കെടുതി തുടരുന്നു

Saturday 2 December 2017 9:11 pm IST

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ തീരമേഖലയില്‍ കടല്‍ക്ഷോഭം തുടരുന്നു. 48 മണിക്കൂറിനു ശേഷവും കടല്‍ക്ഷോഭത്തിന് ശമനമായിട്ടില്ല. എറിയാട് എ.എം.ഐ.യു.പി സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ 87 കുടുംബങ്ങള്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്യാമ്പിലുള്ളവരുടെ മൂന്നിരട്ടി പേര്‍ മറ്റിടങ്ങളിലേക്ക് പോയി.
എറിയാട് ചന്ത, ആറാട്ടുവഴി കടപ്പുറങ്ങളിലാണ് കടല്‍ക്ഷോഭം അതിരൂക്ഷമായി അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ അഴീക്കോട് ചാമക്കാല റോഡിന്റെ അഞ്ഞൂറ് മീറ്റര്‍ അകലെ വരെ കടല്‍ എത്തി മടങ്ങി. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ ഗൃഹോപകരണങ്ങളുമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങുകയാണ്. സന്നദ്ധ സംഘടനകളും, പൊതുപ്രവര്‍ത്തകരും തീരദേശത്ത് സഹായവുമായി എത്തുന്നുണ്ട്.
കടല്‍ കരയിലെത്തിയതിനെ തുടര്‍ന്ന് പെരുന്തോട് മണ്ണ് വന്നടിഞ്ഞ് നികന്ന നിലയിലാണ്. ഇതോടെ തീരമേഖലയില്‍ വെള്ളക്കെട്ടും അനുഭവപ്പെടുകയാണ്. ജെ.സി.ബി ഉപയോഗിച്ച് തോട്ടിലെ മണല്‍ നീക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കടലാക്രമണം തടയുന്നതിനായി തീരത്ത് മണല്‍ചാക്കുകള്‍ നിരത്താനുള്ള ശ്രമത്തിലാണ് റവന്യു അധികൃതര്‍.
രാത്രി കടലാക്രമണം അതിരൂക്ഷമായതിനെ തുടര്‍ന്ന് വീട്ടുവിട്ടുപോയവര്‍ പലരും രാവിലെ തിരികെയെത്തിയെങ്കിലും കടലടങ്ങാത്തതിനെ തുടര്‍ന്ന് മടങ്ങി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി പലയിടത്തും ഇന്നലെ രാവിലെ ജനങ്ങള്‍ പ്രതിഷേധിച്ചു. പിന്നീട് ഉദ്യോഗസ്ഥരെത്തി ഇവരെ സമാശ്വസിപ്പിക്കുകയായിരുന്നു.
തൃപ്രയാര്‍: വാടാനപ്പള്ളി ഗണേശമംഗലത്ത് മൂന്ന് വീടുകള്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. ഏങ്ങണ്ടിയൂര്‍ എത്തായ് മുതല്‍ വാടാനപ്പള്ളി വരെയുള്ള എഴുപതിലേറെ വീടുകളില്‍ കടല്‍വെള്ളം കയറി. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ശക്തമായ തിരയടിച്ചാണ് ഗണേശമംഗലത്ത് മൂന്ന് വീടുകള്‍ തകര്‍ന്നത്.
കണ്ണച്ഛന്‍പുരയ്ക്കല്‍ വിലാസിനി അപ്പുണ്ണി,പണിക്കവീട്ടില്‍ സുലേഖ,വലിയകത്ത് ഷഫീഖ് എന്നിവരുടെ ഓലമേഞ്ഞ വീടുകളാണ് തിരമാലയടിച്ച് തകര്‍ന്നത്.വാടാനപ്പള്ളി, ഗണേശമംഗലം, ബദര്‍പള്ളി പരിസരം, പൊക്കാഞ്ചേരി മേഖലകളിലും ശക്തമായ കടല്‍ക്ഷോഭമാണ്. പൊക്കാഞ്ചേരിക്ക് തെക്കുഭാഗത്ത് സീവാള്‍ റോഡിന്റെ ഒരുഭാഗം തകര്‍ന്നു. പൊക്കാഞ്ചേരി മേഖലയിലെ ഇരുപതോളം വീടുകള്‍ ഒറ്റപ്പെട്ടനിലയിലായി. വാടാനപ്പള്ളി, തക്ഷശിലക്ക് വടക്കുഭാഗം, തളിക്കുളം പത്താംകല്ല്,പുതിയ അറപ്പ പ്രദേശങ്ങളിലും ശക്തമായ കടല്‍ക്ഷോഭമാണുള്ളത്. പുതിയ അറപ്പ മുതല്‍ വടക്കോട്ട് നിരവധി തെങ്ങുകള്‍ കടപുഴകിവീണു. ഏങ്ങണ്ടിയൂര്‍ എത്തായ്, അഴിമുഖം, പൊക്കുളങ്ങര പ്രദേശങ്ങളില്‍ അതിരൂക്ഷമായ കടല്‍ക്ഷോഭമാണുള്ളത്. കഴിഞ്ഞദിവസം രാത്രി മുതല്‍ തുടര്‍ച്ചയായാണ് കടല്‍വെള്ളം കരയിലേക്ക് ഒഴുകിയെത്തുന്നത്. ഇവിടെയുള്ള ഇരുപതോളം വീടുകള്‍ വെള്ളക്കെട്ടിലായി.അതിനിടെ കാണാതായ 4 മത്സ്യത്തൊഴിലാളികള്‍ ചേറ്റുവ ഹാര്‍ബറില്‍ തിരിച്ചെത്തി
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ നിരവധി വീടുകള്‍ വെള്ളത്തിലായി. അഞ്ചങ്ങാടി വളവ് , വെളിച്ചെണ്ണപ്പടി എന്നിവിടങ്ങളിലെ റോഡ് കടന്നു വെള്ളമെത്തി. ഇതോടെ റോഡിന്റെ പടിഞ്ഞാറു വശമുള്ള വീടുകളിലെ ആളുകളെ തഹസിദാറും പോലീസും പഞ്ചായത്ത് പ്രസിഡന്റും മറ്റും എത്തി ഒഴിപ്പിച്ചു. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പുത്തന്‍കടപ്പുറം, ചെങ്കോട്ട , എടക്കഴിയൂര്‍ നാലാം കല്ല് എന്നിവിടങ്ങളിലും വെള്ളം കരയിലേക്ക് അടിച്ചു കയറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.