രാജ്യത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ നിലയം ബാണാസുരസാഗര്‍ ഡാമില്‍

Saturday 2 December 2017 2:30 am IST

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ നിലയം ബാണാസുരസാഗര്‍ ഡാമില്‍. ബാണാസുരസാഗര്‍ ഡാമിലെ ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന വിധത്തിലുള്ള ഫ്‌ളോട്ടിംഗ് സോളാര്‍ നിലയത്തിന് 500 കിലോവാട്ട് പീക്ക് സ്ഥാപിതശേഷിയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ നിലയമാണിത്.

ഫെറോസിമന്റ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചിട്ടുള്ള 18 കോണ്‍ക്രീറ്റ് ഫ്‌ളോട്ടുകളിലാണ് സോളാര്‍ നിലയം സ്ഥിതി ചെയ്യുന്നത്. 260 വാട്ട് ശേഷിയുള്ള 1938 സൗരോര്‍ജ്ജപാനലുകളും 500 കെവിഎയുടെ ട്രാന്‍സ്‌ഫോര്‍മറും 30 കിലോവാട്ടിന്റെ 17 ഇന്‍വെര്‍ട്ടറുകളും ഉള്‍പ്പെട്ടതാണ് ഈ നിലയം. ജലനിരപ്പിന്റെ വ്യതിയാനത്തിനൊത്ത് നിലയത്തെ യഥാസ്ഥാനത്തു നിലനിര്‍ത്തുന്നതിനായി അതിവിശേഷ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ആങ്കറിംഗ് മെക്കാനിസവും ഈ നിലയത്തിന്റെ പ്രത്യേകതയാണ്. പ്രതിവര്‍ഷം ഏഴു ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഈ പദ്ധതിയുടെ നിര്‍മ്മാണ ചെലവ് 925 ലക്ഷം രൂപയാണ്. തിരുവനന്തപുരം ആസ്ഥാനമായ ആഡ്‌ടെക് സിസ്റ്റംസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ബാണാസുരസാഗര്‍ ഡാം പരിസരത്ത് ഫ്‌ളോട്ടിംഗ് സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം 4ന് വൈകിട്ട് 3 ന് മന്ത്രി എം.എം.മണി നിര്‍വ്വഹിക്കും. സി.കെ.ശശീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എംപി മുഖ്യാതിഥിയായിരിക്കും. കെഎസ്ഇബി ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി എന്നിവര്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.