ഓഖിയുടെ വരവും പോക്കും

Sunday 3 December 2017 2:45 am IST

ചുഴലിക്കറ്റ് എന്നാല്‍ ഒരു കേന്ദ്രത്തെ ആസ്പദമാക്കി ചുറ്റിക്കൊണ്ടിരിക്കുന്ന വായുവിന്റെ പിണ്ഡമാണ്. സംസ്ഥാനത്ത് നാശം വിതച്ച് കടന്നുപോകുന്ന ഓഖി ചുഴലിക്കാറ്റ് രൂപംകൊണ്ടത് നവംബര്‍ ഇരുപത്തിയൊമ്പതിന് ബംഗാള്‍ ഉള്‍ക്കടലില്‍ കന്യാകുമാരിക്കും ശ്രീലങ്കക്കും ഇടയില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ്. ഈ ചുഴലിക്കാറ്റിന് ഒാഖി എന്നാണ് പേരിട്ടിരിക്കുന്നത് ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷനാണ്. അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും ഇടയില്‍ ഉടലെടുക്കുന്ന ചുഴലിക്കാറ്റുകള്‍ക്കായി ആറ് വിവിധ പേരുകള്‍ കണ്ടെത്തിയിട്ടുണ്ട്. മാരുത, മോറ, ഓഖി, സാഗര്‍, മെക്കുനു, ദെയെ എന്നിവയാണവ. ഇതില്‍ ബംഗ്ലാദേശ് നിര്‍ദ്ദേശിച്ചിരുന്ന പേരാണ് ഓഖി എന്നത്.

ചുഴലിക്കാറ്റുകള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും പേരിടുന്നത് ഇവയെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന വിദഗ്ധര്‍ക്കും ജനങ്ങള്‍ക്കും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനാണ്. ചുഴലിക്കാറ്റിന്റെ തീവ്രത, വിസ്തൃതി, വേഗം, രൂപം, ദിശ, നീക്കം, ശക്തി എന്നിവയെല്ലാം പേരില്‍നിന്നും വ്യക്തമാകും. ഓരോ ചുഴലിക്കാറ്റിനും കറങ്ങുന്ന വായുവിനുപുറമെ ഏതാണ്ട് മധ്യത്തിലായി ശാന്തമായ ഒരു കണ്ണും, അതിനു ചുറ്റും ശക്തമായ ഭിത്തിയും ഉണ്ടാകും. കണ്ണ് കാറ്റിന്റെ ദിശ നിയന്ത്രിക്കുന്നു. ഇവിടെ ചൂട് കൂടുതലായിരിക്കും. ചുഴലിക്കാറ്റിന്റെ ഏറ്റവും അപകടകാരിയായ ഭാഗം കണ്ണിന്റെ പുറംഭിത്തിയാണ്.

ഓരോ ചുഴലിക്കാറ്റിനും ഊര്‍ജം ആവശ്യമാണ്. സമുദ്രജലത്തില്‍നിന്നാണ് ഓഖി ഊര്‍ജം ഉള്‍ക്കൊണ്ടത്. കടല്‍വെള്ളം ചൂടാകുംതോറും ചുഴലിക്കാറ്റിന്റെ വേഗം വര്‍ധിക്കും. ഭൂമിയുടെ ഉത്തരാര്‍ധത്തില്‍ രൂപംകൊള്ളുന്ന ചഴലിക്കാറ്റുകള്‍ ആന്റി ക്ലോക്ക്‌വൈസ് ദിശയിലും ദക്ഷിണാര്‍ധത്തില്‍ രൂപംകൊള്ളുന്ന കാറ്റുകള്‍ ക്ലോക്‌വൈസ് ദിശയിലുമാണ് കറങ്ങുക. ഓഖി ഭാരതം ഉള്‍പ്പെടുന്ന ഉത്തരാര്‍ധത്തിലായതിനാല്‍ ആന്റി ക്ലോക്‌വൈസ് അഥവാ ഘടികാരത്തിന്റെ എതിര്‍ദിശയിലാണ് കറങ്ങിക്കൊണ്ടിരുന്നത്. കാറ്റിന് മണിക്കൂറില്‍ 60 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗമുണ്ടാകും. ഓരോ ചുഴലിക്കാറ്റിലും സമുദ്രജലത്തില്‍നിന്നെടുക്കുന്ന താപ ഊര്‍ജം യാന്ത്രിക ഊര്‍ജമായി മാറ്റപ്പെടുന്നതാണ് ചുഴലിക്കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതിന് കാരണമായി പറയുന്നത്.

സാധാരണയായി ബംഗാള്‍ ഉള്‍ക്കടല്‍ ചൂടാകുന്നതുപോലെ അറബിക്കടല്‍ ചൂടാകാറില്ല. അതുകൊണ്ടുതന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന അത്ര ചുഴലിക്കാറ്റുകള്‍ അറബിക്കടലില്‍ ഉണ്ടാകാറില്ല. ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ 1000 കിലോമീറ്റര്‍വരെ പോലും സഞ്ചരിക്കാവുന്നതാണ്. സമുദ്രജലം 27 ഡിഗ്രി സെന്റിഗ്രേഡില്‍ കൂടുതല്‍ ചൂടാകുമ്പോഴാണ് ന്യൂനമര്‍ദ്ദത്തില്‍നിന്നും ചുഴലിക്കാറ്റ് ഉടലെടുക്കുന്നത്. ചുഴലിക്കാറ്റുണ്ടാകുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. അതിലൊന്നാണ് സമുദ്രജലത്തിന്റെ താപ ഉയര്‍ച്ച. മറ്റേത് ഭൂമിയുടെ കിഴക്കോട്ടുള്ള കറക്കമാണ്. അതുകൊണ്ടുതന്നെ ചുഴലിക്കാറ്റുകളെ നിയന്ത്രിക്കുവാന്‍ മനുഷ്യന് സാധ്യമല്ല.

എല്‍നിനോ എന്ന പ്രതിഭാസവും ചുഴലിക്കാറ്റുമായി വലിയ ബന്ധമുള്ളതായി ഇതുവരെയും കണ്ടെത്തിയിട്ടില്ല. കാലാവസ്ഥാ വ്യതിയാനവും ചുഴലിക്കാററ്റുമായുള്ള ബന്ധം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ഓഖി പോലുള്ള ചുഴലിക്കാറ്റുകള്‍ കരയോടടുക്കുമ്പോള്‍ കനത്ത മഴയും തീവ്രമായ കാറ്റും, സമുദ്രത്തില്‍ വലിയ തിരമാലയും സൃഷ്ടിക്കപ്പെടും. കൃഷിനാശം ഉണ്ടാകും. മരങ്ങള്‍ വീഴുകയും കെട്ടിടങ്ങള്‍ നിലംപൊത്തുകയും ചെയ്യും. ഓഖി ചുഴലിക്കാറ്റിന് മണിക്കൂറില്‍ 85 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗമുണ്ടായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഓഖി തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും കനത്ത നാശം വിതച്ച് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനെ ലക്ഷ്യമാക്കി നീങ്ങുകയാണുണ്ടായത്.

ഒാഖിയുടെ തീവ്രത ക്ഷയിക്കാനാണ് ഏറെ സാധ്യത. കാരണം അറബിക്കടല്‍ ബംഗാള്‍ ഉള്‍ക്കടല്‍പോലെ അത്രക്ക് ചൂടിലല്ല എന്നതുകൊണ്ടാണിത്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ഓഖി കറങ്ങിത്തിരിഞ്ഞ് കര്‍ണാടക മുതല്‍ ഗുജറാത്ത് വരെയുള്ള തീരങ്ങളിലേക്ക് ആഞ്ഞടിക്കുവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല കാലാവസ്ഥാ ഗവേഷകര്‍. ഇത്തരം പ്രകൃതിദുരന്തങ്ങള്‍ വരുമ്പോള്‍ ഭൂമിയില്‍ ഉണ്ടാകുന്ന നാശനഷ്ടത്തിന്റെ തീവ്രത വര്‍ധിക്കുക, പരിസ്ഥിതിനാശത്തിന്റെ തോതനുസരിച്ചായിരിക്കും.

കേരളത്തെ സംബന്ധിച്ചിടത്തോളം ചുഴലിക്കാറ്റിനോടൊപ്പം വരുന്ന മഴയും കാറ്റും വന്‍ നാശങ്ങളാണ് ഉണ്ടാക്കുക. ഡാമുകള്‍ നിറഞ്ഞൊഴുകുകയും ഉരുള്‍പൊട്ടല്‍, റോഡ് ഒലിച്ചുപോകല്‍, മലയിടിച്ചില്‍, പാറ ഉരുണ്ട് വീഴല്‍, നിമിഷപ്രളയം, വെള്ളപ്പൊക്കം, മരങ്ങളും കെട്ടിടങ്ങളും നിലംപൊത്തല്‍ തുടങ്ങിയവയാണവ. ഇക്കാരണങ്ങളാല്‍ ദുരന്തനിവാരണ അേതാറിറ്റിയും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുവാന്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരദേശവാസികള്‍ക്കു വേണ്ട മുന്‍കരുതലുകളും നല്‍കേണ്ട ഉത്തരവാദിത്വം ജില്ലാ ഭരണകൂടങ്ങള്‍ക്കും ദുരന്തനിവാരണ അതോറിറ്റിക്കുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.