കൊച്ചി: ”ബെന്‍സാലി, അതും അതിനപ്പുറവും ചെയ്യും. അതാണ് അനുഭവം, പദ്മാവതി സിനിമയെക്കുറിച്ച് കണ്ടാലേ പറയാനാവൂ,” ജ്ഞാനപീഠ ജേതാവ് ഡോ. രഘുബീര്‍ ചൗധരി പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വിശിഷ്ടാതിഥിയായിരുന്ന ചൗധരി സഞ്ജയ് ലീലാ ബെന്‍സാലി സംവിധാനം ചെയ്ത പദ്മാവതി സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചു.
പദ്മാവതി കഥാപാത്രമായ ‘സിക്കന്ദര്‍ സാനി’ എന്ന നാടകത്തിന്റെ രചയിതാവുകൂടിയാണ് ചൗധരി. ചൗധരിയുടെ നാടകത്തില്‍ മുഖ്യ കഥാപാത്രം അമീര്‍ ഖുസ്രുവാണ്. പദ്മാവതിയും അലാവുദീന്‍ ഖില്ജിയുമുണ്ട്. ”പദ്മാവതി രാജകുമാരിയാണ്. ഖില്‍ജി ആ രാജകുമാരിയെ കിനാവുകാണുന്നുവെന്ന് മാത്രം. നേരില്‍ പോലും കണ്ടില്ല. അങ്ങനെയാണ് ചരിത്രം. എന്റെ നാടകം കശ്മീരില്‍ നാല് വേദികളുള്‍പ്പെടെ 20 അരങ്ങില്‍ കളിച്ചു. ഒരു വിവാദവുമെങ്ങുമുണ്ടായില്ല. ഏറെ പ്രശംസിക്കപ്പെട്ടു,” ചൗധരി ഓര്‍മ്മിക്കുന്നു.
”പദ്മാവതി സിനിമയാക്കുന്ന ബെന്‍സാലി, ഇല്ലാക്കഥ പറയുന്നുവെന്നാണ് ആക്ഷേപം. സിനിമ ഇറങ്ങി, കണ്ടാലേ കൃത്യമായി പറയാനാവൂ. ഒന്നുറപ്പാണ്. ബെന്‍സാലി കച്ചവടലക്ഷ്യം വെച്ച് എന്തും ചെയ്യും. ‘സരസ്വതീ ചന്ദ്ര’ എന്ന 19-ാം നൂറ്റാണ്ടിന്റെ കഥ പറയുന്ന പ്രസിദ്ധ ഗുജറാത്തി നോവല്‍ ടെലിസീരിയലാക്കിയപ്പോള് കഥാപാത്രങ്ങളെ കച്ചവട ലക്ഷ്യം വെച്ച് ബെന്‍സാലി മാറ്റി, അത്യന്താധുനികരാക്കി. അത് വലിയ വിവാദങ്ങളുയര്‍ത്തിയിരുന്നു. എന്തായാലും, പദ്മാവതിയെന്ന രാജ്ഞി ഘൂമര് നൃത്തം ചെയ്യില്ലെന്നുറപ്പ്. സിനിമയില്‍ അങ്ങനെയുണ്ടെന്നാണ് ഇതുവരെ കാണുന്നത്,” ചൗധരി വിശദീകരിച്ചു.
നാലുവര്‍ഷം മുമ്പ് സ്റ്റാര്‍ പ്ലസ് ചാനലിലാണ് ബെന്‍സാലി ‘സരസ്വതീ ചന്ദ്ര’ സീരിയല്‍ ചെയ്തത്. ഗോവര്ദ്ധന് ത്രിപാഠിയുടേതാണ് നോവല്‍. കാലവും കഥാപാത്രങ്ങളും സാഹചര്യങ്ങളുമൊക്കെ തന്നിഷ്ടത്തിനു മാറ്റി ബെന്‍സാലി നോവലിനെ കച്ചവടവല്ക്കരിക്കുകയായിരുന്നു. വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും സ്ത്രീകള്‍ നടത്തുന്ന നാടോടി നൃത്തമാണ് ഘൂമര്. രാജകുമാരി ഘൂമര് നൃത്തം ചെയ്യാന്‍ ഒരു സാധ്യതയുമില്ലെന്ന ചൗധരിയുടെ വിലയിരുത്തല്‍ ശരിവെക്കുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഇല്ലെന്ന് ചൗധരി പറഞ്ഞു. ഹാര്‍ദ്ദിക് പട്ടേലിന്റേത് കോമാളിത്തരമാണ്. വൈകാതെ അയാള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയും. മോദിക്ക് അവിടെ ബദലില്ല. മോദി ഗുജറാത്തുകാര്‍ക്ക് വികാരമാണ്. എതിരാൡകള്ക്കും ആരാധനയാണ്. എല്ലാ കാര്യത്തിലും അറിവുണ്ട്. സാഹിത്യകാരനാണ്. 12 കഥയെഴുതിയിട്ടുണ്ട്. ഗുജറാത്തി സാഹിത്യ സമാജത്തില്‍ അംഗമാണ്. ഗുജറാത്ത് അസാധാരണ സംസ്ഥാനമാണ്. വികസന കാര്യത്തില്‍ മാത്രമല്ല, ഗുജറാത്തിനെ മാതൃകയാക്കാവുന്നത്, ചൗധരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: