ചിമ്മിനിഡാം തുറന്നു

Saturday 2 December 2017 9:08 pm IST

വരാന്തരപ്പിള്ളി : കോള്‍ കൃഷിക്ക് വെള്ളമെത്തിക്കുന്നതിനായി ചിമ്മിനിഡാം തുറന്നു.പ്രതിദിനം 0.6 എംഎം ക്യൂബ് വെള്ളമാണ് ഡാമിന്റെ ഡിസ്‌പേര്‍ഷന്‍ വാല്‍വിലൂടെ തുറന്നു വിടുന്നത്.ഇറിഗേഷന്‍ ഡിവിഷന്‍ എക്സി.എഞ്ചിനീയറുടെ നിര്‍ദ്ദേശപ്രകാരമാണ് ഡാം തുറന്നത്.
വരും ദിവസങ്ങളില്‍ കോള്‍ നിലങ്ങളില്‍ വെള്ളത്തിന്റെ ആവശ്യകതയനുസരിച്ച് ഡാം കൂടുതല്‍ തുറന്നു വിടുന്ന കാര്യം ആലോചിക്കുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു.
പതിനഞ്ച് ദിവസമാണ് ഡാം തുറന്ന് വിടുന്നത്.ഇതിനിടയില്‍ കുറുമാലിപുഴയിലെ താത്ക്കാലിക തടയണകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനായി ഡിസ്‌പേര്‍ഷന്‍ വാല്‍വ് അടക്കുമെന്നും അധികൃതര്‍ പറഞ്ഞു. വെള്ളം തുറന്നുവിട്ടതോടെ പത്ത് മാസമായി നിര്‍ത്തിവെച്ചിരുന്ന ചിമ്മിനി ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.ഡിസ്‌പേര്‍ഷന്‍ വാല്‍വിലൂടെ തുറന്നുവിടുന്ന വെള്ളം വൈദ്യുതോത്പാദനത്തിന് ശേഷം കുറുമാലിപുഴയിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്.
ജില്ലയിലെ 13000 ഹെക്ടര്‍ കോള്‍ നിലങ്ങള്‍ക്ക് പ്രധാന ആശ്രയമാണ് ചിമ്മിനി ഡാമിലെ വെള്ളം.കോള്‍ നിലങ്ങളിലെ രണ്ട് മാസം പ്രായമായ നെല്‍ കൃഷിക്ക് വെള്ളം അത്യാവശ്യമായ സാഹചര്യത്തിലാണ് ഇറിഗേഷന്‍ വകുപ്പ് ഡാം തുറന്നത്.കര്‍ഷകരുടെ ശക്തമായ ആവശ്യം ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.എന്നാല്‍ ഡാം തുറന്നതില്‍ വരന്തരപ്പിള്ളി പഞ്ചായത്ത് പരിധിയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.
കുറുമാലി പുഴയിലെ തടയണ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതാണ് എതിര്‍പ്പിന് കാരണം. വരന്തരപ്പിള്ളി മുതല്‍ മാഞ്ഞാംകുഴി ഷട്ടര്‍ വരെയുള്ള ഭാഗത്ത് അഞ്ചിടങ്ങളിലാണ് തടയണ നിര്‍മ്മിക്കേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.