ഓർമ്മകൾ തള്ളിക്കയറ്റി

Sunday 3 December 2017 2:45 am IST

ഈപംക്തികളിലെ ആദ്യകാലത്തെ ഏതാനും ഖണ്ഡങ്ങള്‍ സമാഹരിച്ച് ജന്മഭൂമി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിന് എന്ത് പ്രതികരണമാകും വായനക്കാരില്‍നിന്നുണ്ടാകുക എന്ന് സംശയമായിരുന്നു. ആദ്യം മുതല്‍ തന്നെ തങ്ങളുടെ സന്തോഷം അറിയിച്ചുകൊണ്ട് കേരളത്തിനകത്തും പുറത്തും നിന്നുള്ള ധാരാളം സ്വയംസേവകരും അല്ലാത്തവരും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ചിലര്‍ സംഘവുമായി കാര്യമായ ബന്ധമില്ലാത്തവരായിരുന്നു. അത്ര പ്രശസ്തമല്ലാത്ത തങ്ങളുടെ ഗ്രാമത്തെക്കുറിച്ച് എങ്ങനെയാണിത്ര വിശദമായി മനസ്സിലാക്കിയത് എന്ന സംശയം അഞ്ചരക്കണ്ടിക്കടുത്ത് ചക്കരക്കല്ല് എന്നസ്ഥലത്തെ ഒരാള്‍ അന്വേഷിച്ചു. അറുപതുവര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ നാട്ടില്‍ ബസ് സൗകര്യമില്ലാതിരുന്ന കാലത്തു പദയാത്രയായി സംഘാവശ്യത്തിന് ചെന്നിരുന്നുവെന്നറിയിച്ചപ്പോള്‍ അദ്ദേഹത്തിനു വിസ്മയമായി.

കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തു താമസക്കാരന്‍ ടി. ചന്ദ്രന്‍ നീണ്ട കത്തിലൂടെ തന്റെ സന്തോഷമറിയിക്കുകയായിരുന്നു. 1961 മുതല്‍ സര്‍ക്കാര്‍ സേവനത്തില്‍ ഏര്‍പ്പെട്ട്, ജോലിയില്‍ നിന്ന് വിരമിച്ചു കോഴിക്കോട് താമസമാക്കിയ അദ്ദേഹത്തിന്റെ മുഖം ഇപ്പോഴും ഓര്‍മയില്‍ വരുന്നില്ല. 1957 ല്‍ ചെന്നൈക്കടുത്ത് പല്ലാവരത്തെ എ. എ. ജെയിന്‍സ് കോളജ് വളപ്പില്‍ നടന്ന സംഘശിക്ഷാ വര്‍ഗിനെപ്പറ്റി സംഘപഥത്തില്‍ വായിച്ച സന്തോഷത്തിലാണദ്ദേഹം എഴുതിയത്. ഒന്നാം സ്വാതന്ത്ര്യസമര ശതാബ്ദി അനുസ്മരണമായി അന്നത്തെ കര്‍ണാടക പ്രാന്ത പ്രചാരക് യാദവറാവു ജോഷിനടത്തിയ പ്രഭാഷണം അദ്ദേഹത്തിന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ടത്രെ. ശരിയാണ് എങ്ങനെ മുഴങ്ങാതിരിക്കും? പ്രഭാഷണത്തിനിടെ ഭാവാവിഷ്ടനായി ”കുത്തിയൊലിച്ചു വരുന്ന ഗംഗാപ്രവാഹമെന്നതുപോലെ” ആയിരുന്നല്ലോ യാദവറാവുജിയുടെ വാക്കുകള്‍. സംഘശിക്ഷാവര്‍ഗില്‍ വന്ന തൊടുപുഴക്കാരന്‍ പി.വി. ഗോപാലന് മലയാളം മാത്രമേ വശമായിരുന്നുള്ളൂ. യാദവറാവുജിയുടെ പ്രഭാഷണം മുഴുവന്‍ കേട്ട് ഉറക്കം വരാതെയിരുന്നുവെന്നദ്ദേഹം പറഞ്ഞു. 1857 ന്റെ ചരിത്രം ശാഖയില്‍നിന്ന് ഏതാണ്ട് അറിഞ്ഞിരുന്നതിനാല്‍ യാദവറാവുജിയുടെ പ്രഭാഷണത്തില്‍ ആ ഭാഗം വന്നപ്പോള്‍ മനസ്സിലാക്കിയെന്നാണ് ഗോപാലന്‍ പറഞ്ഞത്.

1956 ല്‍ ചെന്നൈയില്‍ തന്നെ വിവേകാനന്ദ കോളജിലായിരുന്നു ഞാന്‍ പ്രഥമവര്‍ഷ ചെയ്തത്. 1948-49 ല്‍ സംഘം നിരോധിക്കപ്പെട്ട കാലത്തെ സംഘര്‍ഷാത്മക ചരിത്രം മൂന്നു ബൗദ്ധിക്കുകളിലായി യാദവറാവുജി അവതരിപ്പിച്ചതിലെ വാചകങ്ങള്‍ അതേപടി ഇന്നും പറയാന്‍ കഴിയും. അദ്ദേഹം ഉപയോഗിച്ച ഒരു പ്രയോഗം ‘ആചന്ദ്രാര്‍ക്ക’ എന്നും മറ്റൊന്ന് യാവശ്ചന്ദ്ര ദിവാകരൗ എന്നുമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ആ പ്രഭാഷണത്തിലെ ഏതാനും വാചകങ്ങള്‍ സംഘപ്രചാരകന്മാര്‍ക്കു മുന്നില്‍ പറഞ്ഞത് കേട്ട് യാദവറാവുജി ”യാവശ്ചന്ദ്ര ദിവാകരൗ ക്യാ ക്യാ?” എന്നുപറഞ്ഞ് ചുമലില്‍ തട്ടിയതും ഇന്നും പുളകത്തോടെയല്ലാതെ ഓര്‍മിക്കാനാകുന്നില്ല.
1957 ലെ സംഘശിക്ഷാവര്‍ഗില്‍ തിരു-കൊച്ചിയില്‍ നിന്നുള്ള സ്വയംസേവകരുടെ പ്രമുഖ ചുമതലയായിരുന്നു എനിക്ക് ലഭിച്ചത്. ഔപചാരികമായി കേരള സംസ്ഥാനം നിലവില്‍ വന്നിരുന്നുവെങ്കിലും സംഘത്തില്‍ ആ സംവിധാനം പ്രയോഗത്തില്‍ ആയിരുന്നില്ല. മലബാര്‍ ഭാഗത്തുനിന്നുള്ളവരുടെ വസതി വേറെ ആയിരുന്നു. അതുകൊണ്ടാവാം ടി. ചന്ദ്രനുമായി അന്ന് പരിചയപ്പെടാന്‍ കഴിയാതെ വന്നത്. ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ കണ്ണൂരില്‍ പ്രചാരകനായി അവിടെ ഏഴുവര്‍ഷം കഴിഞ്ഞെങ്കിലും അപ്പോഴേക്കും ചന്ദ്രന്‍ സര്‍ക്കാര്‍ ജീവനക്കാരനായി വയനാട്ടിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുമായി അലച്ചിലിലായിരുന്നു.

1967 അവസാനം ജനസംഘത്തിന്റെ 14-ാം അഖില ഭാരത സമ്മേളന കാലത്ത് അവധിയെടുത്ത്, സ്വാഗത സംഘ കാര്യാലയത്തില്‍ സ്റ്റെനോ ആയി പ്രവര്‍ത്തിച്ച വിവരം കത്തില്‍ വായിച്ചപ്പോഴാണ് ചന്ദ്രന്റെ മുഖം ക്രമേണ തെളിഞ്ഞുവന്നത്. അക്കാലത്തു എത്രയോ പേര്‍ അപ്രകാരം പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു സമ്മേളനത്തിന്റെ മഹാവിജയം. കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍നിന്ന് സമ്മേളനത്തിലേക്ക് പ്രതിനിധികളെ തയ്യാറാക്കുകയായിരുന്നു എനിക്കുണ്ടായിരുന്ന മുഖ്യ ചുമതല. മയ്യഴിപ്പുഴ മുതല്‍ തൂതപ്പുഴക്കും ഭാരതപ്പുഴക്കുമിടയിലുള്ള വിശാല പ്രദേശമായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല. മുരളി, അരവിന്ദന്‍ സഹോദരന്മാരെയും ചന്ദ്രന്‍ അനുസ്മരിച്ചു.

ഇതുപോലെ കോഴിക്കോട്ടിനടുത്ത് ഒളവണ്ണയിലുള്ള ചന്ദ്രനും പുസ്തകം വായിച്ച സന്തോഷം പ്രകടിപ്പിക്കാന്‍ വിളിച്ചു. ചന്ദ്രന്‍ 1958 ല്‍ ബേപ്പൂരില്‍ നടത്തപ്പെട്ട ആദ്യത്തെ പഠനശിബിരത്തില്‍ പങ്കെടുത്ത ആളായിരുന്നു. ബേപ്പൂരില്‍ കടല്‍ത്തീരത്തെ തമ്പി ബംഗ്ലാവ് എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിലായിരുന്നു ശിബിരം. മലബാറിലെ ആദ്യകാല പ്രചാരകന്‍ ശങ്കര്‍ശാസ്ത്രിയുടെ അടുത്ത ആരാധകനും സംഘത്തിന്റെ ഉറ്റസുഹൃത്തുമൊക്കെയായിരുന്ന ബി.ടി.ആര്‍ എന്ന രാമചന്ദ്ര മുതലിയാരുടെതായിരുന്നു സ്ഥലം എന്നു തോന്നുന്നു. അദ്ദേഹം കോഴിക്കോട്ടെ തന്റെ വാണിജ്യ സ്ഥാപന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ആന്ധ്രയിലേക്ക് മടങ്ങിയപ്പോള്‍ ബേപ്പൂരിലെ സ്ഥലം ധാര്‍മിക കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടാനായി ധര്‍മസ്ഥാപന നിയമ പ്രകാരമുള്ള വ്യവസ്ഥകള്‍ ചെയ്തുവെന്നാണറിവ്. ശാസ്ത്രിജി കോഴിക്കോട്ടു വന്നപ്പോഴൊക്കെ ആ കുടുംബവുമായി ബന്ധം വെക്കാറുണ്ടായിരുന്നു. ഇന്നത്തെ അവസ്ഥ എന്തെന്നറിയില്ല. ഒളവണ്ണ ചന്ദ്രന് ഇപ്പോഴും തന്റെ ആവേശവും മറ്റും നിലനിര്‍ത്തുന്നുണ്ട് എന്ന് സംഭാഷണത്തില്‍ നിന്ന് മനസ്സിലായി.

കഴിഞ്ഞ ദിവസം മറ്റൊരു സുഹൃത്തുകൂടി പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതിന്റെ ഫലമായി വിളിച്ചു. ഇരിട്ടിക്കടുത്ത് കീഴൂര്‍ ഇടത്തിലെ കുഞ്ഞികൃഷ്ണന്‍ വാഴുന്നവരായിരുന്നു ആള്‍. കണ്ണൂര്‍ പ്രാന്തത്തിലെ ചൊവ്വയിലാണ് ഗൃഹം. ചൊവ്വാഗ്രഹം വാഴുന്നവര്‍ എന്ന്, അദ്ദേഹം അങ്ങോട്ടുമാറിയപ്പോള്‍ ഒരു രസത്തിന് പറഞ്ഞുപോയിരുന്നു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍ ജോലി കിട്ടിയപ്പോള്‍ അദ്ദേഹം കീഴൂരിടത്തില്‍നിന്നും ചൊവ്വയില്‍ ലാന്‍ഡ് ചെയ്തു. അദ്ദേഹത്തിന്റെ അമ്മാവന്‍ പ്രശസ്ത സംസ്‌കൃത പണ്ഡിതനും വേദാന്തിയുമൊക്കെ ആയിരുന്ന സ്വാമി രാമേശ്വരാനന്ദപുരി (മുന്‍ കെ.സി.എന്‍. വാഴുന്നവര്‍) അവിടെ ആശ്രമം സ്ഥാപിച്ചതാണ് കുഞ്ഞികൃഷ്ണന്‍ വാഴുന്നവര്‍ അവിടെ വരാന്‍ മറ്റൊരു കാരണം. 1950 കളിലും 60 കളിലും ഇരിട്ടിയില്‍ വന്ന മുതിര്‍ന്ന സംഘാധികാരിമാര്‍ക്ക് അദ്ദേഹം ഇടത്തിലെ തന്റെ മഠത്തില്‍ ആതിഥേയനായിരുന്നു.

ബംഗാളി ഭാഷയുടെ സാഹിത്യപരമായ മേന്മമൂലം കൊല്‍ക്കത്തയില്‍ നിന്ന് അധ്യാപകരെ വരുത്തി താമസിപ്പിച്ച് പാണ്ഡിത്യം നേടിയ പാരമ്പര്യവും കീഴൂരിടത്തിനുണ്ട്. നേരത്തെ പരാമര്‍ശിച്ച സ്വാമിജിയും അനുജനും ബംഗാളി പണ്ഡിതന്മാരുമായിരുന്നു. അന്നത്തെ പ്രാന്തപ്രചാരക് ദത്താജി ഡിഡോള്‍ക്കര്‍ കീഴൂരിടത്തിലെ വാഴുന്നവര്‍മാരുടെ ഈ ജ്ഞാന സമ്പാദന പാരമ്പര്യത്തെ വിസ്മയപൂര്‍വം പരാമര്‍ശിച്ചിട്ടുണ്ട്.

സംഗീതം, മറ്റു കലകള്‍ എന്നിവയിലും ഇടത്തിലെ അംഗങ്ങള്‍ പ്രഗത്ഭരായിരുന്നു. ശാഖയില്‍ ഗണഗീതം പാടുന്നതില്‍ കീഴൂര്‍ ശാഖ ഏതാണ്ട് ഒന്നാം സ്ഥാനം തന്നെ നേടി. അവിടത്തെ രാമരാജന്‍ തലശ്ശേരിക്കടുത്ത് പാലയാട്ടെ ട്രെയിനിങ് സ്‌കൂളില്‍ പഠിക്കവേ(മാര്‍ക്‌സിസ്റ്റ് കൊലവെറി ഈയിടെ താണ്ഡവമാടിയ അതേ പാലയാട്ട്) വാര്‍ഷികോത്സവത്തില്‍ ”ചിത്രകാരാ നിന്‍ തൂലികയെന്തേ സ്വപ്‌നനാടുകള്‍ തേടിടുന്നു?” എന്ന ഗണഗീതം പാടി ഒന്നാം സ്ഥാനം നേടിയിരുന്നു. ആയിടത്തെ സംഘശിക്ഷാവര്‍ഗുകളില്‍ ഇരിട്ടിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമുള്ള (സനല്‍ കുമാര്‍) സ്വയംസേവകരുടെ ഗാനവൈശിഷ്ട്യത്തെപ്പറ്റി ഗായകന്‍ കൂടിയായിരുന്ന ദിനകര്‍ ബുഝേ എന്ന മുതിര്‍ന്ന പ്രചാരകന്‍ പ്രശംസിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.