ഓഖി : മുന്നറിയിപ്പ് യഥാസമയം അറിയിച്ചിരുന്നുവെന്ന് കേന്ദ്ര മന്ത്രി

Saturday 2 December 2017 12:30 pm IST

 

ന്യൂദല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയത്ത് അറിയിച്ചിരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്നറിയിപ്പ് യഥാസമയം കിട്ടിയിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ്കേന്ദ്രം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ വിഭാഗം 29ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, ചീഫ് സെക്രട്ടറി, ജില്ലാ ഭരണ കൂടം, റവന്യൂ തുടങ്ങിയ എല്ലാവര്‍ക്കും ന്യൂനമര്‍ദ്ദം സംബന്ധിച്ച് ഇ-മെയില്‍ അയച്ചിരുന്നു. ഈ അറിയിപ്പുകളെല്ലാം സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും അവഗണിക്കുകയായിരുന്നു.

അതിനിടെ നടുകടലില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടത്തി വരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന് ആരോപിച്ച്‌ മത്സ്യത്തൊഴിലാളികള്‍ നേരിട്ട് കടലില്‍ തെരച്ചിലിനിറങ്ങി. കൊല്ലത്തു നിന്നും വിഴിഞ്ഞത്തു നിന്നുമുള്ള തൊഴിലാളികളാണ് കടലില്‍ കാണാതായ തങ്ങളുടെ കൂട്ടാളികളെ തെരഞ്ഞ് കടലിലേയ്ക്ക് പോയിരിക്കുന്നത്.

നാലു ബോട്ടുകളിലായി 20 തൊഴിലാളികളാണ് കൊല്ലത്തു നിന്നും പുറപ്പെട്ടിരിക്കുന്നത്. നടുകടലില്‍ പെട്ടവരുടെ ജീവനാണ് തങ്ങള്‍ക്ക് പ്രധാനമെന്ന് തൊഴിലാളികള്‍ പ്രതികരിച്ചു. കേരള തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനം അമിനി, മിനിക്കോയ് ദ്വീപുകളുടെ ഇടയ്ക്കാണ്. ഇന്ന് വൈകിട്ടോടെ ഓഖി ലക്ഷദ്വീപ് വിടും. ചുഴലിക്കാറ്റ് തീരം വിട്ടാലും കൂറ്റന്‍ തിരമാകള്‍ ഉണ്ടാകും. ഇടവിട്ട് മഴയും കാറ്റും ഉണ്ടാവുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓഖി ലക്ഷദ്വീപില്‍ കനത്ത നാശമാണ് വിതച്ചത്. മിനിക്കോയ്, കല്‍‌പേനി, അമിനി ദ്വീപുകളെ നാശം സാരമായി ബാധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.