ആറ് ആണവമുങ്ങിക്കപ്പല്‍ നിര്‍മ്മിക്കാനുള്ള നടപടി തുടങ്ങി

Sunday 3 December 2017 2:46 am IST

ന്യൂദല്‍ഹി: ആറ് ആണവ മുങ്ങിക്കപ്പലുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. നാവിക സേനയുടെ കരുത്ത് ഇരട്ടിയാക്കുന്ന നടപടി ചൈനക്കെതിരെയുള്ള ശക്തമായ നീക്കമാണെന്നും കരുതപ്പെടുന്നു.

ഇന്ത്യയും അമേരിക്കയും ആസ്‌ട്രേലിയയും ജപ്പാനും ഉള്‍പ്പെടുന്ന സഖ്യത്തില്‍ കൂടുതല്‍ പങ്ക് നിര്‍വ്വഹിക്കാന്‍ തയ്യാറാണെന്നും നാവിക സേനാ മേധാവി സുനില്‍ ലാംബ നാവിക സേനാ ദിനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേലളനത്തില്‍ അറിയിച്ചു.
കടല്‍ക്കൊള്ളക്കാരെ തടയാനെന്ന പേരില്‍ ചൈന മുങ്ങിക്കപ്പലുകള്‍ വിന്യസിക്കുന്നതില്‍ ലാംബ അത്ഭുതം പ്രകടിപ്പിച്ചു. ഇവ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം സൂചന നല്‍കി.

മുങ്ങിക്കപ്പലുകള്‍ക്കു പുറമേ ചൈന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എട്ട് പടക്കപ്പലുകളാണ് വിന്യസിച്ചിരുന്നത്. ആഗസ്‌തോടെ അവയുടെ എണ്ണം പതിനാലായി.ധോക്‌ലാം പ്രശ്‌ന ശേഷം അവര്‍ മുങ്ങിക്കപ്പലുകളും കപ്പലുകളും കൂടുതലായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിക്കുന്നുണ്ട്. അദ്ദേഹം കടലില്‍ നാം നേരിടുന്ന ഭീഷണികള്‍ വിവരിച്ചു. ഇന്ത്യന്‍ നാവിക സേന ആന്‍ഡമാന്‍ കടല്‍, മലാക്ക കടലിടുക്ക്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ ഭാഗങ്ങളില്‍ സാന്നിധ്യം ശക്തമാക്കി വരികയാണ്. ഏദന്‍ ഉള്‍ക്കടല്‍ മുതല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രം വരെ 24 മണിക്കൂറും ഇപ്പോള്‍ നമ്മുടെ കപ്പലുകളുടെ സാന്നിധ്യമുണ്ട്.

34 കപ്പലുകള്‍ നിര്‍മ്മിക്കുന്നു
നാവിക സേനയുടെ കരുത്ത് കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 34 യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണം വിവിധ കപ്പല്‍ശാലകളില്‍ നടന്നുവരികയാണ്.40,000 കോടി രൂപയുടെ കപ്പല്‍ശാല വികസന പദ്ധതികളും നടന്നുവരുന്നു. ഇന്ത്യയിലെ 23 സ്വകാര്യ കപ്പല്‍ശാലകള്‍ നാവിക സേനക്കു വേണ്ടി കപ്പലുണ്ടാക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്.

ഇവയ്ക്ക് അതിനുള്ള ശേഷിയും അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. നാവിക സേനയുടെ വ്യോമവിഭാഗം കൂടുതല്‍ ശക്തമാക്കും. ഇതിനായി നാവികസേന കൂടുതല്‍ യുദ്ധവിമാനങ്ങളും നിൂക്ഷണ വിമാനങ്ങളും ഹെലിക്കോപ്ടറുകളും സ്വന്തമാക്കും.

സ്വന്തം വിമാന വാഹിനി 2020ല്‍
ന്യൂദല്‍ഹി; ഭാരതം സ്വന്തമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ 2020 ഓടെ സജ്ജമാകുമെന്ന് നാവിക സേനാ മേധാവി സുനില്‍ ലാംബ.രണ്ടാമത്തെ വിമാനവാഹിനിക്കുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഇതിന് 65,000 ടണ്‍ ഭാരമുണ്ടാകും. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.