ഹജ്ജ്‌ യാത്രയ്ക്കു വേണ്ടി തിരു-ഷാര്‍ജ വിമാനം റദ്ദാക്കി

Saturday 22 September 2012 9:58 pm IST

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ നിന്നും ഹജ്ജ്‌ യാത്രക്കാരെ കൊണ്ടുപോകാന്‍ തിരുവനന്തപുരം ഷാര്‍ജാ എയര്‍ ഇന്ത്യാ എക്സ്പ്രസ്‌ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇത്‌ യാത്രക്കാരെ നന്നായി വലച്ചു. രാവിലെ 8.45ന്‌ പുറപ്പെടേണ്ട വിമാനമാണ്‌ റദ്ദാക്കിയത്‌. വിമാനത്തില്‍ പോകുന്നതിനായി പുലര്‍ച്ചെ നാല്‌ മണിക്ക്‌ എത്തിയപ്പോഴാണ്‌ വിമാനം റദ്ദാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നത്‌. രോഗികളും കൈക്കുഞ്ഞുങ്ങളടക്കമുള്ളവര്‍ യാത്രക്കാരായി ഈ വിമാനത്തില്‍ പോകാനായി ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്തിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹജ്ജ്‌ തീര്‍ത്ഥാടകരെ കൊണ്ടു പോകുന്നതിനാണ്‌ വിമാനം റദ്ദാക്കിയതെന്ന്‌ എയര്‍ഇന്ത്യ വക്താവ്‌ തന്നെയാണ്‌ വെളിപ്പെടുത്തിയത്‌. എന്നാല്‍ കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ മാത്രമാണ്‌ ഇങ്ങനെ റദ്ദാക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളിലെ സര്‍വീസുകള്‍ റദ്ദാക്കപ്പെടുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു. വിമാനം റദ്ദാക്കിയത്‌ സംബന്ധിച്ച്‌ പരാതിപ്പെട്ടവരോട്‌ എയര്‍ഇന്ത്യ മോശമായി പെരുമാറിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.
വിഷയത്തില്‍ ഇടപെട്ട മന്ത്രി കെ.സി.ജോസഫ്‌ എയര്‍ഇന്ത്യ കേരളത്തോട്‌ തികഞ്ഞ അവഗണനയാണ്‌ കാണിക്കുന്നതെന്ന്‌ കുറ്റപ്പെടുത്തി. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഇതിനു മുമ്പും കേരളത്തില്‍ നിന്നുള്ള വിമാനം റദ്ദാക്കുന്നത്‌ എയര്‍ ഇന്ത്യ ഹോബി പോലെയാണ്‌ കാണുന്നത്‌. നിരക്കു വര്‍ധനയും അന്യായമാണ്‌. ഇതിലെല്ലാം അമര്‍ഷം ഉയരുമ്പോഴാണ്‌ പുതിയ വിവാദത്തിന്‌ തുടക്കമിട്ട്‌ ഷാര്‍ജ വിമാനവും പിന്‍വലിച്ചത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.