സിദ്ധസമാജം അഥവാ സിദ്ധാശ്രമം

Sunday 3 December 2017 2:45 am IST

ആദ്ധ്യാത്മികതയുടെ ഔന്നിത്യങ്ങള്‍ തേടിയുള്ള ഭാരത മനീഷികളുടെ യാത്ര ലോകത്തിന് നല്‍കിയ സംഭാവന ചെറുതല്ല. ഈ ഭൗതിക പ്രപഞ്ചത്തിലെ ഓരോ കണികകളും സൃഷ്ടിക്കപ്പെട്ടതും, നിലനില്‍ക്കുന്നതും, നാശത്തിന്ന് വിധേയമാകുന്നതും പഞ്ചഭൂതങ്ങളുടെയും അവയെ നിയന്ത്രിക്കുന്ന പ്രാണശക്തിയുടെയും പ്രവര്‍ത്തന ഫലമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. പ്രസ്തുത പഞ്ചഭൂതങ്ങളെയും പ്രാണശക്തിയെയും മനഃശ്ശക്തികൊണ്ട് നിയന്ത്രിച്ച് ലോക നന്മയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്താമെന്നുമുള്ള അറിവ് ആദ്യമായി ലോകത്തിന്ന് പ്രദാനം ചെയ്തതും ഭാരത ദാര്‍ശിനികര്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഒരുകാലത്ത് ഭാരതം ലോകത്തിന്ന് മുന്നില്‍ ആദ്ധ്യാത്മിക തലത്തില്‍ മാത്രമല്ല, സമ്പല്‍സമൃദ്ധിയിലും, ഭൗതീക ശാസ്ത്രജ്ഞാനത്തിലും ഉത്തുംഗശ്രേണിയിലായിരുന്നു. ചില വിദേശ രാജാക്കന്മാര്‍ ക്രൂരവും വഞ്ചനാത്മകവുമായ ചതിപ്രയോഗങ്ങളിലൂടെ ഈ സംസ്‌കാരത്തെയും അറിവിനേയും, സമ്പത്തിനെയും നശിപ്പിക്കുന്നതു വരെ.

ഭൗതികമായ ഔന്നത്യത്തോടൊപ്പം മനുഷ്യ ജന്മത്തിന്റെ ആത്യന്തികമായ ലക്ഷ്യം ബ്രഹ്മത്തിലേക്കുള്ള ലയനമാണെന്നതില്‍ ഭാരതീയമായ മിക്കവാറും എല്ലാ ശാസ്ത്രങ്ങളും ഓരേ അഭിപ്രായത്തിലാണ്. എന്നാല്‍ ബ്രഹ്മം മാത്രമാണ് സത്യമായിട്ടുള്ളതെന്നും ബാക്കിയുള്ളതെല്ലാം മിഥ്യകള്‍ മാത്രമാണെന്നും അതുകൊണ്ട് ഓരോ മനുഷ്യനും ബ്രഹ്മ സാക്ഷാല്‍ക്കാരത്തിന്നു വേണ്ടിയാണ് ശ്രമിക്കേണ്ടതെന്നും ഉപദേശിക്കുന്ന ശാസ്ത്രങ്ങളില്‍ വേദാന്തം, യോഗ എന്നിവ ഉള്‍പ്പെടുന്നു. പ്രായോഗിക പരിശീലനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ യോഗയ്ക്ക് നിരവധി വിഭാഗാന്തരങ്ങളുണ്ട്. അത്തരത്തില്‍ ഭാരതത്തില്‍ നിലനിന്നിരുന്നതും എന്നാല്‍ സാധാരണക്കാര്‍ക്ക് അറിവില്ലാതിരുന്നതും, അപ്രാപ്യവുമായിരുന്ന ഒന്നായിരുന്നു ക്രിയായോഗ. വളരെ ലളിതമായ പരിശീലനങ്ങളിലൂടെ കുണ്ഡലിനീ ശക്തിയെ ബ്രഹ്മരന്ധ്രത്തിലേക്ക് നയിക്കുക വഴി ജീവബ്രഹ്മ ഐക്യം സാധ്യമാക്കുന്ന പ്രസ്തുത പരിശീനക്രമങ്ങളെ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കിയ ഒരു മഹാത്മാവായിരുന്നു വടകരയിലെ സിദ്ധസമാജം സ്ഥാപകനായ സ്വാമി ശിവാനന്ദ പരമഹംസര്‍.

ആദ്ധ്യാത്മികതയുടെ പേരില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ക്കെതിരെ മാത്രമല്ല, ജാതി ചിന്തകളും, ഉച്ചനീചത്വങ്ങളും കേരളത്തില്‍ കൊടികുത്തി വാണിരുന്ന ആ കാലത്ത് പ്രസ്തുത അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സ്വാമി ശിവാനന്ദര്‍ പടപൊരുതി. താഴ്ന്ന ജാതിക്കാരെന്ന് മുദ്രകുത്തി അവഹേളിച്ചവരെ തന്റെ കൂടെ കൂട്ടിയതിനും അവരുടെ കൂടെയിരുന്ന് പന്തിഭോജനം നടത്തിയതിനും അന്ന് സ്വാമിജിക്ക് ശാരീരികവും മാനസികവുമായി അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ ഏറെയാണ്. എന്നാല്‍ അവയെയെല്ലാം മറി കടന്നുകൊണ്ട് ജാതി -മത- വര്‍ഗ്ഗ രഹിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്വാമിജി വിജയിച്ചു. സ്വാമിയുടെ നൂതന ആശയവുമായി ആകൃഷ്ടരായി ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ ശിഷ്യരായി. ഇതില്‍ സവര്‍ണ്ണരും അവര്‍ണ്ണരും സമ്പന്നരും പാവപ്പെട്ടവരും സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. ജാതിചിന്ത സമൂഹത്തില്‍ നിന്ന് പാടെ തുടച്ചു നീക്കുന്നതിന്റ ഭാഗമായി അന്നത്തെക്കാലത്ത് ചിന്തിക്കാന്‍പോലും കഴിയാതിരുന്ന താഴ്ന്നജാതിക്കാരെന്നു പറയുന്നവരേയും ഉയര്‍ന്നജാതിക്കാരെന്ന് പറയുന്നവരെയും തമ്മില്‍ വിവാഹം കഴിപ്പിക്കുന്ന വിപ്ലവാത്മകമായ ഒരു മുന്നേറ്റത്തിന്നും സ്വാമിജി ആരംഭം കുറിച്ചു.

തന്റെ ശിഷ്യന്മാരുടെ ആവശ്യപ്രകാരം ഈ ആശയങ്ങളെ കൂടുതല്‍ ആഴത്തില്‍ അനുവര്‍ത്തിക്കുന്നതിനും നിലനിര്‍ത്തുന്നതിനും അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനും സഹായകമായ വിധത്തില്‍ സിദ്ധസമാജം എന്ന പേരില്‍ ഒരു ആശ്രമം 1921 ല്‍ സ്വാമി വടകരയിലെ ലോകനാര്‍കാവിനു സമീപം മേമുണ്ട എന്ന സ്ഥലത്ത് സ്ഥാപിച്ചു. ഇന്ന് കേരളത്തിനകത്തും പുറത്തുമായി വടകര ആശ്രമത്തിന്റെ കീഴില്‍ നാല് സിദ്ധാശ്രമങ്ങളുണ്ട്.
വടകരയിലെ മുട്ടുങ്കല്‍ ഗ്രാമത്തില്‍ കരുണാകരക്കുറുപ്പിന്റെയും മാധവി അമ്മയുടെയും പുത്രനായി 1879 ഡിസംബര്‍ എട്ടാം തീയ്യതി കാര്‍ത്തിക നാളില്‍ സിദ്ധസമാജം സ്ഥാപകനായ സ്വാമി ശിവാനന്ദര്‍ ഭൂജാതനായി. കുട്ടിയുടെ പേര് രാമന്‍ നമ്പ്യാര്‍ എന്നായിരുന്നു. നല്ല ആരോഗ്യവാനും, കളരി അഭ്യാസിയുമായിരുന്ന അദ്ദേഹത്തിന്ന് പതിനേഴാം വയസ്സില്‍ തന്നെ പോലീസില്‍ ജോലി ലഭിച്ചു. കുടുംബ ജീവിതം വളരെ സന്തുഷ്ടമായി നീങ്ങിക്കൊണ്ടിരിക്കേ പെട്ടന്നു സംഭവിച്ച ഭാര്യയുടെ മരണം അദ്ദേഹത്തെ വളരെ ദുഖിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മരണം എന്താണ്, മരിക്കുമ്പോള്‍ ഒരാളില്‍ നിന്ന് എന്താണ് നഷ്ടപ്പെടുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലുയര്‍ന്നു. മരണാനന്തര ചടങ്ങുകള്‍ കഴിച്ച് സ്വസ്ഥതയ്ക്കു വേണ്ടി പലസ്ഥലങ്ങളിലും അലഞ്ഞ് തിരിഞ്ഞ് അവസാനം പഴനി മലയില്‍ എത്തിച്ചേര്‍ന്നു. അവിടെ വര്‍ഷങ്ങളോളം തപസ്സനുഷ്ഠിച്ചു. 1910 ജനുവരി അഞ്ചിന്ന് ഹിമാലയത്തിലേക്ക് യാത്ര പുറപ്പെട്ടു. അവിടെ ഒരു ഗുഹയില്‍ വളരെ നാള്‍ തപസ്സിലിരുന്നു. ആ ഗുഹയില്‍ നിന്ന് അദ്ദേഹം പുറത്തു വന്നത് ഒരു കാര്‍ത്തിക നാളിലായിരുന്നു.

1913 ല്‍ സ്വാമി വീണ്ടും കേരളത്തിലേക്ക് മടങ്ങി വരാന്‍ തീരുമാനിച്ചു. അതിന്നിടയ്ക്ക് അദ്ദേഹത്തിന്ന് ഒരു സ്വപ്‌ന ദര്‍ശനമുണ്ടായി, ശൃംഗേരി ശാരദാപീഠത്തില്‍ പോയി അവിടുന്ന് തരുന്ന വസ്തുക്കള്‍ സ്വീകരിക്കണമെന്ന്. ഇതേ സമയത്ത് ശൃംഗേരി ശാരദാ പീഠത്തിലെ മുപ്പത്തിരണ്ടാമത് ശങ്കരാചാര്യരായിരുന്ന നരസിംഹഭാരതി സ്വാമിജിക്കും ഒരു സ്വപ്‌നദര്‍ശനമുണ്ടായി അതായത് ആദിശങ്കരാചാര്യരുടെ യോഗദണ്ഡ്, പഞ്ചലോഹത്തില്‍ നിര്‍മിച്ച കമണ്ഡലു എന്നിവ സ്വീകരിക്കാന്‍ അവകാശപ്പെട്ട ഒരാള്‍ വരും. അദ്ദേഹത്തിന്ന് അതെല്ലാം കൈമാറണം എന്നായിരുന്നു അത്. സ്വാമി ശിവാനന്ദര്‍ ശൃംഗേരിയിലെ ആശ്രമത്തില്‍ എത്തിയപ്പോള്‍ നരസിംഹഭാരതി സ്വാമിജി തന്റെ സ്വപ്‌നത്തെക്കുറിച്ച് പറയുകയും യോഗദണ്ഡും കമണ്ഡലവും സ്വാമി ശിവാനന്ദര്‍ക്ക് നല്‍കുകയും ചെയ്തു. ഇവ രണ്ടും ഇന്നും വടകര സിദ്ധസമാജത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. മുപ്പത്തിരണ്ടാമത് ശങ്കരാചാര്യരായിരുന്ന നരസിംഹഭാരതി സ്വാമികളാണ് അന്ന് സ്വാമിക്ക് ശിവാനന്ദ പരമഹംസര്‍ എന്ന നാമധേയം നല്‍കിയത്. 1921ല്‍ ജാതികള്‍ തമ്മിലുള്ള ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാനായി സ്വാമിജി സവര്‍ണ്ണരും അവര്‍ണ്ണരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രീതി പ്രചരിപ്പിക്കാന്‍ സമപന്തി ഭോജനസംഘം ഉണ്ടാക്കി. ജാതീയമായ ഉച്ചനീചത്തങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ അത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു എന്ന് പറയേണ്ടതില്ലല്ലോ. സ്വാമിജിയേയും ശിഷ്യന്മാരെയും ശാരീരികമായിത്തന്നെ ചിലര്‍ കൈകാര്യം ചെയ്തു. അതൊന്നും തന്നെ സ്വാമിജിയുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല.

ആത്മീയതയുടെ അതിഗഹനമായ തത്ത്വങ്ങള്‍ വളരെ ലളിതമായി വിവരിക്കുന്ന സിദ്ധവേദം ഉള്‍പ്പടെ ഏഴോളം പുസ്തകങ്ങളും സ്വാമിജിയുടെ രചനകളായുണ്ട്. ആത്മീയതയുടെയും മതാന്ധതയുടെയും പേരില്‍ വിദ്യാഭ്യാസവും സംസ്‌കാരവും ഉള്ളവരില്‍പ്പോലും ഇന്നും നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പാടേ തള്ളിക്കളഞ്ഞുകൊണ്ടുള്ള ആശയങ്ങളാണ് സിദ്ധസമാജത്തെ വേറിട്ടതാക്കുന്നത്. മനുഷ്യജന്മത്തിന്റെ ഏറ്റവും ഉയര്‍ന്ന ലക്ഷ്യം ജീവ ബ്രഹ്മ ഐക്യം സാധ്യമാക്കുക എന്നതാണ്. അത് സാധൂകരിക്കുന്നതിന്നുള്ള യജ്ഞത്തിന്റെ ഭാഗമായാണ് ദിവസേന ആശ്രമങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായി മൊത്തം എട്ടുമണിക്കൂര്‍ നടക്കുന്ന, പ്രാണനെ ഊര്‍ദ്ധഗതിയാക്കാനുതകുന്ന പ്രാണായാമ പരിശീലനങ്ങള്‍.

ജീവിതോപാധിക്കു വേണ്ടി ആശ്രമ വാസികള്‍ ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കി വിപണനം ചെയ്യുന്നു. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാര്‍ത്തികാഘോഷം ഒഴിച്ച് സിദ്ധാശ്രമങ്ങളില്‍ മറ്റ് ആഘോഷ പരിപാടികളൊന്നും നടക്കാറില്ല. വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളില്‍ സ്വാമി ശിവാനന്ദരുടെ ജന്മദിനമാണ് കാര്‍ത്തിക ആഘോഷമായി കൊണ്ടാടുന്നത്.
പുരുഷാര്‍ത്ഥങ്ങളില്‍ പരമപ്രധാനമായ സര്‍വ്വസംഗപരിത്യാഗം അഥവാ മുക്തി അതിന്നുവേണ്ടിയുള്ള ആര്‍ഷഭാരത ആത്മീയശാസ്ത്രങ്ങളുടെ വൈവിധ്യങ്ങളിലൊന്നായ സിദ്ധവിദ്യയെ വാസീയോഗം, അജപാജപം തുടങ്ങിയ നാമധേയങ്ങളിലും അറിയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.