പരിഭ്രാന്തി പടര്‍ന്ന പകല്‍ കോഴിക്കോട്: തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഭീതി പരത്തിയ ഓഖി ചുഴലിക്കാറ്റ് കോഴിക്കോട്ടെ കടലോരത്തെയും പരിഭ്രാന്തിയിലാക്കി.

Friday 1 December 2017 10:16 pm IST

മീന്‍ പിടിക്കാന്‍ പോയ ബോട്ടുകളും വള്ളങ്ങളും തിരിച്ചെത്താത്തത് കടലോരത്ത് ആശങ്കയുളവാക്കി. വെള്ളയില്‍ ഇന്ന് മീന്‍പിടിക്കാന്‍ പോയ മഹാവിഷ്ണു എന്ന വള്ളം പുതിയാപ്പയില്‍ ഹാര്‍ബറിലേക്കടുപ്പിക്കുന്നതിനിടെ തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളയില്‍ നിന്ന് പോയ ഒരു വള്ളം കൂടി തിരിച്ചെത്താനുണ്ട്. ഇതില്‍ അഞ്ചു മത്സ്യത്തൊഴിലാളികളാണുള്ളത്. ഇവര്‍ കൊയിലാണ്ടി തീരം ലക്ഷ്യമാക്കി നീങ്ങുന്നു എന്നാണ് ഫോണ്‍ വഴി ലഭിച്ച അവസാന സന്ദേശം.
താനൂര്‍, ബേപ്പൂര്‍ എന്നിവിടങ്ങളിലുള്ള ബോട്ടുകളും തിരിച്ചെത്താനുണ്ട്. അപകടം കണക്കിലെടുത്ത് കോഴിക്കോട് ബീച്ചില്‍ സുരക്ഷാക്രമീകരണം ശക്തമാക്കി. പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ചു. ബീച്ചിലെ ഉന്തുവണ്ടിക്കാരെ പൊലീസ് ഒഴിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് ആളുകളെ മാറ്റിയത്. രാവിലെ മുതല്‍ അന്തരീക്ഷം മേഘാവൃതമായിരുന്നു. ഇടക്കിടെ ചാറ്റല്‍മഴയുണ്ടായി. വൈകുന്നേരത്തോടെയാണ് കടല്‍ പിന്‍വാങ്ങിയത്. സന്ധ്യയോടെ നഗരത്തിലും പരിസരത്തും ശക്തമായ മഴ പെയ്തു.
ബേപ്പൂരില്‍ നിന്നുള്ള ധനലക്ഷ്മി, കൃപമോള്‍, സിയോണ, എന്നീ ബോട്ടുകള്‍ രാത്രി വൈകി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുരന്ത നിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഈ ബോട്ടുകളില്‍ 36 മത്സ്യത്തൊഴിലാളികളാണുള്ളത്. ഇവര്‍ സുരക്ഷിതരാണ്. ബോട്ടുകള്‍ക്ക് കോസ്റ്റ്ഗാര്‍ഡിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് വിവരം. മൂന്ന് ബോട്ടുകളാണ് കഴിഞ്ഞ 27ന് മത്സ്യബന്ധനത്തിന് പുറപ്പെട്ടിരുന്നത്. കൃപ, സിയോണ്‍, ധനലക്ഷ്മി എന്നീ ബോട്ടുകളാണ് തിരിച്ചുവരുന്നതിനിടെ കടലില്‍ കുടങ്ങിയത്. രാത്രി വൈകി ഇവര്‍ കരയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബോട്ടുടമ സംഘം പ്രസിഡണ്ട് കരിച്ചാലില്‍ പ്രേമന്‍ അറിയിച്ചു. 34 പേരാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണ്. ബേപ്പൂരില്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമിന്റെ സുരക്ഷാബോട്ട് ഉണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ കഴിഞ്ഞില്ല.
ബേപ്പൂരില്‍ നിന്ന് ഗോവ, മുംബൈ, രത്‌നഗിരി എന്നിവിടങ്ങളിലേക്ക് പോയ ബോട്ടുകാരുമായി ബന്ധപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അവിടെ അപകടകരമായ സ്ഥിതിയില്ലെങ്കിലും സുരക്ഷിതമായ തുറമുഖങ്ങളില്‍ തമ്പടിക്കാന്‍ നിര്‍ദേശിച്ചതായും അധികൃതര്‍ പറഞ്ഞു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധന പ്രവര്‍ത്തകര്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.
വടകരയിലും കടല്‍ ക്ഷോഭം രൂക്ഷമായി. അഴിത്തല സാന്‍ഡ്ബാങ്ക്‌സ്,ഒഞ്ചിയം പഞ്ചായത്തിലെ മാടാക്കര ബീച്ച്,അഴിയൂര്‍ അസ്യാ റോഡ് ബീച്ച് എന്നിവിടങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായി.ഈ പ്രദേശങ്ങളില്‍ മുപ്പത് മീറ്ററോളം തീരം കടലെടുത്തു
ഏത് സാഹചര്യവും നേരിടാന്‍ റവന്യൂ,പോലീസ് അധികൃതര്‍ നടപടികള്‍ ആരംഭിച്ചു.പരിസര പ്രദേശങ്ങളിലെല്ലാം തന്നെ ഉച്ച ഭാഷിണിയിലൂടെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.കടല്‍ കലങ്ങി മറിയുന്ന അവസ്ഥയിലാണ്.തഹസില്‍ദാര്‍ പി.കെ.സതീഷ്‌കുമാര്‍,വടകര സി.ഐ.ടി.മധുസൂദനന്‍ നായര്‍,അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയൂബ്,ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.കവിത,വടകര നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ എന്നിവര്‍ അതാത് സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. കടലാക്രമണ ഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കാനടക്കമുള്ള നടപടികള്‍ സ്വീകരിക്കാനു തയ്യാറെടുപ്പിലാണ് അധികൃതര്‍.
കാപ്പാട് കടപ്പുറത്ത് കടല്‍ 500 മീറ്ററോളം പിന്‍വലിഞ്ഞത് ജനങ്ങളില്‍ ഭീതി പരത്തി.പൊയില്‍ക്കാവ്, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി ഭാഗങ്ങളിലും കടല്‍ നൂറ് മീറ്ററിലധികം പിന്‍വലിഞ്ഞിട്ടുണ്ട്. കാലാവസ്ഥയിലും വലിയ മാറ്റമുണ്ടായി. മഴ പെയ്തില്ലെങ്കിലും അഞ്ച് മണിയോടെ മൂടി കെട്ടിയ അന്തരീക്ഷമായിരുന്നു.റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
ആളുകളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.