മൊബൈല്‍ കടയിലെ മോഷണം: പ്രതി അറസ്റ്റില്‍

Saturday 2 December 2017 8:59 pm IST

മഞ്ചേരി: സീതിഹാജി ബസ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കട കുത്തി തുറന്ന് നാല് ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ കൊള്ളയടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാളികാവ് അഞ്ചച്ചവിടി പൂച്ചപ്പൊയില്‍ പുലത്ത് മുഹമ്മദ് റമീസ്(21) ആണ് പിടിയിലായത്. നവംബര്‍ 11ന് രാത്രിയാണ് സംഭവം. മഞ്ചേരി കരിക്കാട് മരത്താണി കരിമുടിക്കല്‍ അബ്ദുല്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള എച്ച്ഡി വേള്‍ഡ് മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നാണ് നാല്‍പതിലധികം മൊബൈല്‍ ഫോണുകള്‍ പ്രതി കവര്‍ന്നത്. ഇതില്‍ 29 എണ്ണം പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ബാക്കി ഫോണുകള്‍ ജില്ലയിലെ വിവിധ മൊബൈല്‍ കടകളില്‍ വിറ്റതായും ഈ പണം ഉപയോഗിച്ച് ബൈക്ക് വാങ്ങിയതായും പൊലീസ് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ബൈക്ക് മോഷണക്കേസില്‍ കാളികാവ് പോലീസ് പിടികൂടിയ പ്രതി എട്ട് മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇന്നലെ കാളികാവില്‍ നിന്ന് അറസ്റ്റിലായ പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സിഐ എന്‍ബി ഷൈജു, എസ്‌ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി.സഞ്ജീവ്, മുഹമ്മദ് സലിം, എഎസ്‌ഐ നാസര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.