വിജയ്ക്കും കോഹ്‌ലിക്കും സെഞ്ചുറി; കോട്‌ലയില്‍ ഇന്ത്യന്‍ മേധാവിത്തം

Sunday 3 December 2017 2:45 am IST

ന്യൂദല്‍ഹി: തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഓപ്പണര്‍ മുരളി വിജയും തകര്‍ത്താടിയപ്പോള്‍ ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശക ബൗളര്‍മാര്‍ കാഴ്ചക്കാരായി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനത്തെ കളിനിര്‍ത്തുേമ്പാള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് എന്ന ശക്തമായ നിലയില്‍. 156 റണ്‍സുമായി കോഹ്‌ലിയും 6 റണ്ണുമായി രോഹിത് ശര്‍മ്മയും ക്രീസില്‍. 155 റണ്‍സെടുത്താണ് മുരളി വിജയ് മടങ്ങിയത്.

ഇന്നലെ 25 റണ്‍സെടുത്തപ്പോള്‍ കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് തികയ്ക്കുകയും ചെയ്തു. തുടക്കത്തിലെ ചെറിയ തകര്‍ച്ചക്കുശേഷം കോഹ്‌ലിയും വിജയും ചേര്‍ന്ന് ലങ്കന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്തതോടെയാണ് ആദ്യ ദിനം ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചത്. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും 23 റണ്‍സെടുത്ത് മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കോഹ്‌ലിയും മുരളി വിജയും ചേര്‍ന്ന് 283 റണ്‍സ് അടിച്ചുകൂട്ടിയതോടെ ഇന്ത്യ പിടിമുറുക്കി. ഇരുപതാം ടെസ്റ്റ് സെഞ്ചുറി തികച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെയായിരുന്നു കൂടുതല്‍ അപകടകാരി. പുറത്താകാതെ നില്‍ക്കുന്ന കോലി 186 പന്തില്‍ 16 ബൗണ്ടറികള്‍ ഉള്‍പ്പടെ 156 റണ്‍സാണ് അടിച്ചെടുത്തത്.

കരിയറിലെ പതിനൊന്നം സെഞ്ചുറിയാണ് മുരളി വിജയ് നേടിയത്. സന്ദകന്റെ പന്തില്‍ പുറത്താകുമ്പോള്‍ മുരളി വിജയ് 267 പന്തില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പടെ 155 റണ്‍സ് എടുത്തിരുന്നു. മുരളി പുറത്തായശേഷം ക്രീസിലെത്തിയ രഹാനെ ഇന്നലെയും നിരാശപ്പെടുത്തി. ഒരു റണ്‍സെടുത്ത രഹാനെയെ സന്ദകന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിക്ക്‌വെല്ല സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

ശ്രീലങ്കയ്ക്കുവേണ്ടി ലക്ഷന്‍ സന്ദകന്‍ രണ്ടു വിക്കറ്റെടുത്തു. ലഹിരു ഗമഗെ, ദില്‍രുവാന്‍ പെരേര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇതിനിടയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കുവേണ്ടി ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ബൗളറായും പെരേര മാറി. ഇക്കാര്യത്തില്‍ ഇതിഹാസതാരം മുത്തയ്യ മുരളീധരനെയാണ് പേരെര പിന്നിലാക്കിയത്. 25-ാമത്തെ ടെസ്റ്റിലാണ് ദില്‍രുവാന്‍ പെരേര 100 വിക്കറ്റ് നേട്ടം കൈവരിച്ചത്. 27-ാം ടെസ്റ്റിലായിരുന്നു മുരളീധരന്‍ 100 വിക്കറ്റ് തികച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.