പെരുമ്പാവൂരില്‍ ഉറവിട മാലിന്യസംസ്ക്കരണ യൂണിറ്റുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി

Saturday 22 September 2012 10:28 pm IST

പെരുമ്പാവൂര്‍: പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാതെ ശുചിത്വസുന്ദര കേരളം ലക്ഷ്യംവെച്ചുകൊണ്ട്‌ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച മാലിന്യസംസ്കര ണ പദ്ധതിയുടെ യൂണിറ്റുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. പെരുമ്പാവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന ഉറവിടമാലിന്യ സംസ്കരണ യൂണിറ്റുകളുടെ പ്രദര്‍ശനം കാണുവാന്‍ നിരവധിപേരാണ്‌ എത്തിയത്‌. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മേല്‍നോട്ടത്തില്‍ ഐആര്‍ടിസി മുണ്ടൂരാണ്‌ പ്രദര്‍ശനം സംഘടിപ്പിച്ചത്‌. ഈ പദ്ധതി ഓരോ ഭവനത്തിലും പ്രവര്‍ത്തനസജ്ജമാകുന്നതോടെ പെരുമ്പാവൂര്‍ മാലിന്യനിര്‍മാര്‍ജനം 80 ശതമാനത്തോളം വിജയകരമാകുമെന്ന്‌ നഗരസഭാ ചെയര്‍മാന്‍ കെ.എം.എ. സലിം പറഞ്ഞു.
വാര്‍ഡ്‌ സഭകള്‍ വഴി നഗരസഭക്കുള്ളിലെ ഓരോ ഭവനത്തിലും മാലിന്യനിര്‍മാര്‍ജന യൂണിറ്റുകള്‍ എത്തിക്കുമെന്നും ഇതിനായി ഓരോരുത്തര്‍ക്കും 75 ശതമാനം സബ്സിഡി അനുവദിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. കഡാരി, സോളിയോ എകണോമിക്സ്‌, എവര്‍ഗ്രീന്‍ മെഷീന്‍, അന്ത്യോദയ, ഗ്രീന്‍ലാന്റ്‌, റെയ്ഡ്കോ, രാജഗിരി ഔട്ട്‌റീച്ച്‌ തുടങ്ങിയ കമ്പനികളുടെ യൂണിറ്റുകളാണ്‌ പ്രദര്‍ശനത്തിനായി ഉണ്ടായിരുന്നത്‌. സ്വന്തം വീടുകളില്‍ ബാക്കിവരുന്നതും ഉപയോഗശൂന്യമാകുന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പഴം, പച്ചക്കറി, മത്സ്യം, മാസം, ചാണകം, അടുക്കള മാലിന്യങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ ജൈവവാതകം, ജൈവവളം, ജൈവകീടനാശിനി എന്നിവ നിര്‍മ്മിക്കാമെന്ന്‌ നിര്‍മ്മാതാക്കള്‍ പറയുന്നു.
4 കിലോഗ്രാം മാലിന്യത്തില്‍നിന്നും 2 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന ഇന്ധനം ഉല്‍പാദിപ്പിക്കാാ‍നാകും. ഏറ്റവും ചെലവ്‌ കുറഞ്ഞ പൈപ്പ്‌ കമ്പോസ്റ്റ്‌ പ്ലാന്റിന്‌ 90 ശതമാനം സബ്സിഡി പ്രകാരം 1000 രൂപക്കാണ്‌ ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നത്‌. ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കാത്ത ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക്‌ മേലില്‍ ലൈസന്‍സ്‌ നല്‍കില്ലെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാപാരി വ്യവസായികളും ഹോട്ടല്‍ ഉടമകളും പങ്കെടുത്തു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.