കാണാതായവര്‍ എവിടെയെന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാര്‍: നാവിക സേന

Saturday 2 December 2017 2:30 am IST

കൊച്ചി: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ എവിടെയാണെന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളുമാണെന്ന് ദക്ഷിണ നാവിക സേന വൈസ് അഡ്മിറല്‍ എ.ആര്‍. കാര്‍വെ.

ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ദക്ഷിണ നാവിക സേന പൂര്‍ണ്ണ സജ്ജമാണ്. നാവിക സേനയുടെ 5 കപ്പലുകള്‍ രക്ഷാദൗത്യത്തിനായുണ്ട്. 2 കപ്പലുകള്‍ ലക്ഷദ്വീപിലേക്കും പുറപ്പെട്ടു. ദക്ഷിണനാവിക സേനാ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ സേന 200ലധികം പേരെ രക്ഷപ്പെടുത്തി. ദുരന്തം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചയുടന്‍ 5 കപ്പലുകളും ഡോണിയര്‍, സീ കിങ് വിമാനങ്ങളും പുറപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ദുരന്തനിവാരണ ഏജന്‍സികളുമായി സഹകരിച്ച് രക്ഷാദൗത്യം ഏകോപിപ്പിക്കുമെന്നും ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം നടത്തുമെന്നും ദക്ഷിണ നാവിക സേനാ മേധാവി പറഞ്ഞു.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കൂടുതല്‍ കപ്പലുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കുടിവെള്ളം, ബ്ലാങ്കറ്റ്, മരുന്നുകള്‍, രക്ഷാ ബോട്ടുകള്‍ എന്നിവയുമായി നാവികസേനാ കപ്പലുകള്‍ ഉടന്‍ ലക്ഷദ്വീപിലേക്ക് പോയിട്ടുണ്ട്. എന്തുനേരിടാന്‍ സേന പൂര്‍ണ്ണ സജ്ജമാണെന്ന് ലക്ഷദ്വീപ് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും കാര്‍വെ അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ആര്‍.കെ. നട്കര്‍ണി, ഡിഫന്‍സ് പിആര്‍ഒ കമാന്‍ഡര്‍ ശ്രീധര്‍ വാര്യര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.