നഗരത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതിലെ അഴിമതി അന്വേഷിക്കും: മേയര്‍

Saturday 22 September 2012 10:29 pm IST

കൊച്ചി: നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതിലെ അഴിമതിയെക്കുറിച്ച്‌ അന്വേഷിക്കുമെന്നു മേയര്‍ ടോണി ചമ്മണി. പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച സ്വകാര്യ കമ്പനിയില്‍ നിന്ന്‌ ഈടാക്കിയ കുടിശികയെക്കുറിച്ചും അന്വേഷിക്കും. ഇതു സംബന്ധിച്ചു കോര്‍പ്പറേഷന്റെ ധനകാര്യ ടൗണ്‍പ്ലാനിങ്‌ സ്റ്റാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മേയര്‍ കൗണ്‍സിലിനെ അറിയിച്ചു.
സ്വകാര്യ കമ്പനിക്കു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വഴി വിളക്കു പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 58 ലക്ഷം രൂപയ്ക്കാണു കരാര്‍ നല്‍കിയിരുന്നത്‌. കഴിഞ്ഞ മാര്‍ച്ചിനുള്ളില്‍ മുഴുവന്‍ തുകയും അടച്ചു തീര്‍ക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. എന്നാല്‍ ഇതുവരെ പത്തു ലക്ഷം രൂപ മാത്രമേ കമ്പനിയില്‍ നിന്ന്‌ ഈടാക്കിയിട്ടുള്ളുവെന്നു പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സിലില്‍ ആരോപണം ഉന്നയിച്ചിരുന്നു.
പാഴൂര്‍ കുടിവെള്ള പദ്ധതിയുടെ പുരോഗതി സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ 25 നു റിവ്യൂ യോഗം നടത്തും. പദ്ധതി വൈകുന്നതിന്റെ കാരണങ്ങളും പദ്ധതിക്കു വേണ്ടി വെട്ടിപ്പൊളിച്ച റോഡിന്റെ നവീകരണം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു നടപടിയെടുക്കും.
ഫീസ്‌ അടക്കാതെ കൊച്ചി നഗരത്തില്‍ സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്നു മേയര്‍. ഫോര്‍ട്ട്കൊച്ചിയിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന സിനിമാ ചിത്രീകരണങ്ങള്‍ കോര്‍പ്പറേഷന്റെ അനുമതി വാങ്ങാതെയാണെന്ന്‌ കൗണ്‍സില്‍ അംഗം ആന്റണി കുരീത്തറയാണു കൗണ്‍സിലില്‍ പരാതി ഉന്നയിച്ചത്‌. പോലീസ്‌ അനുമതി മാത്രം പോരെന്നും ഇക്കാര്യം പോലീസ്‌ കമ്മിഷണറെ അറിയിക്കണമെന്നും കൗണ്‍സില്‍ തീരുമാനിച്ചു.
കോര്‍പ്പേറഷനിലെ 74 കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ ലാപ്ടോപ്‌ വാങ്ങാന്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്‌. ടെന്‍ഡര്‍ നടപടിയിലൂടെയാണു ലാപ്ടോപ്‌ വാങ്ങേണ്ടത്‌. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. അടുത്ത ആഴ്ച ടെന്‍ഡറിന്‌ അപേക്ഷ ക്ഷണിക്കും.
അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കൂടാന്‍ നഗരത്തില്‍ ക്യാമറ സ്ഥാപിക്കും. ഇതിന്റെ ആദ്യപടിയായി ഇടപ്പള്ളി- മുട്ടാര്‍ പ്രദേശത്തു ക്യാമറ സ്ഥാപിച്ചു. നഗരത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്കു കൂടി ഇതു വ്യാപിപ്പിക്കും. നഗരത്തിലെ കൊതുക്‌ നശീകരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഫോഗിങ്‌, മരുന്നു തളിക്കല്‍ എന്നിവ വ്യാപിപ്പിക്കും. തെരുവ്‌ നായകളുടെ ശല്യത്തിനു എന്‍ആര്‍എച്ച്‌എമ്മിന്റെ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, കൗണ്‍സില്‍ അംഗങ്ങളായ ടി.ജെ. വിനോദ്‌ കുമാര്‍, ലിനോ ജേക്കബ്‌, എ.ജെ. സോഹന്‍, അഡ്വ.എന്‍.എ. ഷഫീഖ്‌, പ്രേമകുമാര്‍, അനില്‍ കുമാര്‍, മുംതാസ്‌ ടീച്ചര്‍, ശ്യാമള. എസ്‌. പ്രഭു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.