്ടെന്ന്, അവള്‍ നാണംമറന്നുകൊണ്ട് പറഞ്ഞു:
‘അപ്പോള്‍ എന്തുണ്ടായി എന്നറിയാമോ? എന്റെ കണ്ണന്‍ ഉണ്ണിക്കണ്ണനായി മാറി. എനിക്ക് സങ്കടം സഹിക്കാനായില്ല. ഞാന്‍ ഉറക്കെ കരഞ്ഞു. അപ്പോഴാണ് ബോധം തെളിഞ്ഞത്. എല്ലാം സ്വപ്‌നമാണെന്ന് ബോധ്യമായത്.’
‘പാവം രാധ’ കഥയില്‍ മുഴുകിയിരിക്കുന്ന മുത്തശ്ശി ഒരു നെടുവീര്‍പ്പോടെ പറഞ്ഞു: ‘അവള്‍ക്കിങ്ങനെ സ്വപ്‌നം കാണാനും കരയാനും മാത്രമായിരുന്നു വിധി, അല്ലേ?’
‘അങ്ങനെ കാണരുത്.’ മുത്തശ്ശന്‍ തുടര്‍ന്നു: ‘അവള്‍ക്കു വേണമെങ്കില്‍ ആ വെയില്‍ നാളത്തെ തന്റെ ചേലത്തുമ്പില്‍ കെട്ടിയിടാമായിരുന്നു. അങ്ങനെ സുഖമേല്‍ക്കാമായിരുന്നു. അവള്‍ അതിന് തുനിഞ്ഞില്ല. ലോകത്തിന്റെ മുഴുവനുമായ കണ്ണനെ എല്ലാവര്‍ക്കുമായി അവള്‍ വീതിച്ചുനല്‍കി. തന്റെ പങ്കുപോലും അവള്‍ ഏറ്റുവാങ്ങിയില്ല. അവളുടെ പ്രേമം ഒരു വൃക്ഷമായിരുന്നു. വിരഹത്തിന്റെ വെയിലേറ്റ് ആ വൃക്ഷം പച്ചപിടിച്ചു; തഴച്ചു-മറ്റുള്ളവര്‍ക്ക് തണലേകാന്‍. ഗര്‍ഗാചാര്യന്‍ തന്റെ മാനസപുത്രിയിലൂടെ നമ്മെ വിളിച്ചറിയിക്കുന്ന സന്ദേശം അതാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.