സുനന്ദയുടെ മരണം: റിപ്പബ്ലിക് ടിവിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിലക്കില്ല

Saturday 2 December 2017 2:30 am IST

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. ഈ വിഷയത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പുറത്തുവിടുന്നെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി ശശി തരൂരാണ് ഹര്‍ജി നല്‍കിയത്.

അതേസമയം ഭാര്യയുടെ മരണം സംബന്ധിച്ച് മൗനം പാലിക്കാനുള്ള തരൂരിന്റെ അവകാശത്തിന് ചാനല്‍ അധികൃതരും എഡിറ്ററും അല്‍പം പരിഗണന നല്‍കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഒരാള്‍ക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തോനാ, കുറ്റവാളിയായി പ്രഖ്യാപിക്കാനോ മാധ്യമങ്ങള്‍ക്ക് അവകാശമില്ല. കൂടാതെ അന്വേഷണത്തിലിരിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുനന്ദ വിഷയത്തില്‍ ചാനല്‍ മുഖേന അഭിപ്രായ പ്രകടനം നടത്തുന്നതിനുമുമ്പ് തരൂരിനെ അറിയിച്ചിരിക്കണമെന്ന് റിപ്പബ്ലിക് ടിവിയോടും ചാനലിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

മൗനം പാലിക്കാന്‍ എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ട്. പ്രതികരിക്കണമെന്ന് ആരേയും നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് മന്‍മോഹന്‍ അറിയിച്ചു. സെപ്തംബറില്‍, സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നതില്‍ നിന്ന് റിപ്പബ്ലിക് ടിവിയെ ദല്‍ഹി ഹൈക്കോടതി താത്കാലികമായി വിലക്കിയിരുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സപ്തംബര്‍ എട്ടിലെ വിചാരണയ്ക്കു ശേഷം തരൂരിനെതിരെ റിപ്പബ്ലിക് ടിവി എട്ട് മണിക്കൂറോളം വാര്‍ത്ത പ്രക്ഷേപണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.

2014 ജനുവരി 17നാണ് സൗത്ത് ദല്‍ഹിയിലെ ഹോട്ടല്‍ മുറിക്കുള്ളില്‍ സുനന്ദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസ് വിചാരണയില്‍ സാക്ഷി എന്ന നിലയില്‍ മാധ്യമങ്ങളെ പരിഗണിക്കുന്നുണ്ടെങ്കിലും ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാനോ, ശിക്ഷ നടപ്പിലാക്കാനോ മാധ്യമങ്ങള്‍ക്ക് സാധിക്കില്ലെന്നും തരൂര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തനിക്കൊന്നും മറച്ചുവെയ്ക്കാനില്ലെന്നും അന്വേഷണ സംഘത്തോട് പൂര്‍ണ്ണമായി സഹകരിച്ചെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നും എയിംസ് ഫോറന്‍സിക് വിഭാഗം മേധാവി സുധീര്‍ ഗുപ്ത നേരത്തെ അറിയിച്ചിരുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.