ചരിത്ര നേട്ടം: ഇന്ത്യ വീണ്ടും ഐഎംഒ യില്‍

Saturday 2 December 2017 10:43 am IST

ന്യൂദല്‍ഹി : ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് വിജയം . 144 വോട്ട് നേടി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് ഐഎംഒയില്‍ അംഗരാജ്യമായി തുടരാം.

146 വോട്ട് നേടിയ ജര്‍മനിയാണ് ഒന്നാം സ്ഥാനത്ത്. ഐഎംഒ കൗണ്‍സില്‍ രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ബി കാറ്റഗറിയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് മുന്പ് 10 അംഗരാജ്യങ്ങളും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1959 മുതല്‍ ഇന്ത്യ ഐഎംഒയില്‍ അംഗമാണ്. ഇത് അഭിമാനകരമായ നിമിഷമാണെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ട്വീറ്റ് ചെയ്തു.

ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഓര്‍ഗനൈസേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ തങ്ങുന്നതും ഇന്ത്യക്ക് അനുഗ്രഹമായി . ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഗഡ്കരി അംഗരാജ്യങ്ങളെ സമീപിച്ചിരുന്നു. ഇന്ത്യക്കും ജര്‍മ്മനിക്കും പുറമേ ആസ്‌ട്രേലിയ , ഫ്രാന്‍സ് , കാനഡ , സ്‌പെയിന്‍ , ബ്രസീല്‍ , സ്വീഡന്‍ , നെതര്‍ലന്‍ഡ്‌സ് , യുഎഇ എന്നീ രാജ്യങ്ങളാണ് തെരഞ്ഞെടുപ്പിലൂടെ കൗണ്‍സിലില്‍ എത്തിയത്.

അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ കരുത്ത് വ്യക്തമാക്കുന്നതാണ് മാരിടൈം കൗണ്‍സിലിലെ തെരഞ്ഞെടുപ്പും .

ഐഎംഒ
ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജന്‍സികളില്‍ ഒന്നാണ് അന്താരാഷ്ട്ര മാരിടൈം സംഘടന (ഐഎംഒ) കടല്‍ മാര്‍ഗമുള്ളയാത്രയുടെ സുരക്ഷ, പരിസ്ഥിതി ആശങ്കകള്‍, നിയമപരമായ കാര്യങ്ങള്‍, സാങ്കേതിക സഹകരണം തുടങ്ങിയവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയാണ് ഐഎംഒ.

1982 വരെ ഇന്റര്‍ ഗവണ്‍മെന്റ മാരിടൈം കണ്‍സള്‍റ്റേറ്റീവ് ഓര്‍ഗനൈസേഷന്‍ എന്ന പേരിലാണ് ഐഎംഒ അറിയപ്പെട്ടിരുന്നത്. 1948ല്‍ ജനീവയില്‍ രൂപീകരിച്ച സംഘടന 1959ല്‍ ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിച്ചു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍ 171 അംഗരാജ്യങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.