ഉണര്‍ന്ന് പ്രവര്‍ത്തിക്കുക

Saturday 2 December 2017 2:30 am IST

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. വ്യോമസേനയും നാവികസേനയും കോസ്റ്റ്ഗാര്‍ഡും ഊര്‍ജിത രക്ഷാപ്രവര്‍ത്തനങ്ങളിലാണ്. നേവിയുടെ അഞ്ചുകപ്പലും കോസ്റ്റ്ഗാര്‍ഡിന്റെ രണ്ടുകപ്പലുകളും നേവിയുടെ രണ്ട് ഹെലികോപ്ടറും വ്യോമസേനയുടെ രണ്ട് എയര്‍ക്രാഫ്റ്റും രണ്ട് ഹെലികോപ്ടറും നിരീക്ഷണവും രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കുറ്റപ്പെടുത്തലുകള്‍ക്ക് അവസരം നല്‍കാത്ത നടപടിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് സംസ്ഥാനസര്‍ക്കാര്‍ അവഗണിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഗുരുതരമായ വീഴ്ചയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

കേരള തീരത്ത് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് ബുധനാഴ്ച വൈകിട്ടുതന്നെ കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം സംസ്ഥാനത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ദുരന്തനിവാരണ അതോറിറ്റി, ചീഫ്‌സെക്രട്ടറി, ജില്ലാ ഭരണകൂടം തുടങ്ങിയവര്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വിശദമായി അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇതെല്ലാം അവഗണിച്ചു. ലാഘവത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ സമീപിച്ചത്. അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ കടലില്‍പോയത് വ്യാഴാഴ്ച രാവിലെയാണ്.

ബുധനാഴ്ച കിട്ടിയ മുന്നറിയിപ്പ് ഗൗരവത്തില്‍ എടുത്ത് നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ അവര്‍ കടലില്‍ പോകുന്നത് തടയാമായിരുന്നു. മുന്നറിയിപ്പ് നല്‍കിയാലും മത്സ്യത്തൊഴിലാളികള്‍ അത് അവഗണിച്ച് കടലില്‍ പോകുമെന്ന ബാലിശമായ ന്യായമാണ് സര്‍ക്കാര്‍ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന പ്രചാരണം നടത്തിയതുമെല്ലാം തുടര്‍ന്നാണ്. കടലില്‍ പോയവരെ തിരയാന്‍ സൈന്യത്തിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടതും വൈകിയാണ്.

ജീവനുവേണ്ടി കടലില്‍ മല്ലിടുന്ന തൊഴിലാളികളെ സംരക്ഷിക്കുകയെന്നതാണ് ഇപ്പോള്‍ പരമപ്രധാനമായ കാര്യം. സൈന്യവും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും അതിനായി കൈ മെയ് മറന്ന് പ്രവര്‍ത്തിക്കുന്നതിനെ പിന്‍തുണയ്ക്കാം. വീഴ്ചയും പിടിപ്പുകേടുമുണ്ടെങ്കില്‍ അത് പിന്നീട് ചര്‍ച്ച ചെയ്യാം. കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടും അവഗണിച്ച ഉദ്യോഗസ്ഥരെയും സംവിധാനത്തെയും നിയമത്തിന്റെ മുന്നില്‍കൊണ്ടുവന്ന് ശിക്ഷിക്കണമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.