ചക്കുളത്തുകാവ് യാഗഭൂമിയാകും

Sunday 3 December 2017 2:18 am IST

നീരേറ്റുപുറം: ചക്കുളത്തുകാവില്‍ വ്രതശുദ്ധരായ ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് കാര്‍ത്തിക പൊങ്കാല അര്‍പ്പിച്ച് ഭഗവതീ കടാക്ഷം നേടാനെത്തും.
കനത്ത മഴയേയും പ്രതികൂല കാലാവസ്ഥയേയും അവഗണിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ രണ്ടു നാള്‍ മുമ്പ് തന്നെ ഇവിടെ എത്തിക്കഴിഞ്ഞു. ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ക്ഷേത്രവും പരിസരപ്രദേശങ്ങളും കൂടാതെ തകഴി, തിരുവല്ല, ചെങ്ങന്നൂര്‍, മാന്നാര്‍, വീയപുരം, മുത്തൂര്‍ എന്നിവിടങ്ങളിലും നാളെ ഭക്തര്‍ക്ക് പൊങ്കാലയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ചക്കുളത്തുകാവിലും പരിസരങ്ങളിലും റോഡിന്റെ വശങ്ങളിലും അടുപ്പും മണ്‍കലങ്ങളുമായി ദേവിക്കു പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തര്‍ നിരക്കും.
പുലര്‍ച്ചെ നാലിന് ഗണപതിഹോമവും നിര്‍മ്മാല്യദര്‍ശനവും 8.30 ന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന, രാവിലെ ഒന്‍പതിന് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
പൊങ്കാല ഉദ്ഘാടനം പ്രമുഖ വ്യവസായിയും സിംഗപ്പൂര്‍ ശ്രീനിവാസ പെരുമാള്‍ക്ഷേത്രം മെമ്പറുമായ ധര്‍മ്മ ചിന്താമണി കുമാര്‍ പിള്ള നിര്‍വഹിക്കും. സിംഗപ്പൂര്‍ നയതന്ത്രജ്ഞനും സ്‌പെഷ്യല്‍ എന്‍വോയിയുമായ പത്മശ്രീ ഗോപിനാഥപിള്ള മുഖ്യാതിഥിയായിരിക്കും. സിംഗപ്പൂര്‍ മലയാളി സമാജം പ്രസിഡന്റ് അജയകുമാര്‍ നായര്‍ മുഖ്യപ്രഭാക്ഷണം നടത്തും.
തുടര്‍ന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ ക്ഷേത്രശ്രീകോവിലില്‍ നിന്നും എഴുന്നുള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുമ്പോള്‍ പൊങ്കാലക്ക് തുടക്കം കുറിച്ച് പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യകാര്യദര്‍ശി രാധാകൃക്ഷ്ണന്‍ നമ്പൂതിരി അഗ്നി പകരും.
11ന് 500ലധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് 5.30ന് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കുട്ടനാട് എംഎല്‍എ തോമസ്സ് ചാണ്ടി ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി ഭദ്രദീപം തെളിയിക്കും.
തിരുവല്ല അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ആര്‍. സനല്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബിജെപി ജില്ല പ്രസിഡന്റ് കെ. സോമന്‍, കെപിസിസി ജനറല്‍ സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ജനൂപ് പ്രഭാകരന്‍, കെ.ജി സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
യു.എന്‍. വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.