രാഷ്ട്രീയം മാറ്റിവച്ച് ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കണം: സുരേഷ് ഗോപി

Saturday 2 December 2017 9:45 pm IST

മുക്കം: പാവപ്പെട്ട കുടുംബങ്ങളിലെ അമ്മമാര്‍ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌ക്കരിച്ച സൗജന്യ ഗ്യാസ് കണക്ഷന്‍ പദ്ധതിയുടെ പ്രയോജനം കേരളത്തില്‍ എല്ലായിടത്തും ലഭ്യമാക്കണമെന്ന് സുരേഷ് ഗോപി എം.പി. ആവശ്യപ്പെട്ടു.
തിരുവമ്പാടി സിമ്പിള്‍ ഇന്റയിന്‍ ഗ്യാസ് ഏജന്‍സി വഴി സൗജന്യ ഗ്യാസ് വിതരണ പദ്ധതിയായ ഉജ്വല്‍ യോജനയുടെ ഉദ്ഘാടനം മുക്കത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഉജ്വല്‍ യോജന പ്രധാമന്ത്രിയുടെ ഹൃദയ പദ്ധതിയാണ്. അടുക്കളകളില്‍ ചാരവും പുകയും സഹിച്ച് കഷ്ടപ്പെടുന്ന മൂന്ന് കോടിയിലേറെ പാവപ്പെട്ട അമ്മമാര്‍ക്ക് മോചനം ലക്ഷ്യമിടുന്ന പദ്ധതിയാണിത്.ഈ പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുപോലെ കേരളത്തിലും നടപ്പിലാക്കണം. രാഷ്ട്രീയ ഭേദം മാറ്റിവച്ച് എല്ലാ എം.പി.മാരും പിന്തുണ നല്‍കണം. കേരളത്തില്‍ മുക്കത്താണ് ആദ്യമായി ഇത്രയും വലിയ രീതിയില്‍ ഉദ്ഘാടനം നടക്കുന്നതെന്നും എം.പി.പറഞ്ഞു.തിരുവമ്പാടി സിമ്പിള്‍ ഇന്റയിന്‍ ഗ്യാസ് ഏജന്‍സിയുടെ കീഴില്‍ ആയിരം കണക്ഷനുകളാണ് നല്‍കുന്നത്.ഇതില്‍ 500 കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ബാക്കി 500 കണക്ഷനുകളാണ് ഇപ്പോള്‍ നല്‍കുന്നത് .വളരെയേറെ കണക്ഷനുകളുള്ള ഗ്യാസ് ഏജന്റുമാരുണ്ട്. അവരും സൗജന്യ കണക്ഷന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പദ്ധതിയില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
എം.പി.മാര്‍ അവരുടെ ഫണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പോലുള്ളവക്ക് നല്‍കരുതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എം.പി.മാര്‍ പാവപ്പെട്ട അമ്മമാരുടെ അടുത്തേക്കെത്തണം. അവര്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്ന പദ്ധതികള്‍ക്കാണ് തുക നല്‍കേണ്ടത്. പാവപ്പെട്ടവര്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് നാം മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാസ് കണക്ഷന്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനുള്ള കേന്ദ്രമായ എല്‍ പിജി പഞ്ചായത്തിന്റെ ഉദ്ഘാടനം എം.ഐ.ഷാനവാസ് എം . പി. നിര്‍വ്വഹിച്ചു. എല്‍ .പി.ജി.ക്ലിനിക്ക് കയര്‍ബോര്‍ഡ് ഓഫ് ഇന്ത്യ വൈ.ചെയര്‍മാന്‍ സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.ഐ.ഒ.സി.ചീഫ് ഏരിയാ മാനേജര്‍ എസ്.എസ്.ആര്‍. കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു.കാഞ്ചനകൊറ്റങ്ങല്‍, സിമ്പിള്‍ ഇന്റയിന്‍ ഗ്യാസ് എംഡി എന്‍. കെ. ജുംന ആമിന എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി .ജില്ലാ പഞ്ചായത്ത് അംഗം സി.കെ. കാസിം, ബിജെപി ജില്ലാ പ്രസിഡന്റ ടി.പി. ജയചന്ദ്രന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, സി.ടി. ജയപ്രകാശ്, അലക്‌സ് മാത്യു, രമ്യ, ധീരാ ഗ്യാസ് എംഡി സത്യന്‍, ജുനൈദ്. കെ. റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.