ഇതും ഒരു സോഷ്യലിസ്റ്റ്

Sunday 3 December 2017 2:45 am IST

നാല് വോട്ട് വാങ്ങി ജയിക്കാന്‍ ത്രാണിയില്ലാത്ത എം.പി. വീരേന്ദ്രകുമാര്‍ എംപി മഹാത്യാഗത്തിന് ഒരുങ്ങുകയാണത്രെ. സോളാര്‍ ചാണ്ടിയുടെ ഔദാര്യത്തില്‍ വീണുകിട്ടിയ രാജ്യസഭാ മെമ്പര്‍സ്ഥാനം പുല്ലുപോലെ വലിച്ചെറിയുകയാണുപോലും വില്ലാളി വീരന്‍.
ഉമ്മന്‍ചാണ്ടിയുടെ ഉമ്മറത്തുനിന്നിറങ്ങി പിണറായിയുടെ തിണ്ണ നിരങ്ങാനുള്ള പോക്കാണ് വീരേന്ദ്രകുമാറിനെ ഉളുപ്പില്ലായ്മയുടെ മഹാരാജാവാക്കി മാറ്റുന്നത്. നിതീഷ്‌കുമാറിന്റെ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ലെന്നാണ് പണ്ഡിതന്റെ വാദം. നിതീഷ്‌കുമാര്‍ നരേന്ദ്രമോദിക്കൊപ്പമാണെന്നും, നരേന്ദ്രമോദി ഫാസിസ്റ്റാണെന്നും, അതുവഴി താനും ഫാസിസ്റ്റായിപ്പോകുമെന്നുമുള്ള കണ്ടെത്തലിനൊടുവിലാണ് വീരന്‍ ഇനി വയ്യെന്ന് പറഞ്ഞ് സ്ഥാനം ഒഴിയുന്നത്. നരേന്ദ്രമോദി സര്‍ക്കാരില്‍ ലഭിച്ചേക്കുമായിരുന്ന വമ്പന്‍ പദവികളാണ് ഈ കൊടിയ ഫാസിസ്റ്റ് വിരുദ്ധന്‍ വലിച്ചെറിയുന്നതെന്ന് ഇപ്പോഴേ സ്തുതിപാഠകര്‍ വീണമീട്ടിത്തുടങ്ങിയിരിക്കുന്നു.

കേരളത്തില്‍ മന്ത്രിയാകാന്‍ ഓങ്ങിനടന്ന ശ്രേയാംസ്‌കുമാറിനെ പിണറായിയുടെ കടാക്ഷത്തില്‍ രാജ്യസഭയിലെത്തിക്കാമോ എന്ന ഉന്നമാണ് ഇപ്പോള്‍ പൊടുന്നനെ ഉണ്ടായ വീരന്റെ ദുഃഖത്തിന് കാരണമായതെന്ന് നിരീക്ഷിക്കുന്നവരും കുറവല്ല. ആനപോലെ വളര്‍ന്നിട്ടും ആളിനൊത്ത പക്വതയും പാകതയും വരാത്തതാണല്ലോ കേരളത്തിലെ മിക്ക മക്കളെച്ചൊല്ലിയും സ്‌നേഹനിധികളായ അച്ഛന്മാര്‍ക്ക് പൊതുവേയുള്ള വിഷമം. കെ. കരുണാകരനായാലും കെ.എം. മാണിയായാലും കോടിയേരി ബാലകൃഷ്ണനായാലും ഇനി വീരേന്ദ്രകുമാറായാലും ആ ദുഃഖം സമാനമാണ്. നാലക്ഷരത്തിന്റെ വിവരം ഏഴയലത്തൂടെ പോയതിന്റെ ലക്ഷണമില്ലെങ്കിലും ഒരു വാര്‍ത്താചാനല്‍ നടത്തിക്കൊണ്ടുപോവാന്‍ അതുതന്നെ ധാരാളമെന്ന് തിരിച്ചറിഞ്ഞിടത്താണ് വീരേന്ദ്രകുമാര്‍ വ്യത്യസ്തനായ പിതാവാകുന്നത്. അല്ലെങ്കില്‍ത്തന്നെ താന്‍ പണ്ഡിതനായ വഴിയെക്കുറിച്ച് ആലോചിച്ചാല്‍ ഇതൊക്കെ എന്ത് എന്ന് തോന്നിപ്പോവുക സ്വാഭാവികമാണുതാനും.

വീരേന്ദ്രകുമാര്‍ മുന്നണി മാറിയാല്‍ കേരളത്തിന്റെ രാഷ്ട്രീയം ഇളകിമറിഞ്ഞ് തലകുത്തി നില്‍ക്കുമെന്നൊക്കെയുള്ള ചര്‍ച്ചകളാണ് സ്വന്തം ചെലവില്‍ നടത്തിക്കൊണ്ടുപോവുന്ന പത്രവും ചാനലും വഴി അദ്ദേഹം നടത്തുന്നത്. താനും മോനും പത്രവും ചാനലുമല്ലാതെ നാലാമൊതിരിനത്തെ കൂടെക്കൂട്ടാന്‍ കഴിവില്ലെങ്കിലും തള്ളിന് യാതൊരു കുറവുമില്ല. ബ്രണ്ണന്‍ പോരാളികളുടെ നേതൃത്വത്തില്‍ നടമാടുന്ന ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയാകാനാണ് ഫാസിസമെന്തെന്ന് അറിയുക പോലുമില്ലാത്ത പരമശുദ്ധന്റെ പുറപ്പാട്. ചെയ്ത ജോലിക്ക് മാന്യമായ വേതനം വണമെന്ന് പറഞ്ഞവന് കൊഹിമയില്‍ ബ്യൂറോയിട്ട് പത്രപ്രവര്‍ത്തകന്റെ വിലാസമുണ്ടാക്കിക്കൊടുക്കുന്ന മൂത്തുമുരടിച്ച ഫാസിസ്റ്റാണ് പത്രമുതലാളിയെന്ന് ജീവനക്കാരില്‍ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

തൊഴിലാളിപ്രേമത്തില്‍ ഏത് കോര്‍പ്പറേറ്റ് കൊമ്പനും മാതൃകയാക്കാവുന്ന മുതലാളിയാണ് അദ്ദേഹം. ഉമ്മനും ഒപ്പമുള്ള നാല്‍പതുപേരും കപ്പലുണ്ടാക്കാന്‍ സരിതയുടെ പൂമരം തേടിപ്പോയ കാലത്താണ് വീരന്റെ ഫാസിസ്റ്റ് വിരുദ്ധ ദുഃഖം അണപൊട്ടിയൊഴുകുന്നതെന്ന് കാണാതിരുന്നുകൂടാ. പിണറായിയാണെങ്കില്‍ ആഗോളകയ്യേറ്റക്കാരുടെ മുഴുവന്‍ മിശിഹയായി കൈയും വിരിച്ചുനില്‍പാണ്. കട്ടന്‍ചായയും ബീഡിയുമടിച്ച് പുല്‍പ്പായില്‍കിടന്ന് ഒളിപ്പോര് നടത്തി പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയ പഴയകാലം കഴിഞ്ഞു. ഇപ്പോള്‍ ഒളിക്യാമറകളുടെയും കൂപ്പര്‍ റാലികളുടെയും കാലമാണ്. അധികാരത്തിലേറുംമുമ്പേ പശ്ചിമഘട്ടമൊന്നാകെ താമരശ്ശേരി അരമനയിലെ ജനറല്‍ ഡയറിന് പതിച്ചുകൊടുക്കാന്‍ കരാറുണ്ടാക്കിയ പാര്‍ട്ടിയാണ് സിപിഎം. പശ്ചിമഘട്ടത്തെ തൊട്ടാല്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നുപറഞ്ഞ വലിയ ഇടയനാണല്ലോ താമരശ്ശേരി ബിഷപ്പ്.

കയ്യേറി കുരിശും കപ്പേളയും പണിയുന്ന ആള്‍ക്കാരോടൊക്കെയുള്ള പിണറായി സഖാവിന്റെ ബഹുമാനം കണ്ടനാള്‍ മുതല്‍ മുതലാളിക്ക് പ്രേമം തോന്നിയതാണ്. കുട്ടനാട്ടിലെ കായല്‍ വിഴുങ്ങിയ ചാണ്ടിയും കൊട്ടക്കാമ്പൂരില്‍ കുറിഞ്ഞിത്തോട്ടം സ്വന്തമാക്കിയ ജോയ്‌സ് ജോര്‍ജുമൊക്കെ സഖാവിന്റെ കീഴില്‍ കയ്യേറിത്തിമിര്‍ക്കുമ്പോള്‍ ഏത് മല്ലയ്യയ്ക്കും ഒന്ന് പൂക്കാന്‍ തോന്നും. വിശാലമായിക്കിടക്കുന്ന എന്തിനോടും ഗൗഡര്‍ക്ക് പണ്ടേ ഒരു ആര്‍ത്തിയുണ്ട്. ആകുമായിരുന്നെങ്കില്‍ ഹിമാലയവും ഒതുക്കാന്‍ നോക്കുന്ന ഒരു ബുദ്ധിവിശേഷമുണ്ട് കൈമുതലായി. അതുകൊണ്ടാണല്ലോ പണ്ഡിതന്‍ ഹൈമവതഭൂമിയാകെ നടന്നുകണ്ട് സ്വന്തം വാരികയുടെ പേജുകളത്രയും മെനക്കെടുത്തി അത് മലയാളിയെക്കൊണ്ട് വായിപ്പിച്ചുകളഞ്ഞത്.

പ്രകൃതിയോടും ഹരിതാഭയോടും മാത്രമല്ല ഭൂരഹിതരോടുവരെ കടുത്ത പ്രേമമാണ് വിരേന്ദ്രകുമാറിന്. ആമസോണിന്റെ വ്യാകുലതകള്‍ വരെ തോണ്ടിയെടുത്തിട്ടുണ്ട് അറിവിന്റെ ഹിമാലയം താണ്ടിയെന്ന് മേനി നടിക്കുന്ന ഈ വിദ്യാവാചസ്പതിയുടെ അവതാരം. സത്യവും സമത്വവും സ്വാതന്ത്ര്യവും പിന്നെ ഈ കൊടിമൂത്ത സോഷ്യലിസവും കൂടിയാകുമ്പോള്‍ പിന്നെ ഇതിനേക്കാള്‍ പറ്റിയ ഒരു മുതലിനെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം പ്രസംഗിക്കുന്ന മുന്നണിക്കാര്‍ക്ക് ഇനി കിട്ടാനില്ല. പ്രത്യേകിച്ചും കയ്യേറ്റത്തൊഴിലാളികളുടെ വാഗ്ദത്ത ഭൂമിയായി മുന്നണിയും സര്‍ക്കാരും മാറിയിരിക്കുന്ന പുതിയകാലത്ത്.

നിതീഷ്‌കുമാറിന്റെ പാര്‍ട്ടിയില്‍ നിന്നിറങ്ങി പിണറായി വിജയന്റെ അടിച്ചുതളിക്കാരനാകാന്‍ മുതലാളി ഒരുങ്ങുന്നത് കാണുമ്പോള്‍ ചിലരെങ്കിലും പാവത്തിനെ അവസരവാദിയെന്ന് പരിഹസിക്കാന്‍ ഇടയുണ്ട്. അത് അവസരവാദത്തെ ഒരു പ്രത്യയശാസ്ത്രമെന്ന് തിരിച്ചറിഞ്ഞ് വിലയിരുത്താന്‍ കഴിയാതെ പോകുന്നതുകൊണ്ടാണ്. പദവികളോടുള്ള ആര്‍ത്തിയും അതിനുവേണ്ടിയുള്ള അവസരവാദനിലപാടുകളും താത്വികമായി പരിശോധിച്ചാല്‍ തെറ്റല്ലെന്നതാണ് വീരേന്ദ്രകുമാറിന്റെ സിദ്ധാന്തം. എം.പി. വീരേന്ദ്രകുമാര്‍ തോറ്റാലും ജയിച്ചാലും എംപിയാണ് എന്നത് ഒരു കോമഡിയല്ല, ആഗ്രഹമാണ്. അത്തരമാഗ്രഹങ്ങളുടെ ഒരു ഭണ്ഡാരമാണ് മനുഷ്യനെന്ന് അദ്ദേഹംതന്നെ പുരാണങ്ങളുദ്‌ഘോഷിച്ച് സമര്‍ത്ഥിച്ചിട്ടുമുണ്ട്. വഴിക്കുവഴി കേന്ദ്രത്തില്‍ വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ അറ്റത്തിരിക്കാന്‍ യോഗമുണ്ടായപ്പോള്‍ തന്റെ പടമില്ലാതെ സ്വന്തം പത്രമിറങ്ങുന്നത് സഹിക്കാനേ ആകുമായിരുന്നില്ല അദ്ദേഹത്തിന്. അതുകൊണ്ട് പാര്‍ട്ടിയായാലും പത്രമായാലും അത് വീരന്ദ്രകുമാര്‍ തന്നെയാണെന്ന് മനസ്സിലാക്കിക്കൊള്ളണം.

സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, സോഷ്യലിസ്റ്റ് ജനതാദള്‍, ജനമോര്‍ച്ച, സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക്ക്, ജനതാദള്‍ സെക്യുലര്‍, ജനതാദള്‍ ഡെമോക്രാറ്റിക്ക്, ജനതാദള്‍ യുണൈറ്റഡ്…… പിന്നെയും വീരേന്ദ്രകുമാര്‍ ബാക്കി. വി.പി സിങ്ങിനും ജോര്‍ജ് ഫെര്‍ണാണ്ടസിനും ജയാ ജെയ്റ്റ്‌ലിക്കും മുതല്‍ നിതീഷ്‌കുമാറിനും ശരത് യാദവിനും വരെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ പഠിപ്പിച്ചുകൊടുത്തയാള്‍ താനാണെന്നായിരുന്നു ഇത്രകാലം വീരന്‍ നമ്മോടു പറഞ്ഞത്. എന്നുപറഞ്ഞാല്‍ സാക്ഷാല്‍ രാമന്റെ വരെ ദുഃഖം കണ്ടെത്തി പരിഹരിക്കാന്‍ കിണഞ്ഞുപരിശ്രമിച്ച പണ്ഡിതനാണല്ലോ അദ്ദേഹം.

ആമസോണ്‍ വ്യാകുലതകള്‍ പോലെ നീണ്ടുപരന്നുകിടക്കുകയാണ് സോഷ്യലിസ്റ്റ് മോഹങ്ങള്‍. നിതീഷിനെയും മോദിയെയും പുലഭ്യം പറഞ്ഞാല്‍ കേരളത്തില്‍ കിട്ടുന്ന ചന്തമൂല്യം എത്രയാണെന്ന് വീരനെ ആരും പഠിപ്പിക്കേണ്ടതില്ല. മോഹിപ്പിക്കാന്‍ ഒരു പത്രവും ചാനലും സ്വന്തമായുള്ളപ്പോള്‍ ഒരു മെത്ത പിണറായിയും തരും. വയസ്സുകാലത്ത് തനിക്കുപകരിച്ചില്ലെങ്കിലും എല്‍ഡിഎഫിന്റെ പോത്തുത്സവത്തിന് കൊടിക്കയറാകാന്‍ മകനെങ്കിലും കഴിഞ്ഞാല്‍ അതില്‍പ്പരം ആനന്ദമെന്താണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.