ക്രൈമിലും കേരളം കേമം

Saturday 2 December 2017 2:50 am IST

ന്യൂദല്‍ഹി: വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വളരെ മുന്‍പിലെന്ന് അവകാശപ്പടുന്ന കേരളം കുറ്റകൃത്യങ്ങളിലും അത്ര പിന്നിലൊന്നുമല്ല. ദേശീയ തലത്തില്‍ ഒന്നാം സ്ഥാനമാണ്, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ സംസ്ഥാനമായ, വിദ്യാസമ്പന്നമായ കേരളത്തിന്.

പ്രത്യേക, പ്രാദേശിക നിയമ (എസ്എല്‍എല്‍) പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിന്; 1252.7. ഗുജറാത്താണ് രണ്ടാമത് (457.1) ഇതില്‍ ദേശീയ ശരാശരി വെറും 145.7 ആണ്. ഇത്തരം കേസുകളും കൂടുതല്‍ കേരളത്തിലാണ്, മൊത്തമുള്ളതിന്റെ 24.1 ശതമാനം. 15.5 ശതമാനവുമായി ഗുജറാത്തും തമിഴ്‌നാടും അടുത്തുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ നിരക്കിലും കേരളം പിന്നിലല്ല. ഒന്നാമത് ദല്‍ഹിയാണ് (974.9.) രണ്ടാമത് കേരളം; 727.6. കേരളത്തിന് വളരെ പിന്നിലായി മധ്യപ്രദേശാണ് മൂന്നാമത്; 337.9. ദേശീയ ശരാശരിയുടെ (233.6) ഇരട്ടിയിലേറെയാണ് കേരളത്തിലെ കുറ്റകൃത്യ നിരക്ക്.

തീര്‍ന്നില്ല. ഐപിസി പ്രകാരമുള്ള, മൊത്തം കുറ്റകൃത്യങ്ങളിലും കേരളം മുന്‍പിലാണ്, നാലാം സ്ഥാനം. 9.5 ശതമാനവുമായി യുപിയാണ് മുന്നില്‍. 8.9 ശതമാനവുമായി മധ്യപ്രദേശ് രണ്ടാമത്. മഹാരാഷ്ട്ര( 8.8 ശതമാനം) കേരളം( 8.7ശതമാനം) മൂന്നും നാലും സ്ഥാനങ്ങളില്‍. നാഷണല്‍ ക്രൈംസ് റിക്കാര്‍ഡ് ബ്യൂറോയുടെ 2016ലെ കണക്കാണിത്. യുപിയുമായി കേരളത്തിന് വലിയ വ്യത്യാസമൊന്നുമില്ല; 0.8 ശതമാനം. ആകെ കുറ്റകൃത്യങ്ങളില്‍ 14.7 ശതമാനം കേരളത്തിലാണ്.

കൊച്ചി രണ്ടാമത്

നഗരങ്ങളിലെ കുറ്റകൃത്യങ്ങളില്‍ കൊച്ചിയുണ്ട് മുന്നില്‍. പ്രത്യേക നിയമങ്ങള്‍, പ്രദേശിക നിയമങ്ങള്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങളില്‍ കൊച്ചിക്കാണ് രണ്ടാം സ്ഥാനം. ചെന്നൈയാണ് ഒന്നാമത്, മൂന്നാമത് സൂററ്റ്. 19 മഹാനഗരങ്ങളില്‍ നടന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ 32.9 ശതമാനവും നടന്നത് ചെന്നൈയിലാണ്. കൊച്ചി 12.9 ശതമാനം. സൂററ്റ് 12.6 ശതമാനം.
രാജ്യത്ത് മൊത്തം 48,31,515 കുറ്റകൃത്യങ്ങളാണ് 2016ല്‍ നടന്നത്. ഇവയില്‍ 29,75,711 ഐസിപി പ്രകാരമെടുത്തവ. 18,55,804 എണ്ണം പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ പ്രകാരമെടുത്തവ.2015ലെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ നേരിയ വര്‍ധന (2.6 ശതമാനം)യുണ്ട്.

രാജ്യത്ത് കൊലക്കേസുകള്‍ കുറഞ്ഞുവരികയാണ്. 2015ല്‍ 32,127 കൊലപാതകള്‍ നടന്നു. 2016ല്‍ ഇത് 30,450 ആയി. സ്ത്രീകള്‍ക്കെതിരായ അക്രങ്ങള്‍ വര്‍ദ്ധിച്ചു. യുപിയാണ് മുന്‍പില്‍ (49,262) ബംഗാള്‍ രണ്ടാമത് (32,513)

ജനസംഖ്യ വച്ച് താരതമ്യം ചെയ്യാം

മൊത്തം ജനസംഖ്യയും കുറ്റകൃത്യ നിരക്കും കൂടി താരതമ്യം ചെയ്യണം. കുറ്റകൃത്യങ്ങളില്‍ ഒന്നാമതുള്ള യുപിയില്‍ ജനസംഖ്യ 2192.4 ലക്ഷം. മധ്യപ്രദേശില്‍ ജനസംഖ്യ 782.6 ലക്ഷം. മഹാരാഷ്ട്രയില്‍ 1205.5 ലക്ഷം. കേരളത്തില്‍ ഇത് 357.5 ലക്ഷം മാത്രം. കേരളത്തിന്റെ ഇരട്ടിയും നാലും ആറും ഇരട്ടിയുമുള്ള സംസ്ഥാനങ്ങളാണിവ. അവിടങ്ങളിലെ കുറ്റകൃത്യനിരക്കുകള്‍ക്കടുത്താണ് കൊച്ചു കേരളത്തിലെ കുറ്റകൃത്യങ്ങളും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.