വട്‌നഗര്‍-ഒരു സ്വപ്‌നത്തിന്റെ പേര്

Sunday 3 December 2017 2:47 am IST

മോദി കുട്ടിക്കാലത്ത് ചായവിറ്റിരുന്ന വട്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനിലെ ചായക്കട

വ്യത്യസ്ത രൂപകല്‍പ്പനകളിലുള്ള ആറ് പ്രവേശ കവാടങ്ങളോട് കൂടിയ കോട്ടക്കുള്ളിലാണ് വട്‌നഗറെന്ന പുരാതന നഗരം. എ.ഡി. 1152ല്‍ സോളങ്കി രാജവംശത്തിലെ കുമാര്‍പാല രാജാവാണ് കോട്ട നിര്‍മ്മിച്ചത്. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാന്‍ സാധിക്കുന്ന ഇടുങ്ങിയ റോഡുകളും ഇടവഴികളും. ഇരുവശങ്ങളിലും ഒട്ടിച്ചേര്‍ന്നുനില്‍ക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കം വിളിച്ചോതുന്ന കെട്ടിടങ്ങളും അവശിഷ്ടങ്ങളും. തെരുവ് കച്ചവടക്കാരുടെ ബഹളം. ഗുജറാത്തില്‍ ഏറ്റവും സാധാരണക്കാരായ ഗ്രാമീണര്‍ ജീവിക്കുന്ന ഇടങ്ങളിലൊന്നാണ് ഈ തെരുവെന്ന് വഴികാട്ടിയായ സുരേഷ് പട്ടേല്‍ വിശദീകരിച്ചു. ഇവിടെ ജീവിച്ച ദരിദ്രകുടുംബത്തില്‍ നിന്നാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന ‘ചായ്‌വാല’ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് നടന്നുകയറിയത്. വട്‌നഗറും നരേന്ദ്ര മോദിയും ഇന്ന് തെരുവില്‍ ഓടിക്കളിക്കുന്ന കുട്ടികളുടെ സ്വപ്‌നത്തിന്റെ പേര് കൂടിയാണ്.

വഴി ചോദിച്ചവരെല്ലാം നിറഞ്ഞ സന്തോഷത്തോടെ നരേന്ദ്ര ഭായിയുടെ വീട് പറഞ്ഞുതരുന്നു. സന്ദര്‍ശകര്‍ പതിവാണെന്ന് അവരുടെ സംസാരം വ്യക്തമാക്കി. ഒരിറക്കത്തില്‍, കെട്ടിടങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടി നില്‍ക്കുന്ന മോദിയുടെ വീട് സുരേഷ് പട്ടേല്‍ ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആരും താമസമില്ല. ഭര്‍ത്താവിന്റെ മരണശേഷം മോദിയുടെ അമ്മ ഹീരാബെന്‍ കുറച്ച് വര്‍ഷം ഇവിടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഗാന്ധിനഗറില്‍ മകന്‍ പങ്കജ് മോദിക്കൊപ്പമാണ് താമസം. സഹോദരന്‍ സോംഭായ് മോദി വട്‌നഗറിലുണ്ട്. ഇവിടെ നിന്നും ഏതാനും കിലോമീറ്റര്‍ അകലെ വൃദ്ധസദനം നടത്തുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ സോംഭായ്. ഗ്രാമത്തില്‍ തെരഞ്ഞെടുപ്പിന്റെ അടയാളങ്ങള്‍ ഒന്നുമില്ലെങ്കിലും വോട്ട് ആര്‍ക്കെന്ന് വ്യക്തം. ”പ്രധാനമന്ത്രിയായ മോദിയുടെ പാര്‍ട്ടിക്കല്ലാതെ മറ്റാര്‍ക്കാണ് ഞങ്ങള്‍ വോട്ടു ചെയ്യുക. ഇവിടെ മോദി മാത്രമേയുള്ളു”. അധ്യാപകനെങ്കിലും രാഷ്ട്രീയം തുറന്നുപറയാന്‍ ദശ്‌രഥ് ഭായ് മടികാണിച്ചില്ല.

ആ ചായക്കട ഇപ്പോഴും; മുഖം മാറ്റാനൊരുങ്ങി വട്‌നഗര്‍

ഗുജറാത്തിലെ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടാനൊരുങ്ങുകയാണ് വട്‌നഗര്‍. ചരിത്രപരമായ പ്രധാന്യവും പ്രധാനമന്ത്രിയുടെ ഗ്രാമമെന്ന പ്രസിദ്ധിയും അനുകൂലമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വട്‌നഗറും അടുത്തുള്ള മൊധേര, പത്താന്‍ റെയില്‍വേ സ്‌റ്റേഷനുകളും നവീകരിക്കുന്നതിന് 100 കോടി രൂപ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. മീറ്റര്‍ഗേജ് പാത ബ്രോഡ്‌ഗേജാക്കും. പകുതിയിലേറെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. മോദിയുടെ അഛന്‍ ദാമോദര്‍ദാസ് ചായവിറ്റിരുന്നത് ഈ റെയില്‍വേ സ്റ്റേഷനിലാണ്. കുട്ടിക്കാലത്ത് അഛനെ സഹായിക്കാന്‍ മോദിയും ഉണ്ടാകുമായിരുന്നു. കാലപ്പഴക്കത്തില്‍ ദ്രവിച്ചെങ്കിലും ചായക്കട ഇപ്പോഴുമുണ്ട്. നിരവധിയാളുകള്‍ സന്ദര്‍ശിച്ച് ഫോട്ടെയുത്ത് മടങ്ങുന്നു. ഇത് നവീകരിച്ച് സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

4500 വര്‍ഷത്തിലേറെ പഴക്കമുള്ള വട്‌നഗര്‍ നഗരം പുരാണവും ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. ശര്‍മ്മിഷ്ഠ തടാകം, സ്റ്റെപ് വെല്‍, വിജയസ്തംഭങ്ങളുള്‍പ്പെടെ രാജഭരണകാലത്തെ നിര്‍മ്മിതികള്‍ എന്നിവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. പുരാവസ്തു വകുപ്പിന്റെ ഉത്ഖനനത്തില്‍ ബുദ്ധ സംസ്‌കാരത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തിട്ടുണ്ട്. പ്രസിദ്ധമായ നിരവധി ഹിന്ദു, ജൈന ക്ഷേത്രങ്ങളും ഉണ്ട്. മികച്ച വിനോദസഞ്ചാര കേന്ദ്രമാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതിന് കാരണവും ഇതൊക്കെയാണ്. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി കഴിഞ്ഞ ഒക്ടോബറില്‍ മോദി വട്‌നഗറിലെത്തിയത് ഗ്രാമത്തിന്റെ ആഘോഷമായി മാറിയിരുന്നു.

വട്‌നഗറില്‍ മോദിയുടെ വീട് സ്ഥിതി ചെയ്യുന്ന തെരുവ്

ബിജെപിയുടെ കോട്ട

ബിജെപിയുടെ സിറ്റിംഗ് സീറ്റായ മെഹ്‌സാന നിയോജക മണ്ഡലത്തിലാണ് വട്‌നഗര്‍. 1990 മുതല്‍ ആറ് തവണ ബിജെപി തുടര്‍ച്ചയായി മണ്ഡലത്തില്‍ വിജയിച്ചു. 25205 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു 2012ല്‍ ബിജെപി സ്ഥാനാര്‍ത്ഥി നിതില്‍കുമാര്‍ പട്ടേലിന്റെ വിജയം. ഉപമുഖ്യമന്ത്രിയായ നിതിന്‍ പട്ടേല്‍ തന്നെയാണ് ഇത്തവണയും ബിജെപി സ്ഥാനാര്‍ത്ഥി. മെഹ്‌സാന ലോക്‌സഭാ മണ്ഡലവും ബിജെപിയുടെ ഉരുക്കുകോട്ടയാണ്.

1984ല്‍ ബിജെപി ആദ്യമായി രണ്ട് ലോക്‌സഭാ സീറ്റുകള്‍ ജയിച്ചതില്‍ ഒന്ന് മെഹ്‌സാനയാണ്. എ.കെ. പട്ടേലായിരുന്നു അന്നത്തെ സ്ഥാനാര്‍ത്ഥി. അദ്ദേഹം പിന്നീട് നാല് വതണ കൂടി വിജയിച്ചു. 1999ലും 2004ലും കോണ്‍ഗ്രസ് ജയിച്ചെങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ബിജെപി നിലനിര്‍ത്തി. 2014ല്‍ രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ജയ്ശ്രീബെന്‍ പട്ടേല്‍ വിജയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.