ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ

Sunday 3 December 2017 2:45 am IST

കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളിലും തിങ്ങിനിറഞ്ഞ ആരാധകരെ നിരാശപ്പെടുത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ മൂന്നാം കളിക്ക് ഇറങ്ങുന്നു. ആദ്യ രണ്ട്കൡകളിലും ഒരു ഗോള്‍പോലും നേടാന്‍ കഴിയാതെ സമനിലയില്‍ അതൃപ്തരായ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത് ഇന്നെങ്കിലും സ്വന്തം ടീം ഗോള്‍ ക്ഷാമത്തിന് അറുതിവരുത്തുമോ എന്നാണ്.

ബ്ലാസ്‌റ്റേഴ്‌സ് ആദ്യ രണ്ട് കളിയില്‍ ഗോളടിക്കാത്തത് പ്രശ്‌നമായി കാണേണ്ടതില്ലെന്ന് കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ പറഞ്ഞു. എന്നാല്‍ ആദ്യ കളിയേക്കാള്‍ മികച്ച കളിയാണ് ജംഷഡ്പൂരിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. മുംബൈക്കെതിരെ കൂടുതല്‍ മികച്ച കളി ഉറപ്പ് നല്‍കുന്നു. അതേസമയം ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയില്‍ തോല്‍പ്പിക്കാന്‍ കടുപ്പമാണെന്ന അഭിപ്രായമാണ് മുംബൈ കോച്ച് അലക്‌സാണ്ടര്‍ ഗ്വിമറെസ് പ്രകടിപ്പിച്ചത്. എല്ലാ മേഖലകളിലും മികച്ച താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ഏറ്റവും നന്നായി കളിച്ചാല്‍ മാത്രമേ ജയിക്കാനാകൂ. കഴിഞ്ഞ കളികളിലെ തോല്‍വി മറന്ന് പരമാവധി മികച്ച കളി പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഗോളടിച്ച് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരാധകരുടെ കട്ടസപ്പോര്‍ട്ടും അതിനനുസരിച്ച് കുറയുമെന്ന് ഉറപ്പ്. ആദ്യ കളിയില്‍ എടികെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ണ്ണ പരാജയമായിരുന്നെങ്കിലും തോല്‍ക്കാതെ രക്ഷപ്പെട്ടത് പോള്‍ റെച്ചൂബ്കയുടെ അവിശ്വസനീയ രക്ഷപ്പെടുത്തലുകളിലൂടെയായിരുന്നു. രണ്ടാം കളിയില്‍ ജംഷഡ്പൂരിനെതിരെ പന്തടക്കത്തില്‍ മുന്നിട്ടുനിന്നെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നിലായി. ഈ മത്സരത്തില്‍ ബര്‍ബറ്റോവിനെ പ്ലേ മേക്കറുടെ റോളിലാണ് ഇറക്കിയത്. മികച്ച സ്‌ട്രൈക്കറായ ബെര്‍ബ മധ്യനിരയില്‍ കളിനിയന്ത്രിക്കാന്‍ അദ്ധ്വാനിച്ചു കൡച്ചെങ്കിലും സഹതാരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല.

അരാട്ട ഇസുമിയും മലയാളി താരം സി.കെ. വിനീതും അവസരത്തിനൊത്തുയരാത്തതായിരുന്നു ഇതിന് കാരണം. മധ്യനിരയില്‍ കറേജ് പെക്കൂസണ്‍ മികച്ച കളി പുറത്തെടുക്കുന്നുണ്ട്. സ്‌ട്രൈക്കറായി എത്തിയ ഇയാന്‍ ഹ്യൂമും പരാജയമായി. ഈ മത്സരത്തിലും റെച്ചൂബ്കയുടെ ഉജ്ജ്വല രക്ഷപ്പെടുത്തലുകളാണ് തോല്‍വിയില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചത്. മോശം പ്രകടനം കാരണം ക്ഷമനശിച്ച ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സിനെ കൂവിവിളിക്കാന്‍ വരെ തയ്യാറാവുകയും ചെയ്തു. ഇന്ന് മുംബൈ സിറ്റിക്കെതിരെ ഇറങ്ങുമ്പോള്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഗോളും വിജയവും ബ്ലാസ്‌റ്റേഴ്‌സിന് അത്യാവശ്യമാണ്.

ആദ്യ രണ്ട് കളികളിലും പരിക്കുകാരണം ഇറങ്ങാതിരുന്ന ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും പ്രതിരോധനിരതാരം വെസ് ബ്രൗണ്‍ ഇറങ്ങുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഒരു വിദേശ കളിക്കാരന്‍ പുറത്തിരിക്കേണ്ടിവരും. അത് ആരായിരിക്കുമെന്ന് കണ്ടറിയണം. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി 4-2-3-1 എന്ന ശൈലി മാറ്റാനും സാധ്യതയുണ്ട്. പകരം 4-4-2 രീതിയായിരിക്കും അവലംബിക്കുക. അങ്ങനെ വന്നാല്‍ ഹ്യൂമിനൊപ്പം ബെര്‍ബറ്റോവിനെയും സ്‌ട്രൈക്കറായി അണിനിരത്താം. ഇത് എതിരാളികളുടെ സമ്മര്‍ദ്ദം കൂട്ടും. രണ്ട് ലോകോത്തര താരങ്ങളെ ഗോളടിക്കാനായി വിട്ടാല്‍ ആരെ പൂട്ടണമെന്നതില്‍ എതിരാളികള്‍ക്ക് ആശങ്കയുണ്ടാവുകയും ചെയ്യും. അങ്ങനെയായാല്‍ ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ ഗോളും കണ്ടെത്താന്‍ കഴിഞ്ഞേക്കും.

മറുവശത്ത് മുംബൈ സിറ്റി തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. മൂന്ന് കളികളില്‍ രണ്ടെണ്ണവും തോറ്റ അവര്‍ പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. ആദ്യ കളിയില്‍ ബെംഗളൂരു എഫ്‌സിയോട് 2-0ന് തോറ്റുതുടങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ എഫ്‌സി ഗോവയെ 2-1ന് തോല്‍പ്പിച്ചു. എന്നാല്‍ മൂന്നാം കളിയില്‍ നാട്ടുകാരായ പൂനെ സിറ്റിയോട് 2-1ന് തോല്‍ക്കുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ മുന്നേറണമെങ്കില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെതിരെ വിജയം അനിവാര്യമാണ്. ബ്രസീലിയന താരങ്ങളാല്‍ സമ്പന്നമാണ് മുംബൈഎ നിര. എവര്‍ട്ടണ്‍ സാന്റോസ്, തിയാഗോ സാന്റോസ്, ലിയോ കോസ്റ്റ, മാര്‍കോ റൊസാരിയോ, വൈസ് ക്യാപ്റ്റന്‍ ജെര്‍സണ്‍ വിയേര എന്നിവര്‍ ടീമിലെ കാനറി അംഗങ്ങള്‍.

പ്രതിരോധത്തില്‍ റുമാനിയന്‍ താരവും ടീം നായകനുമായ ലൂസിയോ ഗോയിന്‍, മധ്യനിരയില്‍ കാമറൂണില്‍ നിന്നുള്ള അചിലെ എമാന, മുന്നേറ്റനിരയില്‍ സ്പാനിഷ് താരം റാഫ ജോര്‍ദയും ഉള്‍പ്പെടുന്നു. എങ്കിലും ചില പ്രശ്‌നങ്ങള്‍ മുംബൈ നിരയിലുണ്ട്. പന്ത് കൈവശംവച്ചു കളിക്കുന്നതില്‍ അവര്‍ പിന്നിലാണ്. അതേപോലെ അവസരങ്ങള്‍ മുതലാക്കുന്നതിലും സ്‌ട്രൈക്കര്‍മാര്‍ പലപ്പോഴും പരാജയപ്പെടുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുംബൈ ഇന്ന് കളത്തിലിറങ്ങിയാല്‍ ബ്ലാസ്‌റ്റേഴ്‌സ് വിഷമിക്കുമെന്ന് ഉറപ്പ്.

എന്തായാലും ആദ്യ വിജയവും ആരാധകരെ തൃപ്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ മഞ്ഞക്കടലിരമ്പുന്ന സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സും കഴിഞ്ഞ മത്സരത്തിലെ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയത്തിലേക്കെത്താന്‍ മുംബൈ സിറ്റിയും കച്ചമുറുക്കുമ്പോള്‍ മികച്ച ഫുട്‌ബോള്‍ പോരാട്ടം പ്രതീക്ഷിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.