വിനോദ സഞ്ചാരമേഖലയ്ക്ക് കനത്ത തിരിച്ചടി

Sunday 3 December 2017 2:45 am IST

കോട്ടയം: ഓഖി ചുഴലിക്കാറ്റ് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. കാറ്റ് തീരദേശ മേഖലയില്‍ ആയിരുന്നെങ്കിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവിനെയും ബാധിച്ചു. മലയോര മേഖലയില്‍ രാത്രിയാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം യാത്ര പ്രതിസന്ധിയിലാക്കി.

മലയോര, തീരദേശ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള പാക്കേജ് പ്രകാരം വന്ന സഞ്ചാരികളാണ് കുടുങ്ങിയത്. കോവളം, പൂവാര്‍, ശംഖുംമുഖം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മൂന്നാര്‍, തേക്കടി, കുമരകം എന്നിവടങ്ങളില്‍ നിന്നുള്ള യാത്ര സഞ്ചാരികള്‍ ഉപേക്ഷിച്ചു. കുമരകത്തും ആലപ്പുഴയിലും ഹൗസ്‌ബോട്ട് യാത്രയ്ക്ക് ശേഷം സഞ്ചാരികള്‍ മടങ്ങുകയായിരുന്നു.

വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്നത് ഡിസംബറിലാണ്. ഈ സമയത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതാണ് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായത്. കേരളതീരത്ത് കാറ്റിന്റെ ശക്തി കുറയാത്തത് ആശങ്ക ഉണ്ടാക്കുന്നതായും വിദേശ, ആഭ്യന്തര സഞ്ചാരികളുടെ യാത്ര റദ്ദാക്കല്‍ കൂടി വരുന്നതായും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നതായിട്ടാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലാണ് കാര്യമായ കുറവ്. സാധാരണ ഡിസംബര്‍, ജനുവരി മാസങ്ങളിലേക്ക് മുറികളും ഹൗസ് ബോട്ടുകളും മുന്‍കൂര്‍ ബുക്കിങ് ഉണ്ടായിരുന്നു.

എന്നാല്‍ ഈ വര്‍ഷം അത്തരത്തിലുള്ള ബുക്കിങ് കുറവാണ് രേഖപ്പെടുത്തുന്നത്. തദ്ദേശീയരായ വിനോദ സഞ്ചാരികളാണ് കൂടുതലും മുന്‍കൂര്‍ ബുക്കിങ് നടത്തിയിരിക്കുന്നത്.  കുറഞ്ഞ ചെലവും മികച്ച സേവനവും വാഗ്ദാനം ചെയ്ത ശ്രീലങ്കന്‍ ടൂറിസത്തിന്റെ വളര്‍ച്ചയാണ് കേരളത്തിന് തിരിച്ചടിയായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.