ഐ ലീഗ്: മിനര്‍വക്ക് ജയം

Saturday 2 December 2017 2:30 am IST

ലുധിയാന: ഐ ലീഗ് ഫുട്‌ബോളില്‍ മിനര്‍വ പഞ്ചാബിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നാവഗതരായ നെറോക്ക എഫ്‌സിയെ തോല്‍പ്പിച്ചു. മിനര്‍വയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മോഹന്‍ബഗാനെ 1-1ന് സമനിലയില്‍ തളച്ചിരുന്നു. ഇതോടെ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി മിനര്‍വ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഒരു കളിയില്‍ നിന്ന് മൂന്ന് പോയിന്റുള്ള ഇന്ത്യന്‍ ആരോസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മിനര്‍വ ഒന്നാമതെത്തിയത്.

കളിയുടെ തുടക്കം മുതല്‍ എതിര്‍ ബോക്‌സില്‍ സമ്മര്‍ദ്ദം ചെലുത്തിയത് മിനര്‍വയായിരുന്നെങ്കിലും ആദ്യം ഗോളടിച്ചത് നെറോക്ക എഫ്‌സിയാണ്. 18-ാം മിനിറ്റില്‍ ഒഡിലി ചിഡിയിലൂടെയാണ് അവര്‍ ലീഡ് നേടിയത്. എന്നാല്‍ ആറ് മിനിറ്റിനുശേഷം മിനര്‍വ സമനില പിടിച്ചു. 24-ാം മിനിറ്റില്‍ ചെന്‍ചോയിലൂടെ ലീഡ് നേടി. പിന്നീട് ആദ്യപകുതിയുടെ പരിക്കുസമയത്ത് ലാഗോ ബെയ് സുന്ദരമായ വോളിയിലൂടെ ലക്ഷ്യം കണ്ടതോടെ മിനര്‍വ ലീഡും സ്വന്തമാക്കി. ഇതോടെ ആദ്യപകുതിയില്‍ മിനര്‍വ 2-1ന് മുന്നില്‍.

രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ മിനര്‍വയും സമനിലക്കായി നെറോക്കയും ഉണര്‍ന്നുകളിച്ചെങ്കിലും കൂടുതല്‍ ഗോള്‍ പിറന്നില്ല. ഇന്നത്തെ മത്സരത്തില്‍ ഷില്ലോങ് ലജോങ് എഫ്‌സി ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയെ നേരിടും. ആദ്യ കളിയില്‍ ഷില്ലോങ് ഗോകുലം കേരള എഫ്‌സിയെ 1-0ന് തോല്‍പ്പിച്ചിരുന്നു. ചര്‍ച്ചില്‍ ആദ്യ കളിക്കാണ് ഇന്ന് ഇറങ്ങുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.