ഇന്ത്യ ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

Saturday 2 December 2017 11:40 am IST

ന്യൂദല്‍ഹി: നാവികസേനയ്ക്ക് കരുത്ത് പകരുന്നതിനായി ആണവ വാഹക ശേഷിയുള്ള ആറ് മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ-പസഫിക് മേഖലയിലെ ചൈനീസ് നാവിക പ്രതിരോധ സാന്നിധ്യം കണക്കിലെടത്ത് നാവിക സേനയുടെ ശക്തിവര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്കായി ഇന്ത്യ ഒരുങ്ങുന്നത്.

സേനക്കു വേണ്ടി ബൃഹത്തായ പദ്ധതിയാണ് ആവിഷ്‌കരിക്കുന്നതെന്ന് നാവികസേന ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ അറിയിച്ചു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ ചതുഷ്‌കോണ കൂട്ടായ്മയില്‍ വലിയ പങ്ക് വഹിക്കാന്‍ ഇന്ത്യന്‍ നാവികസേന ഒരുങ്ങുകയാണെന്നും ലാന്‍ബ പറഞ്ഞു. നാവിക ദിനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കെതിരായ ഏതുഭീഷണിയേയും പ്രതിരോധിക്കാന്‍ നാവികസേന സജ്ജമാണെന്നും ലാന്‍ബ കൂട്ടിച്ചേര്‍ത്തു. സേനയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍, ആണവ അന്തര്‍വാഹിനികള്‍, പുത്തന്‍ ആയുധസാമഗ്രികള്‍ തുടങ്ങിയവ വികസിപ്പിക്കുമെന്നും നാവികസേനാ മേധാവി അറിയിച്ചു. അതേസമയം ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിലെ ഗ്വേദര്‍ തുറമുഖത്തെ ചൈനയുടെ സാന്നിദ്ധ്യം ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഇത് നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ലാംബ പറഞ്ഞു.

ഇന്ത്യ ദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ ആണവ അന്തര്‍ വാഹിനി അരിദ്ധമന്‍ നേരത്തെ നീറ്റിലിറക്കിയിരുന്നു. വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മ്മാണശാലയിലാണ് ഇത് നിര്‍മിച്ചത്. 2009ല്‍ നീറ്റിലിറക്കിയ അരിഹന്താണ് ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തര്‍വാഹിനി. ഇത് 2016ല്‍ സൈന്യത്തിന്റെ ഭാഗമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.