ജസ്റ്റിസ് ആനന്ദ് മനുഷ്യാവകാശങ്ങളുടെ പോരാളി

Sunday 3 December 2017 2:45 am IST

ന്യൂദല്‍ഹി: കഴിഞ്ഞ രാത്രി അന്തരിച്ച മുന്‍സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡോ. ആദര്‍ശ് സെയ്ന്‍ ആനന്ദ് എന്നും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ നിയമജ്ഞനായിരുന്നു. ഹൃദയാഘാതത്തെുടര്‍ന്നായിരുന്നു അന്ത്യം. 81 വയസായിരുന്നു. ഭാര്യയും മൂന്നു പെണ്‍മക്കളുമുണ്ട്. നാളെ ദല്‍ഹി ലോധി ശ്മശാനത്തിലാണ് സംസ്‌ക്കാരം.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായിരുന്ന അദ്ദേഹം അന്താരാഷ്ട്ര മനുഷ്യാവകാശ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നിട്ടുണ്ട്. ഇന്ത്യയുടെ ഇരുപെത്താന്‍പതാമത് ചീഫ് ജസ്റ്റിസായിരുന്നു. 98 ഒക്‌ടോബര്‍ പത്തു മുതല്‍ 2001 നവംബര്‍ ഒന്നുവരെ ആ പദവി അലങ്കരിച്ചു.2003 ഫെബ്രുവരി 17 മുതല്‍ 2007 ഏപ്രില്‍ ഒന്നുവരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായിരുന്നു. ഡികെ ബസു എന്നയാളുടെ കോളിക്കമുണ്ടാക്കിയ കസ്റ്റഡി മരണക്കേസില്‍ ചരിത്രം കുറിച്ച വിധിയെഴുതിയത് അദ്ദേഹമായിരുന്നു. അറസ്റ്റ്, കസ്റ്റഡി പീഡനം, ജയില്‍പ്പുള്ളികളുടെ മനുഷ്യാവകാശം എന്നിവ സംബന്ധിച്ച് കര്‍ശനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും അദ്ദേഹമായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാന്‍ നിയമിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. 1936 നവംബര്‍ ഒന്നിന് ജമ്മുകശ്മീരില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ജമ്മുവില്‍. ജമ്മുകശ്മീര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം. 64ല്‍ ലക്‌നൗ സര്‍വ്വകലാശാലയില്‍ നിന്ന് നിയമബിരുദം. പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസാരംഭിച്ചു. 75ല്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജി.

76ല്‍ സ്ഥിരം ജഡ്ജിയായി. 84ല്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം (ഒന്‍പതു വര്‍ഷത്തിനു ശേഷം) ഹൈക്കോടതി സ്ഥിരം ചീഫ് ജസ്റ്റിസായി. 91ലാണ് സുപ്രീം കോടതി ജഡ്ജിയായത്. 98ല്‍ ചീഫ് ജസ്റ്റിസും. ജമ്മുകശ്മീര്‍ ഭരണഘടനയെപ്പറ്റി പുസ്തകം രചിച്ചിട്ടുണ്ട്. 96ല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സൊസൈറ്റി പ്രസിഡന്റായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. നിവധി അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.